അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
നവരാത്രി അഞ്ചാംനാൾ- സ്കന്ദമാതാദേവി
October 25, 2024 90 No Comments

ഇച്ഛാശക്തി,ജ്ഞാനശക്തി, ക്രിയാശക്തി എന്നീ മൂന്ന് ഭാഗങ്ങളിൽ കൂഷ്മാണ്ഡാദേവിയും കടന്ന്, നവരാത്രിദിനങ്ങൾ അഞ്ചിലെത്തുമ്പോൾ; ദേവിയുടെ ഭാവം സ്കന്ദമാതാ എന്നതാണ്.

സ്കന്ദൻ എന്നത് സുബ്രഹ്മണ്യൻ.
ആറ് മുഖങ്ങളുള്ള മകനെ മടിയിലിരുത്തി, വലംകൈകൊണ്ട് അരുമയായി പിടിച്ച്, സിംഹപ്പുറത്തിരിക്കുന്ന ദേവിയാണ് സ്കന്ദമാതാ .

ദേവിയുടേയും സുബ്രഹ്മണ്യന്റേയും കഥയിലേയ്ക്ക് ഒന്ന് പോയിവരാം.

അതിശക്തനും അഹങ്കാരിയുമായ താരകാസുരൻ ബ്രഹ്മാവിനെ തപസ്സുചെയ്ത് പ്രത്യക്ഷപ്പെടുത്തിയശേഷം, മരണമില്ലാത്തവനായിരിക്കാനുള്ള വരം ചോദിച്ചു.
ജനിച്ചാൽ മരണം സുനിശ്ചിതമാണെന്ന് പറഞ്ഞ ബ്രഹ്മാവിനോട്, താരകാസുരൻ, തന്ത്രപരമായി, വരം മാറിച്ചോദിച്ചു.

സതിയുടെ ജീവത്യാഗത്തോടെ വൈരാഗിയായി മാറിയ ശിവൻ കൊടുംതപസ്സിലാണെന്ന് താരകാസുരന് അറിയാം.
ഇനി, ഒരു സ്ത്രീയുടെ നേരെ ശിവൻ നോക്കുകപോലുമില്ല എന്നും അസുരന് ഉറപ്പാണ്.

താരകാസുരൻ വരം ചോദിച്ചു.

“എങ്കിൽ, ശിവഭഗവാന് ജനിക്കുന്ന മകനായിരിക്കണം എന്നെ കൊല്ലുന്നത്.”
ചുരുക്കത്തിൽ,
മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുതന്നെ.

ബ്രഹ്മാവ് വരം നൽകി അനുഗ്രഹിച്ചു.

അന്നുമുതൽ താരകാസുരൻ ലോകത്തിനുമുഴുവൻ തലവേദനയായി മാറി.

അപ്പോഴേയ്ക്കും; സതി, ഹിമവാന്റെയും മേനയുടേയും മകളായി, പാർവ്വതി എന്ന പേരിൽ പുനർജ്ജനിച്ചിരുന്നു.

ഇന്ദ്രൻ അപേക്ഷിച്ച്, നാരദൻ ചെന്ന്, പാർവ്വതിയോട് ശിവനേപ്പറ്റി പറഞ്ഞു.

പാർവ്വതിക്ക് ശിവനെ ഭർത്താവായി ലഭിക്കാൻ ആഗ്രഹമായി.
പാർവ്വതി
തപസ്സ് തുടങ്ങി.

ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട്, തപസ്സ് തുടരാൻ പാർവ്വതിയോട് ആവശ്യപ്പെട്ടു.

പല അസുരൻമാരും ദേവിയുടെ തപസ്സ് മുടക്കാൻ ശ്രമിച്ചെങ്കിലും; നടന്നില്ല.

ഒടുവിൽ, ശിവൻ പാർവ്വതിയുടെ ദൃഢനിശ്ചയത്തിൽ സംപ്രീതനായി. സതിയുടെ പുനർജ്ജൻമമാണ് പാർവ്വതി എന്നറിഞ്ഞതും; വിവാഹത്തിനും തയ്യാറായി.

ശിവ- പാർവ്വതിമാരുടെ വിവാഹം കഴിഞ്ഞു.

ഏറ്റവും ഉത്തമനായ ഒരു മകന്റെ സൃഷ്ടിക്കുമുമ്പ്, ശിവൻ അനുഷ്ഠിച്ച തപസ്സ് മുടക്കാനും അസുരൻമാർ ശ്രമിച്ചു.
എന്നാൽ, അവിടെയും അവർ പരാജയപ്പെട്ടു.

ഒടുവിൽ, പരമശിവന്റെ ഊർജ്ജവും
പാർവ്വതിയുടെ ശക്തിയും ചേർന്ന അഗ്നിബീജം സൃഷ്ടിക്കപ്പെട്ടു.

ഇന്ദ്രന്റെ നിർദ്ദേശപ്രകാരം ഈ അഗ്നിസ്ഫുലിംഗത്തെ അഗ്നിഭഗവാൻ ഏറ്റുവാങ്ങി.

എന്നാൽ, ചൂട് സഹിക്കാനാവാതെ, അഗ്നിഭഗവാൻ ഇത് ഗംഗയിൽ നിക്ഷേപിച്ചു.

ചൂടിനാൽ തിളച്ചുമറിഞ്ഞ ഗംഗ, ഈ അഗ്നിയെ ശരവണപ്പൊയ്കയിൽ നിക്ഷേപിച്ചു.

ശരവണപ്പൊയ്കയിൽ, ആറ് താമരകളിലായി ആറ് കുഞ്ഞുങ്ങൾ ജനിച്ചു എന്നും ; കൃത്തികകൾ എന്നറിയപ്പെട്ട ആറ് സ്ത്രീകൾ, ഈ ആറ് കുഞ്ഞുങ്ങളെ എടുത്ത് ലാളിച്ചു എന്നും ഒരു കഥ.

ശരവണപ്പൊയ്കയിൽ ജനിച്ച കുഞ്ഞിനെ ആറ് കൃത്തികകൾ ഒരുപോലെ, വാത്സല്യത്തിൽ നോക്കിയപ്പോൾ; എല്ലാവരേയും അതുപോലെ, തിരിച്ചും, ചിരിച്ചുനോക്കാൻ
കുഞ്ഞിന് ആറ് തലകൾ ഉണ്ടായി എന്നും മറ്റൊരു കഥയുമുണ്ട്.

കൃത്തികകൾ എടുത്തുലാളിച്ചതിനാൽ, കാർത്തികേയൻ എന്നും ;
ശരവണപ്പൊയ്കയിൽ ഉണ്ടായതിനാൽ, ശരവണൻ എന്നും
സുബ്രഹ്മണ്യന് പേര് വന്നു.

ആറ് മുഖം ഉള്ളതിനാൽ,
ആറുമുഖൻ എന്നും
ഷഡാനനൻ എന്നും
ഷൺമുഖൻ എന്നും പേര്.

കുഞ്ഞ് ജനിച്ചതറിഞ്ഞ പാർവ്വതി,ആറ് കുഞ്ഞുങ്ങളെയും ചേർത്ത് എടുത്തപ്പോൾ ആ ആറ് ദേഹങ്ങൾ ഒന്നായിമാറി.

സുബ്രഹ്മണ്യന്റെ ആറ് തലകൾ ആറ് ശാസ്ത്രങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം.

ആറ് ശാസ്ത്രങ്ങളുടെ അധിപനാണ് മുരുകൻ.
ദേവസൈന്യാധിപനാണ്.
കയ്യിൽ ശൂലം. ഇരിക്കുന്നത്, ‘പരവാണി ‘ എന്ന മയിലിന്റെ പുറത്ത്.

ലോകത്തിന് മുഴുവൻ ശല്യമായിമാറിയ താരകാസുരനെ വധിക്കാൻവേണ്ടി ജനിച്ച സ്കന്ദനെ മടിയിലിരുത്തിയ മാതാവാണ് സ്കന്ദമാതാ.

‘അമ്മേ ‘ എന്ന് വിളിക്കുന്ന ഏതൊരാൾക്കും ദേവി മാതാവാണ്.

മകനെ അമ്മ വലംകയ്യാൽ വാത്സല്യത്തോടെ ചേർത്തുപിടിച്ചിരിക്കുന്നു.
ഒരു കൈ , ആശ്രയം ചോദിച്ച് വരുന്നവർക്ക് അഭയംനൽകുന്ന അഭയമുദ്രയിൽ.
രണ്ട് കൈകളിൽ താമരപ്പൂക്കൾ.
ഇങ്ങനെ നാല് കൈകൾ.
ദേവിക്ക് മൂന്ന് കണ്ണുകൾ.

അമ്മയെ പൂജിച്ചാൽ, അത് മകനുള്ളതുകൂടിയായി മാറുന്നതിനാൽ;
ഈ ദേവിയെ പൂജിയ്ക്കുന്നവർക്ക് മുരുകന്റെ അനുഗ്രഹവും കൂടി ലഭിക്കുന്നു.

സുബ്രഹ്മണ്യന് ഇഷ്ടമുള്ളതുതന്നെയാണ് അമ്മയ്ക്കും ഇഷ്ടം.
മഞ്ഞവസ്ത്രം,
വാഴപ്പഴം,
പശുവിൻപാൽ എന്നിവയാണ് മകനും അമ്മയ്ക്കും ഇഷ്ടം.

സംഭവിക്കാൻ പോകുന്ന യുദ്ധത്തിൽ, ധർമ്മപക്ഷത്തെ നയിക്കാനായി വളർന്നുവരുന്ന കുഞ്ഞായതിനാലാവാം;
പൂജയിൽ ഈ ദേവിയ്ക്ക് ചുവന്ന പൂക്കളോട് ഇഷ്ടക്കൂടുതലുണ്ട്.

സ്കന്ദമാതാവിനെ ആരാധിക്കുന്നവർക്ക് ഇന്ദ്രിയങ്ങളിലും മനസ്സിലും നിയന്ത്രണം വരുന്നു.
ലൗകികബന്ധനങ്ങളിൽനിന്നും അവർ മോചിതരാകുന്നു.
ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറുന്നു.
സർവ്വ ഐശ്വര്യവും ലഭിക്കുന്നു.

കോപം എന്ന ഊർജ്ജത്തെ ഗുണകരമാക്കിമാറ്റാൻ ഈ അമ്മ പഠിപ്പിക്കുന്നു.
ശാന്തമാണ് ; എന്നാൽ, യുദ്ധത്തിനായി വളർന്നുവരുന്ന മകനെ ലാളിക്കുന്നവളുമാണ്.

പുറത്ത്, പ്രകൃതിയിൽ ഒരു സ്കന്ദമാതാ ഉണ്ടെങ്കിൽ ;
നമ്മുടെ അകത്തെ പ്രകൃതിയിലും അവളുണ്ടായേ തീരൂ.
ബ്രഹ്മാണ്ഡമുണ്ടെങ്കിൽ പിണ്ഡാണ്ഡവുമുണ്ട്.

നമ്മുടെ ശരീരത്തിൽ, തൊണ്ടഭാഗത്ത് ഉള്ളതായ വിശുദ്ധിചക്രത്തിലാണ് സ്കന്ദമാതാവിൻ്റെ സ്ഥാനം.

ഉദാനപ്രാണന്റെ ആരംഭബിന്ദുവത്രേ വിശുദ്ധിചക്രം.

നമ്മൾ ശ്വസിക്കുമ്പോൾ, ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്നത് ഈ പ്രാണന്റെ പ്രവർത്തനത്താലാണത്രേ.
( ശിവൻ പാലാഴിമഥനസമയത്ത് വിഷം കഴിച്ചപ്പോൾ, ആ വിഷം കഴുത്തിൽവെച്ച് നിർവ്വീര്യമായ കഥ ഓർക്കുക.)
വിശുദ്ധിചക്രം ഉണർന്ന ഒരാൾക്ക്, മനസ്സിലും ചിന്തയിലും ശരീരത്തിലും പ്രവൃത്തിയിലും ആ വിശുദ്ധത ഉണ്ടാകും.

ദീർഘമംഗല്യത്തിനും സന്താനസൗഭാഗ്യത്തിനും ഈ ദേവതയെ ആരാധിക്കാൻ ജ്യോതിഷം പറയുന്നു.
ചൊവ്വാദോഷം മാറാനും ഈ ദേവതയെ പൂജിച്ചാൽ മതിയത്രേ.
സൂര്യനെ നിയന്ത്രിക്കുന്ന ദേവതകൂടി ആയതിനാൽ ആദിത്യദോഷം മാറാനും സ്കന്ദമാതാ പ്രാർത്ഥന നല്ലത്.
സൂര്യനെ നിയന്ത്രിക്കുന്നവളാകയാൽ;
ത്വക്‌രോഗം, ഹൃദയരോഗങ്ങൾ എന്നിവയുടെ ശമനത്തിനും സ്കന്ദമാതാജപം നല്ലത്.

വിശുദ്ധിചക്രം ഉണർന്നവർ വാക്സാമർത്ഥ്യമുള്ളവരായിരിക്കും.
നേതൃത്വപാടവമുള്ളവരായിരിക്കും.
ജ്ഞാനമുള്ളവരായിരിക്കും.
ഈ വാക്സാമർത്ഥ്യത്തോടൊപ്പം ദേവതാനുഗ്രഹംകൂടി നേടിയാൽ, ലോകത്തിനെ, ഒരു ധർമ്മയുദ്ധത്തിലൂടെ നൻമയിലേയ്ക്ക് നയിക്കാൻ ഇവർക്കാകും.
അനുഗ്രഹം നേടാത്തവർ അവരുടെ നേതൃത്വപാടവവും വാക്ധോരണിയുംകൊണ്ട് ഈ ലോകം നശിപ്പിക്കാനിറങ്ങുകയും ചെയ്യും.
യുദ്ധം രണ്ടുണ്ട്.
താരകാസുരൻ നയിച്ച അധാർമ്മികയുദ്ധവും
സുബ്രഹ്മണ്യൻ നയിച്ച ധർമ്മയുദ്ധവും.
ഇതിൽ, ധർമ്മയുദ്ധത്തിൽ, ദേവപക്ഷത്ത് നിലയുറപ്പിക്കാൻ
ഈ ദേവതാനുഗ്രഹം സഹായിക്കുന്നു.

ഉത്തർപ്രദേശിലെ കാശിയിലെ (ബനാറസ് അഥവാ വാരണാസി )
ജയ്ത്പുരയിൽ സ്കന്ദമാതാക്ഷേത്രമുണ്ട്.
പരിസരവാസികൾ അശ്വാരൂഢ എന്നും
വാഗ്വീശ്വരി എന്നുമൊക്കെയാണ് ഈ ദേവിയെ വിശേഷിപ്പിക്കുന്നത്.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.