“ശര്‍ക്കര തരാം. കൊയ്ത്തുകഴിഞ്ഞ് നാണി, പിടിത്താള് പെറുക്കി എടുത്തിട്ടില്ല. പിടിത്താള് നിങ്ങളെടുത്തോളൂ.”
“പിന്നെന്തൊക്കെ ചേര്‍ക്കണം അപ്പത്തില്‍?”
“എള്ള് ചേര്‍ക്കണം, ഒരുനുള്ള് ഉപ്പ് വേണെങ്കി ചേര്‍ക്കാം, നാളികേരക്കൊത്ത് വറുത്തുചേര്‍ക്കണം.”
“നാളികേരം പൂളാന്‍ കത്തി ഞങ്ങടേല്ണ്ട്. കുറച്ചധികം എള്ളും കുറച്ചുമാത്രം ഉപ്പും തരാമോ…?”
“ഇവര്‍ക്ക് നെയ്യപ്പം കൊടുക്കുന്നതല്ലേ ഭേദം!?” എന്ന്, മുത്തശ്ശി ഓപ്പോളോട് പതുക്കെ ചോദിച്ചു.
അപ്പോള്‍ ഓപ്പോള്‍ പറഞ്ഞു.
“അടുപ്പും കാരോലും ഉരലും കത്തിയും അവര്‍ ചോദിച്ചില്ലല്ലോ. മാവ് കലക്കിവെക്കാന്‍ പാത്രവും ചോദിച്ചില്ല. വിറകും അരിയും അവര്‍തന്നെ സംഘടിപ്പിക്കാമെന്നും പറഞ്ഞു. സ്വന്തം കാലില്‍ നില്‍ക്കാനാഗ്രഹിക്കുന്ന ഉണ്ടുണ്ണികളെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്.”
അവസാനം പറഞ്ഞത് കുറച്ചുറക്കെയായിപ്പോയതിനാല്‍ കുട്ടികള്‍ കേട്ടു.
“ഉണ്ടുണ്ണികളല്ല. ഉണ്ടനും ഉണ്ടിയും” അവര്‍ ഓര്‍മ്മിപ്പിച്ചു.
അങ്ങനെ, ഉണ്ടനും ഉണ്ടിയും കുറച്ചധികം നെയ്യും കുറച്ചധികം എള്ളും കുറച്ചധികം ശര്‍ക്കരയും കുറേയേറെ തേങ്ങയും കുറച്ചുമാത്രം ഉപ്പും വാങ്ങി, അകത്തുകൊള്ളാവുന്നിടത്തോളം നെയ്യപ്പമുണ്ടായതിന്റെ മണവും വലിച്ചുകയറ്റി തിരിച്ചുനടന്നു.
അങ്ങോട്ടുപോയതിനേക്കാള്‍ വേഗമുണ്ട് തിരിച്ചുപോരുമ്പോള്‍ എന്ന് ഇരുവരും ശ്രദ്ധിച്ചു. പാടവരമ്പത്തെത്തിയപ്പോള്‍, നാണിയമ്മയുണ്ട് പിടിത്താള്‍ പെറുക്കിക്കൊണ്ടിരിക്കുന്നു.
“നാണിയമ്മേ…,”
“പൂയ്…,”
ജീവിതത്തിലാദ്യമായി ഉണ്ടന്‍ ഉറക്കെ നാണിയമ്മയെ വിളിക്കുകയും, ഉണ്ടി ‘പൂയ്’ എന്ന് ഉറക്കെ കൂക്കുകയും ചെയ്തു.
നാണിയമ്മ, ‘ഈ ഉരുളന്‍കുട്ടികളെ കട്ടുറുമ്പു കടിച്ചോ!’ എന്ന് പേടിച്ച്, ഓടിപ്പാഞ്ഞ് വരമ്പത്തുകേറി.
“എന്തേ…!?”
“ഉണ്ടനും ഉണ്ടിയും” –
കുട്ടികള്‍, നാണിയമ്മയ്ക്ക് സംസാരിക്കാന്‍ ഒരു ഒഴുക്കുവരുത്തിക്കൊടുക്കാന്‍, പേര് പറഞ്ഞുകൊടുത്തു.
നാണിയമ്മയ്ക്ക് മടിയില്ലാത്തതിനാല്‍ നാണിയമ്മ ഒരുവട്ടംകൂടി ചോദിച്ചു.
“എന്താ ഉണ്ടാ…!? എന്തേ ഉണ്ടീ..!?”