‘ഇന്നൊരു രാത്രി എന്റെ വർത്തമാനം കേട്ടിരിക്കാമോ?’ എന്നവൾ ചോദിച്ചു. ‘പതിറ്റാണ്ടുകളുടെ വിരഹം അറിഞ്ഞ നിനക്കേ എന്നെ കേൾക്കാനാവൂ…’ എന്നും കൂട്ടിച്ചേർത്തു. പിന്നെ പറഞ്ഞുതുടങ്ങിയത് ജാനകിയുടെ, ‘വാസന്ത പഞ്ചമിനാളിൽ’ എന്ന പാട്ടിനെപ്പറ്റി. ‘നല്ല പ്രായത്തിൽ എനിക്ക് എല്ലാരെയും പേടിയായിരുന്നു. എനിക്കവനെ ഇഷ്ടമാണെന്നറിയാം. പക്ഷേ അതെന്തിഷ്ടമാണെന്ന് ഓർക്കാനേ പേടി. അവൻ വന്നു പറഞ്ഞതാ ഇഷ്ടമെന്ന്. ഞാൻ ഒഴിഞ്ഞുമാറി. നടക്കില്ലെന്ന് ഒറ്റവാക്കിൽ പറഞ്ഞ് അവനെ ഒറ്റപ്പെടുത്തി. എവിടെ നോക്കിയാലും എന്റെ കൺവെട്ടത്തത് കണ്ടിരുന്ന അവനെ പിന്നെ ഞാൻ കണ്ടതേയില്ല. കാണണമെന്നുണ്ട്. അടങ്ങാത്ത കൊതിയുണ്ട്. പക്ഷേ അവൻ മാഞ്ഞു കളഞ്ഞു. അപ്രതീക്ഷിതമായിരുന്നില്ല, എന്റെ മുന്നിലേക്കുള്ള അന്നുവരെയുള്ള കടന്നുവരലുകൾ എന്ന് അന്നു ഞാനങ്ങനെയറിഞ്ഞു. എന്നെ മാത്രം കാണാൻ, എന്നെമാത്രം തേടി, എന്നെ ഭ്രമണം ചെയ്ത ഗ്രഹത്തൊണ് ഞാൻ കുടഞ്ഞെറിഞ്ഞിരിക്കുന്നത്. ഇനി സ്വന്തം പാച്ചിലിൽ തീ കേറി കത്തിത്തീരുംവരെ അവൻ…. എന്നോർത്തതും നെഞ്ചു പിടഞ്ഞു. വസന്തത്തിലും പഞ്ചമിയിലും ഓരോ കാലൊച്ചയിലും ഞാനവനെ കാത്തു. നടക്കും വഴികളിലെല്ലാം അവൻ പണ്ടത്തെപ്പോലെ ചിരിച്ചുംകൊണ്ട് പ്രത്യക്ഷപ്പെടുമെന്നാഗ്രഹിച്ചു. ഒരുനാൾ, എനിക്കും ഇഷ്ടമാണെന്ന് ധൈര്യമുണ്ടാക്കി പറയാൻ കൊതിച്ചു. അവനുവേണ്ടി ഒരുങ്ങി. അവന്റെ പെണ്ണായിച്ചമഞ്ഞു. പക്ഷേ കിനാവുകണ്ടതുപോലെ വന്നില്ലവൻ. എന്റെ വിവാഹശേഷം വർഷങ്ങൾക്കിപ്പുറം അപ്രതീക്ഷിതമായി ഒരു ഫങ്ഷനിൽ അവൻ കടന്നുവന്നെന്റെ മുന്നിലിരുന്നു. എന്റെ കണ്ണിൽ നോക്കി ഒന്ന് ചിരിച്ചു. ഒന്നും മിണ്ടാതെയെഴുന്നേറ്റു പോയി. ഇനി എനിക്കു ചെയ്യാൻ ഒന്നേയുള്ളു. മക്കളോടെങ്കിലും പറയണം…, ഒരാൾ വന്ന് ഇഷ്ടമാണെന്നു പറഞ്ഞാൽ ആ കണ്ണിൽ നിങ്ങളാ ഇഷ്ടം കണ്ടാൽ അത് നിഷേധിക്കരുത് എന്ന്. നിഷേധിച്ചാൽ കരയേണ്ടിവരും. കരയിക്കേണ്ടിവരും. ഒരാളെയല്ല. പലരെ’.