പാലക്കാട് മാർക്കറ്റ് റോഡിലെ ശർക്കരക്കടയിൽ ഞാൻ ശർക്കരപ്പൊടി വാങ്ങാൻ നിൽക്കുകയാണ്.
അന്ന് ഇന്നത്തേപ്പോലെ ശർക്കര പൊടിച്ച് കമ്പനിപ്പാക്കറ്റിൽ കിട്ടിത്തുടങ്ങിയിട്ടില്ല.
നല്ല കറുത്ത ശർക്കരയുടെ പൊടിയാണ് എനിക്ക് വേണ്ടത്.
അതായത്, ബ്ലീച്ച് ചെയ്യാത്ത ; നല്ല ശുദ്ധമായ അസ്സൽ ശർക്കര.
‘എനിക്കും വേണം’ എന്ന്,
ശാന്തമായി,
പറയാതെ പറഞ്ഞ് പീടികയിലേയ്ക്ക് കടന്നുവന്ന കാളക്കൂറ്റന്
കടക്കാരൻ രണ്ട് അച്ച് ശർക്കര കൊടുത്തു.
അത് തിന്ന്,
കാളക്കൂറ്റൻ അടുത്ത കടയിലേയ്ക്ക്,
തന്റെ സ്ഥിരം പങ്ക് വാങ്ങാൻ നടന്നു.
ഈ പാരസ്പര്യത്തിൽ ആകൃഷ്ടനായ ഞാൻ ചോദിച്ചു.
“ഇതാരടെ കാളയാ ?”
അദ്ദേഹം പറഞ്ഞു.
“ആരുടേയുമല്ല.
മാർക്കറ്റ് കാളയാണ്.”
‘ആരുടേതുമല്ലാത്ത ഒരു കാളയോ !’ എന്ന അത്ഭുതം എന്നിലുണ്ടായി.
തെരുവുനായ എന്നൊക്കെ പോലെ തെരുവുകാളയോ !?
അദ്ദേഹം എന്റെ അറിവില്ലായ്മയിൽ ചന്തയുടെ ചരിത്രം നിറച്ചു.
അതായത്,
ഇതൊരു നേർച്ചയാണ്.
വഴിപാടായി , മാർക്കറ്റിലേയ്ക്ക് ആൾക്കാർ വിടുന്നതാണ് ഈ കാളയെ .
മാർക്കറ്റിൽ ആര് പുതിയ ഷോപ്പ് തുടങ്ങിയാലും;
വഴിപാടായി ,
ഒരു കാളയെ മാർക്കറ്റിൽ ഇറക്കും.
കച്ചവടത്തിന്റെ അഭിവൃദ്ധിക്കും മാർക്കറ്റിന്റെ ഉയർച്ചയ്ക്കുമൊക്കെ ആയിട്ടാണ് ഈ മാർക്കറ്റ് കാളയെ ചന്തയിലിറക്കൽ.
എന്ത് സുന്ദരമായ ആചാരം!
കാളകളെ വളർത്തൽ അത്ര എളുപ്പമല്ല.
പ്രത്യേകിച്ച്,
ലക്ഷണമൊത്ത വിത്തുകാളകളെ.
അവരെ ശക്തികൊണ്ട് കീഴ്പ്പെടുത്താനാവില്ല.
അക്രമകാരിയാകുന്നത് ഇണചേരാനുള്ള മത്സരത്തിൽ.
കെട്ടിയിട്ട് വളർത്തൽ ഒട്ടും പ്രായോഗികമല്ല.
എന്നാൽ ;
നല്ലതും ശക്തവും ആരോഗ്യമുള്ളതും
തനത് ഇനത്തിന്റേതും
ആയ കുഞ്ഞുങ്ങൾ ഉണ്ടായി, പശുസമ്പത്ത് അനുസ്യൂതം വളരാൻ കാളകൾ വേണംതാനും.
അപ്പോൾ, കെട്ടിയിട്ടാൽ ആക്രമണസ്വഭാവം കൂടുന്ന ഇവരെ , സ്വതന്ത്രരായി വിടാൻ ഒരു ആചാരം.
പുളപ്പായ പശുക്കളെ ഇവർതന്നെ കണ്ടെത്തി, സ്വാഭാവികമായി ഇണചേർന്ന്, സത്സന്താനങ്ങളെ ജനിപ്പിച്ചുകൊണ്ടുമിരിക്കും.
അതുകൂടാതെ,
മാർക്കറ്റിന്, മാലിന്യസംസ്ക്കരണം എന്ന വലിയൊരു തലവേദന ഒഴിവാകുകയും ചെയ്യും.
പച്ചക്കറിയുടെ ബാക്കിയായവയും
ഉപയോഗിക്കാൻ പറ്റാത്ത വാഴയിലയും
കായക്കുല പൊതിഞ്ഞുവന്ന ഇലയും
കായക്കുലയുടെ ബാക്കിയും
താഴെ വീണ പിഞ്ച് പച്ചക്കറികളുംതൊട്ട് വിൽക്കാനാവാത്തതെല്ലാം സുഭിക്ഷമായി തിന്ന്, കാള,
പെരുംകാളയായി മാറുകയും ചെയ്യും.
ആർക്കും ചേതമില്ലാത്തൊരു ഉപകാരം!
മണ്ണ് ദേവതയായിരുന്നു
കൃഷിക്കാരന്.
കൃഷിക്കാരന് സമൂഹത്തിൽ ബഹുമാനം കിട്ടിയിരുന്നു.
വിഷം എന്ന ഒന്ന് കൃഷിയിലോ ഭക്ഷണത്തിലോ ഇല്ലായിരുന്നു.
വിഷമടിച്ച് കീടങ്ങളെ നിയന്ത്രിക്കൽ ഇല്ലായിരുന്നു.
രാസവളങ്ങളാൽ ചെടികളെ മേദസ്സുറ്റവരാക്കിയിരുന്നില്ല.
സൃഷ്ടിക്കുന്നതെല്ലാം ദേവതകൾക്കുവേണ്ടി എന്നൊരു സമർപ്പണമുണ്ടായിരുന്നു.
കഴിക്കുന്ന ഓരോ വറ്റും അകത്തെ അന്നപൂർണ്ണേശ്വരിയ്ക്കുള്ള നേദ്യമാണെന്ന സങ്കല്പമുണ്ടായിരുന്നു.
ഭക്ഷണത്തിൽ വിഷം കലർത്തുന്നവന്റെ കുലം മുടിയുമെന്ന വിശ്വാസമുണ്ടായിരുന്നു.
അടുക്കള എന്നത് വീടെന്ന ക്ഷേത്രത്തിലെ ഊട്ടുപുരയാണെന്ന സത്യമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ, അടുക്കളയിൽ, പ്രകൃതിദത്തമല്ലാത്തതിനൊന്നും പ്രവേശനവുമുണ്ടായിരുന്നില്ല.
അതായത്,
പറഞ്ഞുവന്നത്,
മാർക്കറ്റിലെ
ജൈവവും
മായമില്ലാത്തതും
വിഷം കലരാത്തതുമായ
ബാക്കികൾ കഴിച്ചാൽ ഒരു കാളയും ഫുഡ് പോയ്സൺ അടിച്ച് ചാവുമായിരുന്നില്ല.
ശുക്ലത്തിലെ ബീജത്തിന്റെ കൗണ്ടിലോ മൊബിലിറ്റിയിലോ കുറവോ ക്ഷീണമോ വരുമായിരുന്നില്ല.
കാള ചവുട്ടിയുണ്ടാകുന്ന കുട്ടികളെല്ലാം
അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ബാധിക്കാത്ത ചുണക്കുട്ടികളുമായിരുന്നു.
പറഞ്ഞുവന്നത് കാളയേപ്പറ്റിത്തന്നെയാണ്.
സാമ്യങ്ങൾ ആർക്കും എടുക്കാമെന്നു മാത്രം.
Picture- from internet