അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ജോയ് മ്യൂസിക്
January 17, 2025 34 No Comments

കസ്തൂരിമാൻമിഴി മലർശരമെയ്തു

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ

സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ

ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ

എൻ സ്വരം പൂവിടും ഗാനമേ ..

തെച്ചിപ്പൂവേ മിഴി തുറക്കൂ തേനുണ്ണാൻ വന്നൂ കാമുകൻ

കുങ്കുമ സന്ധ്യകളോ

ഒരിക്കലെങ്കിലും ഈ പാട്ടുകൾ കേട്ടവർ ആ വരികൾ ഓർത്താൽത്തന്നെ ചാർജ്ജാവും !
പ്രായമായവർക്ക്, ഒരു പത്ത് വയസ്സെങ്കിലും കുറയും!

പരമ്പരാഗത സംഗീതവഴികളിലൂടെ നടന്നുശീലിച്ച മലയാളിയെ, ആധുനികസംഗീതത്തിൽ ആറാടിച്ച സംഗീതസംവിധായകനായിരുന്നു കെ.ജെ ജോയ്.
എന്നാൽ, ക്ലാസിക് രീതികളെ ഒട്ടും വേണ്ടെന്ന് വെച്ചിട്ടുമില്ലാ.

നിൽക്കുന്ന മണ്ണിന്റെ പാരമ്പര്യം,
സംഗീതലോകത്തിലെ ആധുനികതയെ അനുനിമിഷം പുതുക്കിയെടുക്കുന്ന വിപ്ലവം…
ഇതായിരുന്നു കെ ജെ ജോയ്.

തൃശ്ശൂരിലെ നെല്ലിക്കുന്ന് എന്ന സ്ഥലം മലയാളസിനിമയ്ക്ക് നൽകിയ പ്രതിഭകളാണ്
ജോൺസണും
കെ.ജെ ജോയിയും.

‘ജോൺസന്റെ കുഴിമാടം ഒന്ന് സന്ദർശിക്കണം’ എന്ന്, റാഷി ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു;
“ഞാനും വരാം.
കുഴിമാടത്തിൽ ചെല്ലുക, നമസ്ക്കരിക്കുക
നിന്റെ ദേഹത്തേയ്ക്ക് വേഗമങ്ങ് കയറാൻ പറയുക.
ബാക്കിവെച്ചതെല്ലാം പൂർത്തിയാക്കാൻ ഈ ശരീരം എടുത്തോളാൻ പറയുക.”

ഞാനിത് തമാശയ്ക്ക് പറഞ്ഞതല്ല.
എന്നാൽ, പറഞ്ഞതിന്റെ ഗൗരവഭാഗങ്ങളിലേയ്ക്ക് മനസ്സത്ര കടന്നിട്ടുമല്ല പറഞ്ഞത്.

ആ പറഞ്ഞതിനെപ്പറ്റി ഇപ്പോൾ ഓർക്കുമ്പോൾ തോന്നുന്നു;
തൃശ്ശൂരിലെ നെല്ലിക്കുന്ന് എന്ന സ്ഥലത്ത്, സംഗീതത്തിന്റെ ഏതോ ദേവതയുടെ മൂലസ്ഥാനം മറഞ്ഞുകിടപ്പുണ്ട്.

‘ദിവ്’ എന്നതിൽനിന്നാണ് ‘ദേവത’ എന്ന വാക്കുണ്ടായത് എന്ന് പറഞ്ഞുതന്നത് സ്വാമി അഭിനവ ബാലാനന്ദ ഭൈരവനാണ്.
‘ദിവ്’ എന്നാൽ ദ്യോതിപ്പിക്കൽ.
സൂചിപ്പിക്കൽ, പ്രകാശിക്കൽ
ഒരു മിന്നായം പോലെ തെളിയൽ എന്നൊക്കെ അർത്ഥം എടുക്കാം.
മിന്നാമിന്നി മിന്നിക്കൊണ്ട് തന്റെ സാന്നിദ്ധ്യം കാണിക്കും പോലെ എന്ന് സാരം.

ഈ സംഗീതദേവത തന്റെ സാന്നിദ്ധ്യം ഇത്തരം ആൾക്കാരിലൂടെയാണ് മിന്നി മിന്നി സൂചിപ്പിക്കുന്നത്.

ഒരുപക്ഷേ റാഷി ഒന്ന് ഉള്ളിൽ തട്ടി വിളിച്ച്, ആ മണ്ണിൽ നമസ്ക്കരിച്ചാൽ; ദേവതതന്നെ അവന്റെകൂടെ പോന്നെന്നു വരും.

ഒരുകാലത്ത് ഭാരതത്തിൽ അക്കോർഡിയൻ വായിക്കുന്ന വളരെ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളൂ.
അതിൽ ഒരാളായിരുന്നു കെ ജെ ജോയ്.
അഥവാ ; സിനിമാരംഗത്തെ ഏറ്റവും പ്രഗത്ഭരിൽ, രണ്ടുപേരിൽ ഒരാൾ !
RD ബർമ്മൻ പലപ്പോഴും കെ.ജെ ജോയിയെയാണ് അക്കോർഡിയൻ വായിക്കാനായി വിളിച്ചിരുന്നതത്രേ.
പിന്നെപ്പിന്നെ എല്ലാവർക്കും കെ ജെ ജോയ് മാത്രം മതി എന്നായത്രേ!

ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീ ബോർഡ് ഉപയോഗിച്ച് സംഗീതം ചെയ്ത ആൾ കെ ജെ ജോയ് ആണത്രേ.
മലയാളത്തിലെ ഏറ്റവും ലക്ഷണമൊത്ത ഖവാലി എന്ന് പറയാവുന്ന ‘സ്വർണ്ണമീനിന്റെ ചേലൊത്ത’ എന്ന പാട്ടടക്കം ഒരു പാട്ടിനും ശ്രീ ജോയ് ഓർക്കസ്ട്രേഷന് സഹായികളെ വെച്ചിരുന്നില്ല.

അന്ന്, ആർ കെ ശേഖറിന്റെ കയ്യിൽ മാത്രമുണ്ടായിരുന്ന; വില കൂടിയതും ആധുനികമായതുമായ കീ ബോർഡ്,
കെ ജെ ജോയിയും വിദേശത്തുനിന്ന് വരുത്തി സ്വന്തമാക്കുന്നു.
മ്യൂസിക് കണ്ടക്ടറായിരുന്ന ആർ കെ ശേഖറിന്റെ ഈ കീ ബോർഡ്, അദ്ദേഹത്തിന്റെ തിരക്കുകാരണം കിട്ടാത്തതിനാൽ വിഷമിക്കുന്നവർക്കു വേണ്ടി, അങ്ങനെ, കെ ജെ ജോയി അത് വരുത്തുന്നു.
തുടർന്ന്, സംഗീതസംവിധാനം കൂടാതെ, ഇത് വാടകയ്ക്ക് കൊടുക്കുന്ന സംവിധാനവും തുടങ്ങുന്നു.
അങ്ങനെയങ്ങനെ
മലയാളത്തിലെ ആദ്യത്തെ ടെക്നോ മ്യൂസിഷ്യൻ എന്നറിയപ്പെട്ടു.

ഒരുകാലത്ത്, തെന്നിന്ത്യയിലെ ഏറ്റവും ധനികനായിരുന്ന സംഗീതസംവിധായകനായിരുന്നു ശ്രീ ജോയ്.
തന്റെ വില കൂടിയ കാറിൽ ഇന്ത്യ മുഴുവൻ ഓടി നടന്ന് സംഗീതം കൈകാര്യം ചെയ്തു കെ ജേ ജോയ് അക്കാലത്ത്.

ജോയ് പതിനെട്ടാം വയസ്സിൽ എം എസ് വിശ്വനാഥന്റെ ട്രൂപ്പിലെത്തി.
കെ വി മഹാദേവൻ
എം എസ് വിശ്വനാഥൻ എന്നീ മഹാരഥൻമാരുടെ കൂടെ പ്രവർത്തിച്ച പരിചയം,
‘ലൗ ലെറ്റർ’ എന്ന സിനിമയ്ക്ക് സംഗീതം നിർവ്വഹിക്കുന്നതിലെത്തി. എം എസ് വിശ്വനാഥൻതന്നെയാണ് ജോയിയിലെ ഈ പ്രതിഭയെ തിരിച്ചറിഞ്ഞ്, സ്വതന്ത്ര സംഗീതസംവിധാനത്തിലേയ്ക്ക് തിരിച്ചുവിട്ടത്.

പിന്നെ കെ ജേ ജോയ് തൊട്ടതെല്ലാം പൊന്നായി മാറി.

ലിസയിലെ, ‘ഇണക്കമോ പിണക്കമോ’ എന്ന പാട്ടും
‘നീൾമിഴിത്തുമ്പിൽ കണ്ണീരാണോ’ എന്ന പാട്ടുമൊക്കെ ഹിറ്റുകൾ.

ഒരുകാലത്ത്, ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ എന്ന പാട്ട് വെച്ച് നൃത്തം ചെയ്യാത്തവർ കുറവ്.

‘ഹരിമുരളീരവം’ എന്ന പാട്ടിന്റെ ഒപ്പം നിൽക്കുന്ന പാട്ടായിരുന്നു 1980-ൽ ശ്രീ കെ കെ ജോയ് സംഗീതം ചെയ്ത ‘പപ്പു’ എന്ന സിനിമയിലെ ,
‘മധുമലർത്താലമേന്തും ഹേമന്തം’ എന്ന ഗാനം.

ശ്യാം ,
എംബി ശ്രീനിവാസൻ,
എ റ്റി ഉമ്മർ ,
സലിൽ ചൗധരി,
കെ ജെ ജോയ്
തുടങ്ങിയവർ ചെയ്ത പാട്ടുകളെ വീണ്ടും മറ്റൊരാൾക്ക് ഒരുതരത്തിലും കൈകാര്യം ചെയ്യാൻ പറ്റില്ലാ എന്നുതന്നെ പറയാം.
മ്യൂസിക് ക്ലാരിറ്റി എന്നത് എന്താണെന്ന് ഈ സംഗീത സംവിധായകരുടെ പാട്ടിൽനിന്നുമറിയാം.
കാലം കൂടുതൽ ആധുനികമായിട്ടും; ആർക്കും തൊടാനാവാത്ത ആധുനികസംഗീതവുമായി, കാലങ്ങൾക്കുമുമ്പേ സഞ്ചരിച്ച പ്രതിഭകൾ !

തന്റേടിയായിരുന്നു ശ്രീ ജോയ്.
അധികാരസ്ഥാനങ്ങളോടും രാഷ്ട്രീയക്കാരോടും നേരിൽ കലഹിച്ചു.

‘നിങ്ങൾ നോക്കിക്കോ ഇത്തവണ ഇന്ന ആൾക്കായിരിക്കും സ്‌റ്റേറ്റ് അവാർഡ് കിട്ടുന്നത്’
എന്ന്, കെ ജെ ജോയ് ഒരു മടിയും മറയുമില്ലാതെ പറഞ്ഞത് ഓർക്കുന്നു.
മാസങ്ങൾക്കുശേഷം,
ശ്രീ ജോയ് പറഞ്ഞ അതേ ആൾക്കുതന്നെ സംഗീതസംവിധായകനുള്ള സ്റ്റേറ്റ് അവാർഡ് പ്രഖ്യാപിച്ചത് കേട്ടപ്പോൾ എനിക്ക് വന്ന കൗതുകം ഇന്നും ഓർമ്മയിൽ !

ചിട്ടയില്ലാത്ത ജീവിതം നൽകിയ അസുഖങ്ങൾ നിറഞ്ഞ അവസാന കാലം.
മലേഷ്യയിൽ വെച്ച് സംഭവിച്ച പക്ഷാഘാതം പിന്നെ ഒരു കാൽ മുറിയ്ക്കുന്നതിലെത്തി. 2024 ജനുവരി 15 ന് കെ ജേ ജോയ് നമ്മെ വിട്ടുപിരിഞ്ഞു.

പ്രശസ്തിക്കുവേണ്ടി മാദ്ധ്യമങ്ങൾക്കു പുറകേ പോകാൻ കൂട്ടാക്കാത്ത കെ ജെ ജോയ്,
‘തനിക്കു പറയാനുള്ളത് തൻ്റെ പാട്ടുകൾ പറയും’ എന്ന തന്റേടത്തിൽത്തന്നെയാണ് യാത്രയായത്.

കെ ജെ ജോയിയുടെ പാട്ടുകൾ മാത്രം ഉൾപ്പെടുത്തി ഒരു സംഗീത വിരുന്ന്
തൃശ്ശൂരിനും കേരളത്തിനും നൽകണം എന്ന ഒരാഗ്രഹം ജോൺസൺ മാഷക്കുണ്ടായിരുന്നു എന്നും പറഞ്ഞുകേട്ടിട്ടുണ്ട്.

എനിക്കിപ്പോഴും റാഷിയോട് പറയാനുള്ളത് ;
ഒന്ന് ആ നെല്ലിക്കുന്നിൽ പോയി നമസ്ക്കരിക്കുക.
ബാക്കി , ദേവതകൾ തീരുമാനിക്കട്ടെ.

Photo – from internet

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.