തിരുവില്വാമലയിലെ അനിൽ മാനേജരായ കള്ളുഷാപ്പിൽ അന്ന് കുറച്ചുനേരം ഞാനായിരുന്നു മാനേജർ.
അനിലിനോട് സംസാരിച്ചിരിക്കാനായി ഞാൻ ഷാപ്പിൽ കയറിയതാണ്.
മാനേജർപദവി ഒഴിഞ്ഞുതന്ന് , അനിൽ, കള്ളുവിതരണം ഏറ്റെടുത്തു.
തൃശ്ശൂരിൽനിന്നും അമ്പത് കിലോമീറ്റർ ദൂരെയുള്ള തിരുവില്വാമലയിൽ തൃശ്ശൂർഭാഷയിൽ ഒരാൾ ആക്ഷേപഹാസ്യം പകരുന്നു.
വള്ളുവനാടൻമാർക്കിടയിൽ നാടനടിയ്ക്കാൻ ഒരു ‘ശിര്ശൂര്കാരൻ! ‘
‘കറിച്ചൂച്ചി ‘ എന്ന് ഞങ്ങൾ ഏവരും ഇഷ്ടത്തോടെ വിളിക്കുന്ന ‘കറിച്ചേച്ചി ‘ കള്ളിന് തൊട്ടുകൂട്ടാൻ ഇഡ്ഡലിയും സാമ്പാറും കൊടുത്തതാണ് ‘തൃശ്ശൂർ ഗഡിയെ ‘ പ്രകോപിപ്പിച്ചത്.
“ഞണ്ട്കറി, കക്കക്കറി, മട്ടൺ, ചിക്കൻ ,ബീഫ്, പോർക്ക് ….. അങ്ങനെ പലതും ടച്ചിങ്സായി കിട്ടും ട്ടാ മ്മടെ നാട്ടില്.
കണ്ണ് തെറ്റ്യാ ആമേം ചീങ്കണ്ണീംവരെ കറ്യാ മ്മടെ ഷാപ്പോള് ല് .
ദെന്തൂട്ടാ തൊട്ട്കൂട്ടാൻ?!
കാളനാ!?
അമ്പിസ്സാമിടെ പാലടേംകൂടി കൊട്ക്കാർന്ന് ല്യേ ചേച്ച്യേ…..!! “
ചിരി മുഖത്തുവരുത്താതെ, ഞാൻ അദ്ദേഹത്തെ നോക്കി.
‘എന്തൂട്ടാണ്ടാ ചെറയണ്?’
എന്ന്, അയാൾ എന്നെ നോക്കി, മൊഴിയാതെ മൊഴിഞ്ഞത് ഞാൻ ഉള്ളാലറിഞ്ഞു.
വിഷയം മാറ്റാൻ ഞാനൊരു പാട്ടുമൂളി.
“പുല്ലാങ്കുഴൽ കൊടുത്ത മൂങ്കിൽകളേ എങ്കൾ പുരുഷോത്തമൻ പുകഴ് പാട്ങ്കളേ…..”
ഇത് അദ്ദേഹത്തെ ഒന്ന് പ്രകോപിപ്പിച്ചു.
കറിച്ചൂച്ചിയെ വിട്ട്, അയാൾ, ഞാനെന്ന ചീങ്കണ്ണിയെ പിടിച്ച് പൊരിക്കാനായി ഭാവം.
“തോട്ട്യാ !? “
” ഏയ് “
” നിൻ്റെ ഈ പ്രായത്തില് പാടണ്ട പാട്ടല്ലല്ലോ ചുള്ളാ… “
ഞാൻ ചിരിച്ചു.
“ദേതാ പാട്ട് ന്ന് അറിയോ നണക്ക്? “
ഞാൻ, വീടിനടുത്തെ പൊന്നുഏട്ടൻ നൽകിയ വിവരങ്ങൾ, ക്രെഡിറ്റ് ഒട്ടും നൽകാതെ, അടിച്ചുമാറ്റി അവതരിപ്പിച്ച് പണ്ഡിതനായി.
” ശ്രീകൃഷ്ണഗാനം എന്ന തമിഴ് കാസറ്റിലെയാണ്. സൗന്ദർരാജൻ പാടിയതാണ്.
എം എസ് വിശ്വനാഥൻ സംഗീതം.
യുക്തിവാദി ആയിരുന്ന കവിഞ്ജർ കണ്ണദാസൻ ഭക്തനായശേഷം ആദ്യമായെഴുതിയ ഭക്തിഗാനമാണ്.
എസ് പി ബാലസുബ്രഹ്മണ്യം ഇതിൽ, പുഴയൊഴുകുംപോലെ, ‘ആയർപാടി മാളികയിൽ ‘ എന്നൊരു താരാട്ടുപാട്ടും പാടിയിട്ടുണ്ട്. “
അയാൾ എണീറ്റ് എന്നെ കെട്ടിപ്പിടിച്ചു.
കാലങ്ങൾക്കുശേഷം കാണുന്ന ആത്മമിത്രത്തെയെന്നപോലെ, സ്നേഹം നിറഞ്ഞും കണ്ണു വിടർന്നും അയാൾ അഭിമാനത്തോടെ എന്നെ നോക്കി.
“അപ്പൊ ചുള്ളൻ എല്ലാം അറിഞ്ഞിട്ടാണ്!
ഞാൻ ജോസപ്പ് .
തൃശ്ശൂര് പഴംമാർക്കറ്റിലെ യൂണിയനാ.
നീയ് അവസാനം പറഞ്ഞ ആ ,
‘പൊഴ ഒഴ്കണപോലെ പാടണ എസ്പി ‘ എന്നത് എനിയ്ക്കാ ബോധിച്ചു ട്ടാ!
തൃശ്ശൂര് മാർക്കറ്റില് വന്ന്, ‘ജോസപ്പേട്ടൻ ‘ ന്ന് തെകച്ചാ വിളിയ്ക്കണ്ടാ…
‘ജോ….’ ന്ന് വിളിച്ചാ മതി.
അനിയൻ്റെ ഫുൾ ചെലവ് മ്മടെ വക.
ഒഴിവ്പോലെ തൃശ്ശൂര്ക്കാ പോരേ….”
ഞാൻ, ആദ്യം പറഞ്ഞതിനെ ചെറുതായൊന്ന് തിരുത്തി.
“പുഴയൊഴുകുംപോലെ എന്നല്ലാ……
ഒരു കാട്ടരുവി തുള്ളിക്കളിച്ച് പായുംപോലെ എന്നാ കറക്റ്റ്. “
ജോസഫേട്ടൻ ഈ അനിയനെ വീണ്ടും മുറുകെ കെട്ടിപ്പിടിച്ചു.
ഉമ്മയിൽ കള്ളുമണത്തു.
ആ കുറുമ്പ് നിറഞ്ഞ കാട്ടരുവിയാണ് പെട്ടെന്ന്, സരസ്വതീനദിപോലെ അപ്രത്യക്ഷമായത്.
ആദൃശ്യസാന്നിദ്ധ്യമായി; പാടിയ പാട്ടുകളിലൂടെ എങ്ങുമെങ്ങും ഉണ്ടെങ്കിലും …..
പക്ഷേ, ആ സജീവത നേരിൽ നമുക്കിനി കാണാനാകില്ല.
‘പാടാം നമുക്കു പാടാം ‘ എന്ന പാട്ടടക്കം ഏറെ മലയാളഗാനങ്ങൾ പാടിയ SP ഷൈലജ SPB യുടെ പെങ്ങളാണ്.
നടനും നിർമ്മാതാവും ഗായകനുമായ SPB ചരൺ SPB യുടെ മകനും.
‘SP ആരായിരുന്നു ? ‘ എന്ന് ചോദിച്ചാൽ,
‘എന്തും ചെയ്യുന്നവൻ ‘ എന്നാണ് മറുപടി.
ഗായകനാണ്.
ആറ് തവണ ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്. അറുപത് തവണ കൊടുത്താലും അധികമാകില്ല എന്നതൊരു വാസ്തവം.
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൻ എന്നിവ നൽകി, സർക്കാർ SP യെ ആദരിച്ചിട്ടുണ്ട്.
നടനാണ്.
‘കാതലൻ ‘ എന്ന ചിത്രത്തിലെ, പ്രഭുദേവയുടെ കുറുമ്പനായ അച്ഛനെ എങ്ങനെ മറക്കും!
‘കാതലിക്കും പൊണ്ണിൻ കൈകൾ തൊട്ട് നീട്ടിനാൽ ‘ എന്ന ഏ ആർ റഹ്മാൻ പാട്ടും പാട്ടുസീനും എങ്ങനെ മറക്കും !
കമലാഹാസനോടൊപ്പം ‘ഗുണ ‘ സിനിമയിൽ ചെയ്ത CBI ഓഫീസറുടെ വേഷം ഓർക്കാതെങ്ങനെ !
‘കേളടി കൺമണി ‘യിൽ രാധികയ്ക്കൊപ്പം
‘മണ്ണിൽ ഇന്ത കാതലൻ്റ്രി യാരും വാഴ്തൽ കൂടുമോ’ എന്ന, ശ്വാസംവിടാപ്പാട്ട് പാടിയഭിനയിച്ച കഥാപാത്രവും പാട്ടും എത്ര മനോഹരം!
SPB
നിർമ്മാതാവാണ്.
സംഗീതസംവിധായകനാണ്.
ടെലിവിഷനിൽ റിയാലിറ്റി ഷോ ജഡ്ജായിരുന്നു.
പ്രോഗ്രാം കോർഡിനേറ്ററായിരുന്നു
ആങ്കർ ആയിരുന്നു.
തിരക്കേറിയ ഡബ്ബിങ് ആർട്ടിസ്റ്റ്കൂടിയായിരുന്നു എസ് പി.
അപ്രതീക്ഷിതമായി,
കെ. ബാലചന്ദറിൻ്റെ ‘മൻമഥലീലയിൽ ‘ ഡബ്ബ് ചെയ്തായിരുന്നു തുടക്കം.
ഇത്,
അണ്ണാമയ്യ , ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങളിൽ പുരുഷ ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡ് വരെ എത്തി.
ബെൻ കിംഗ്സ്ലിയുടെ ‘ഗാന്ധി ‘ സിനിമയുടെ തെലുങ്കുപതിപ്പിൽ
SP ആയിരുന്നു ശബ്ദം നൽകിയത്.
കമലാഹാസൻ,രജനീകാന്ത്, രഘുവരൻ,ഭാഗ്യരാജ്, നാഗേഷ്, കാർത്തിക്, ജമിനി ഗണേശൻ, ഗിരീഷ് കർണാട്ട്, അമിതാബ് ബച്ചൻ, സൽമാൻ ഖാൻ, അനിൽ കപൂർ തുടങ്ങിയ പലർക്കും തെലുങ്കുസിനിമാപതിപ്പിൽ ശബ്ദം നൽകിയിരുന്നത് എസ്. പി ആയിരുന്നു !
‘ദശാവതാരം ‘ എന്ന സിനിമയിൽ കമലാഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ സ്ത്രീകഥാപാത്രം ഉൾപ്പെടെ ഏഴ് വേഷങ്ങൾക്കും വളരെ വ്യത്യസ്തമായ ശബ്ദം നൽകി എസ് പി എന്നതുമാത്രംമതി ആ പ്രതിഭാവിളയാട്ടം എത്രയെന്നറിയാൻ !
ശാസ്ത്രീയസംഗീതത്തിൽ പാണ്ഡിത്യമില്ല.
എന്നാൽ,
ശങ്കരാഭരണത്തിലെ ‘ശങ്കരാ നാദശരീരാപരാ ‘ എന്ന പാട്ട് ആരെയും അത്ഭുതപ്പെടുത്തും.
തൻ്റെ സ്വരശുദ്ധിയ്ക്കുവേണ്ടി എസ് പി ഒന്നും ചെയ്തിരുന്നില്ലത്രേ !
ഏത് ഭക്ഷണവും കഴിക്കും.
തണുത്തതും പൊരിച്ചതുമെല്ലാം കഴിച്ച്, ഏതു കാലാവസ്ഥയിലും സഞ്ചരിച്ച് …….
അങ്ങനെ തുള്ളിത്തുള്ളിപ്പോകുന്ന ജീവിതമായിരുന്നത്രേ!
“പ്രണയവേദന അറിയാത്തൊരാൾക്ക് ഇങ്ങനെ എഴുതാനാവില്ല ” എന്ന് SP , ഗാനരചയിതാവ് വൈരമുത്തുവിനോട് പറഞ്ഞപ്പോൾ,
വൈരമുത്തു തിരിച്ചുപറയുന്നത്;
“പ്രണയവേദന അറിയാത്തൊരാൾക്ക് ഇങ്ങനെ പാടാനും ആവില്ല ” എന്നാണ്.
ആദ്യമൊന്ന് ചിരിച്ച്, പിന്നൊന്ന് നാണിച്ച് …..,
പിന്നെ, പ്രണയവേദന അറിഞ്ഞവർക്കുമാത്രം കാണാനാവുന്ന ഒരു ശോകത്തിലേയ്ക്ക് SP യുടെ മുഖം പോയത്
ഒരു പ്രണയിക്കും ഒരുനാളും മറക്കാനാവില്ല.
“ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. വേദികളിൽ പാടി.
പൂരപ്പറമ്പുകളിൽ പാടി.
ടീവീ ഷോകളിൽ പാടി.
ഒടുവിൽ, കോവിഡ് കാലത്ത്, മുന്നിൽ വലിയൊരു ജനക്കൂട്ടം ഉണ്ട് എന്ന് സങ്കൽപ്പിച്ച്, അവരെ നോക്കി, അവരോടെന്നപോലെ അഭിനയിച്ചും പാടി !
ഇത് ഭാഗ്യമോ നിർഭാഗ്യമോ അറിയില്ലാ……”
എന്ന്, SP പറഞ്ഞ് അധികനാൾ കഴിയുംമുൻപേ കോവിഡ് ആ സർഗ്ഗധനനെ അടക്കംപിടിച്ചു.
ചെന്നൈയിലെ MGM ഹെൽത്ത് കെയറിൽ തുലാസിലാടി പ്രാണൻ മിടിക്കുമ്പോൾ,
ശബരിമലയിൽ, ഇഷ്ടഗായകൻ്റെ സൗഖ്യത്തിനായി പ്രത്യേകപൂജയും ;
‘ശങ്കരാ നാദശരീരാപരാ ‘ എന്ന ഗാനം നാഗസ്വരത്തിൽ പാടിയ , സംഗീതാർച്ചനയും നടത്തി.
അത്രയേറെ പ്രിയപ്പെട്ടതായിരുന്നു മലയാളിക്ക്, ബാലു എന്ന; SP എന്ന ; SPB എന്ന ;
എസ് പി ബാലസുബ്രഹ്മണ്യം.
കോവിഡിൻ്റെ അണുക്കൾ
നമ്മുടെ ശരീരത്തിലെ ഏറ്റവും ദുർബ്ബലമായ അവയവം ഏതെന്ന് ഗവേഷണം നടത്തി, തിരഞ്ഞ് കണ്ടുപിടിക്കുമത്രേ.
എന്നിട്ട്,
ആ അവയവത്തെ ആക്രമിച്ച് കിഴടക്കുകയാണത്രേ അതിൻ്റെ ഒരു രീതി.
കരൾ വീക്കായവൻ്റെ കരൾ പോകും.
കിഡ്നി ദുർബ്ബലമെങ്കിൽ അത് തീരും .
അങ്ങനെ.
കോവിഡ് മാറിയെങ്കിലും SP ആശുപത്രി വിട്ടില്ല.
എല്ലാവരോടും സ്നേഹംമാത്രമുണ്ടായിരുന്ന ; ആ , മൃദുലവും ദുർബലവുമായ ഹൃദയത്തെ തല്ലിക്കെടുത്തിയാണ് കോവിഡ് കടന്നുപോയത്.
പണ്ടത്തെ മദ്രാസ് പ്രസിഡൻസിയിൽ ആയിരുന്നതും;
ഇപ്പോൾ അന്ധ്രാപ്രദേശിൽ ഉൾപ്പെടുന്നതുമായ നെല്ലൂരിനടുത്തെ കൊനെട്ടമ്മപ്പേട്ട
എന്ന ഗ്രാമത്തിലാണ് SP ജനിച്ചത്.
കലാപരമായ പാരമ്പര്യം എന്ന് പറയാൻ വേണമെങ്കിൽ,
അച്ഛൻ ഒരു നാടകനടനും ഹരികഥാകലാകാരനുമായിരുന്നു എന്നു പറയാം.
മകനെ എഞ്ചിനീയറാക്കാൻ ആഗ്രഹിച്ച, അച്ഛൻ എസ് പി സാംബമൂർത്തി അനന്തപൂരിൽ എഞ്ചിനീയറിങ്
കോളേജിൽ എസ് പിയെ ചേർത്തെങ്കിലും; ടൈഫോയ്ഡ് പിടിച്ചതിനേത്തുടർന്ന് പഠനം നിന്നു.
തുടർന്ന് മദ്രാസിലെ എഞ്ചിനീയറിങ് കോളേജിൽ ചേർന്നു.
കോളേജിലെ വേദികളിൽ പാടിക്കൊണ്ടിരുന്ന SP യിലെ ഗായകനെ തിരിച്ചറിഞ്ഞ പലരും നിർബന്ധിച്ച്, എസ് പി ഒരു
മത്സരത്തിൽ പാടാനെത്തുന്നു.
മദ്രാസ് ആസ്ഥാനമായ ; തെലുങ്ക് കൾച്ചറൽ ഓർഗനൈസേഷൻ സംഘടിപ്പിച്ച,
അമച്വർ ഗായകർക്കുള്ള സംഗീതമത്സരമായിരുന്നു അത്.
അന്നത്തെ സൗത്തിന്ത്യൻ ഗായകരിൽ പ്രമുഖരായ ഘണ്ഡശാലയും കോദണ്ഡപാണിയും മറ്റും
ജഡ്ജായി ഇരുന്ന കമ്മിറ്റി SP യെ മികച്ച ഗായകനായി തിരഞ്ഞെടുക്കുന്നു.
1966-ൽ ഇറങ്ങിയ ‘ശ്രീ ശ്രീ ശ്രീ മര്യാദരാമണ്ണ ‘ എന്ന ചിത്രത്തിലേതായിരുന്നു SP യുടെ ആദ്യസിനിമാഗാനം.
‘രാമു ‘ എന്ന ചിത്രത്തിലെ, പി ബി ശ്രീനിവാസനും പി സുശീലയും പാടിയ ;
M S വിശ്വനാഥൻ സംഗീതം കൊടുത്ത, ‘നിലവേ എന്നിടം നെരുങ്കാതെ ‘ എന്ന പാട്ടാണത്രേ SP എവിടെ ഓഡീഷന് പോയാലും പാടുമായിരുന്ന പാട്ട് .
തുടർന്ന്,
ഇളയരാജ ഹാർമോണിയവും ഗിത്താറും വായിച്ച ;
ഭാസ്ക്കർ കൊട്ടുവാദ്യം വായിച്ച ;
ഗംഗൈ അമരൻ ഗിറ്റാർ വായിച്ച ഒരു
ഗാനമേളാസംഘത്തിൽ SP ഗായകനാകുന്നു.
പിന്നത്തെ ചരിത്രം പറയേണ്ടതില്ലല്ലോ.
അച്ഛൻ ആഗ്രഹിച്ച എഞ്ചിനീയർക്കപ്പുറം ; മനുഷ്യമനസ്സിനെ പാടി ആശ്വസിപ്പിക്കുന്ന ഒരു ഡോക്ടറാവാനാണ് ദൈവം SP യോട് പറഞ്ഞത്.
മലയാളിക്ക് കരയാനും ചിരിക്കാനും പ്രണയിക്കാനും വിരഹമേൽക്കാനും യേശുദാസിൻ്റെ പാട്ടുള്ളപോലെ;
തമിഴിലും തെലുങ്കിലും കന്നടയിലും SP യുടെ ശബ്ദം എല്ലാവർക്കുംവേണ്ടി എല്ലാമായി മാറി.
എന്നത്തേയും ഇന്ത്യൻ ഹിറ്റായ ,
‘ഏക് ദുജേ കേലിയേ ‘ യിലെ
‘ തേരേ മേരേ ബീച്ച് മേം കൈസാ ഹേ യേ ബന്ധൻ’ എന്ന ഹിന്ദിപ്പാട്ടും മറ്റനേകം ഹിന്ദിപ്പാട്ടുകളും അടക്കം പതിനൊന്ന് ഭാഷകളിലായി നാൽപതിനായിരത്തിനടുത്ത് സിനിമാഗാനങ്ങൾ !
ഏറ്റവും അധികം സിനിമാപിന്നണിഗാനം പാടിയതിന് ഗിന്നസ് റെക്കോഡ് !
ഒരു ജൻമത്തിലെ തയ്യാറെടുപ്പുകൊണ്ടൊന്നും ഒരാൾക്കും ഇങ്ങനെ പാടാൻ പറ്റില്ലാ എന്നും ; അനേകം ജൻമങ്ങളിലെ സാധന കടന്നാണ് ഈ കുരലുമായി SP ഇവിടെ ജനിച്ചത് എന്നും എവിടെയോ വായിച്ച ഓർമ്മ.
ദൈവം ഭൂമിയിൽ വന്ന് ഒന്നു തൊട്ടുപോയവരാണ് കലാകാരൻമാർ ആവുക എന്ന് പറയാറുണ്ട്.
ഇവിടെ, ദൈവം SP യെ വാരിപ്പുണർന്നിരിക്കുന്നു.
കടൽപ്പാലത്തിലെ ‘ഈ കടലും മറുകടലും ‘
സർപ്പത്തിലെ ‘സ്വർണ്ണമീനിൻ്റെ ചേലൊത്ത കണ്ണാളേ ‘
മുന്നേറ്റത്തിലെ ‘ചിരികൊണ്ടു പൊതിയും മൗനദുഃഖങ്ങൾ ചിലരുടെ സമ്പാദ്യം ‘
തുഷാരത്തിലെ ‘മഞ്ഞേ വാ മധുവിധുവേളാ ‘
അനശ്വരത്തിലെ ‘താരാപഥം ചേതോഹരം ‘
അങ്ങനെ എത്രയെത്ര മലയാളഗാനങ്ങൾ !
കുട്ടികൾതൊട്ട് ഏവരും പാടിനടന്ന കിലുക്കത്തിലെ ‘ഊട്ടിപ്പട്ടണ’വും CID മൂസയിലെ ‘മേനേ പ്യാര് കിയാ’യും പോലെയുള്ള സ്പീഡ് നമ്പറുകൾ വേറെയും.
പാടിയ പാട്ടിനോടെല്ലാം ഇഷ്ടം.
ഏറെ ബാക്കിവെച്ച്, നേരത്തേ യാത്രയായതിൽ പരിഭവവും.
ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം എന്ന SPB യുടെ ആത്മാവിന് ,
‘ഈ മനോഹരതീരത്ത് ഇനിയൊരു ജൻമംകൂടി …..’
പാടാൻ വരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ജയരാജ് മിത്ര.
PC : internet