തീവണ്ടിയെഞ്ചിൻ കങ്കനടി സ്റ്റേഷനിലേക്കുള്ളതാണ്. അവിടെ, വൈകിയെത്തിയ നേത്രാവതി, എഞ്ചിൻ ഫെയ്ൽ ആയി, പകരം ലോക്കോ കാത്തുകിടക്കുന്നു. സൂറത്കലിൽനിന്നും എഞ്ചിൻ മാത്രമായി അതിവേഗത്തിൽ പോകുകയാണ്. ഒന്നാം ഡ്രൈവർ ആനന്ദ് ശർമ്മയും രണ്ടാം ഡ്രൈവർ ഞാനും. അൺ മാൻഡ് ഗെയ്റ്റ്, നീട്ടി വിസിലടിച്ച് കടന്നുപോന്നു. ലക്ഷ്യസ്ഥാനത്തെത്താറായി. പെട്ടെന്നൊരാൾ താഴെയുള്ള വഴിയിൽനിന്നും കുത്തനെയുള്ള കയറ്റം കയറി തീവണ്ടിപ്പാളത്തിലേക്കു കയറുന്നു. ഞാൻ എമർജൻസി ബ്രേക്ക് വലിച്ചു. ശർമ്മ ചാടിയെണീറ്റ് ബ്രേക്ക് റിലീസ് ചെയ്തു. ഹോൺ മാരോ.. ജായേഗാ വോ പാഗൽ …ത്തിയാ എന്നാൽ എന്റെ തിരക്കിട്ട ഹോണടിക്കും രണ്ടാം ബ്രേയ്ക്കിങ്ങിനും അയാളെ രക്ഷിക്കാനായില്ല. അപ്പോഴേയ്ക്കും വേഗം കുറഞ്ഞിരുന്നു എഞ്ചിൻ ഇടിച്ച് തെറിച്ചുവീണ അയാൾ വീണിടത്തുനിന്നും ഒന്നു പിടഞ്ഞ് ഒരിക്കൽക്കൂടിയെണീക്കാൻ നോക്കി. ആ പരാജയത്തിലും അയാൾ ഞങ്ങളെയൊന്നു നോക്കി. വേണമെങ്കിൽ ആദ്യ ബ്രേയ്ക്കിങ്ങിലൂടെ രക്ഷിക്കാമായിരുന്ന അയാളുടെ അവസാനയാത്ര കണ്ടില്ലെന്നു നടിച്ച് ഞങ്ങൾ യാത്രയുടെ അവസാനഘട്ടത്തിലെത്തി. ഡ്യൂട്ടി സൈനോഫ് ചെയ്ത് റണ്ണിങ് റൂമിലേക്കു നടക്കുമ്പോൾ, ആനന്ദ്, പതറിയെ സ്വരത്തിൽ ചോദിച്ചു. “നമ്മളാണ് അയാളെ കൊന്നതെന്ന് അയാൾ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ”? ഞാൻ പറഞ്ഞു. “നമ്മളല്ല. നിങ്ങൾ. ഞാൻ രക്ഷിക്കാനാ നോക്കിയത്. അയാൾ മരിക്കുംമുമ്പ് നിങ്ങളെയാണ് നോക്കിയത്. കൃത്യമായി മനസ്സിലാകുകയും ചെയ്തിട്ടുണ്ട്”. ഞാൻ ജീവിതത്തിലാദ്യമായി ഒരാളെ കുത്തിനോവിച്ച് സാഡിസ്റ്റായി. നേരെ ബാറിലേക്കു നടന്നു. എന്റെ കൂടെ ആശ്വാസം തേടിവന്ന ആനന്ദിനെ ഞാൻ തെറിപറഞ്ഞ് ഓടിച്ചു. വൊ പാഗല്‍ …ത്തിയാ ആപ് കെ സാഥ് ഹെ. ആവോ മത് മേരേ പാസ്. ഒന്നും മറക്കില്ലെന്നറിഞ്ഞിട്ടും വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ ജീവിതങ്ങളെ സ്വീകരിക്കുന്ന ഇരുട്ടുമുറിയില്‍ ആ കയ്പുനീരില്‍ കുതിര്‍ന്ന് ഞാനിരുന്നു. വരേണ്ട സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്ത അയാളെ കാത്ത് ഒരു വീട് വിങ്ങുന്നത് ഞാനവിടെയിരുന്നറിഞ്ഞു.