വീട്ടില്‍നിന്നും പോരുമ്പോള്‍, നെയ്യപ്പം ഉണ്ടാക്കാനുള്ള അരിയും ശര്‍ക്കരയും നെയ്യുമൊക്കെ കടം വാങ്ങണം എന്നായിരുന്നു ഉണ്ടന്‍ കരുതിയത്. ഉണ്ടി, പറ്റിയാല്‍, ഉണ്ണിയപ്പംതന്നെ ചോദിക്കണം എന്നു കരുതിയിരുന്നു. നമ്മള്‍ മുമ്പേ പറഞ്ഞതാണല്ലോ. ഉണ്ടനും ഉണ്ടിയും ജീവിതത്തില്‍ നല്ല കരുതലുകള്‍ ഉള്ളവരാണെന്ന്.
ഉണ്ടി, കരുതിയതു ചോദിച്ചു.
“ഞങ്ങള്‍ നല്ലപോലെ ഉണ്ടുറങ്ങി ജീവിച്ചുപോകുന്ന രണ്ട് ഉണ്ണികളാണ്. കുറച്ച് നെയ്യപ്പം തന്നാല്‍ ഇന്നത്തെ രാത്രി കഴിച്ചുകൂട്ടാമായിരുന്നു.”
‘അതിനെന്താ’ എന്ന്, എപ്പോഴും കരയുന്ന ഓപ്പോള്‍ ചിരിച്ചുകൊണ്ട് പറയാനാഞ്ഞതും നരച്ചുകൊണ്ടേ ഇരിക്കുന്ന മുത്തശ്ശി ഓടിവന്ന് ഓപ്പോളുടെ വായപൊത്തി.
“ഒരു തരി നെയ്യപ്പം ഒരാള്‍ക്കും കൊടുത്തുപൊകരുത് എന്ന് ശട്ടംകെട്ടി, ചുട്ടുവെച്ച നെയ്യപ്പത്തിന്റെ എണ്ണവുമെടുത്ത്, ശങ്കരന്‍, ഒച്ചയെടുത്ത് കുളിക്കാന്‍ പോയിട്ടുണ്ട്. നെയ്യപ്പം ഒറ്റത്തരി കൊടുക്കാംന്ന് വിചാരിക്കണ്ട. നടക്ക്ല്ല്യാ….”
ഓപ്പോള്‍ ധര്‍മ്മസങ്കടത്തിലായി.
ഉണ്ടന്‍ ഉരുളിമ മാറാന്‍ ഒന്ന് നിവര്‍ന്ന്നിന്ന് തന്റെ ഉള്ളിലെ കരുതല്‍ പറഞ്ഞു.
“നെയ്യപ്പം ഞങ്ങളുണ്ടാക്കിക്കോളാം. എങ്ങനെ ഉണ്ടാക്കും എന്ന് പറഞ്ഞുതന്നാല്‍ മതി.”
എന്തു നല്ല ഉരുണ്ട ഉണ്ണികള്‍! ഇന്നത്തെ കാലത്ത് ഇത്തരം അദ്ധ്വാനികളെ കാണാന്‍കഴിയുന്നതുതന്നെ പുണ്യം എന്നൊക്കെക്കരുതി, ഓപ്പോള്‍, മുത്തശ്ശി പൊത്തിയ വായ, മുത്തശ്ശിയുടെ കൈവിടുവിച്ച് തുറന്ന് പറഞ്ഞു.
“നെയ്യ് ചൂടാക്കണം. മാവ് ഒഴിച്ച് ഉണ്ടാക്കണം.”
എപ്പോഴും കരയുന്ന ഓപ്പോൾ, കരയാതെ, ഇളംചിരിയോടെ തുടർന്നു.
“കാരോല്‍ അടുപ്പത്ത് വെച്ച് നെയ്യൊഴിച്ച്, അടുപ്പില്‍ വിറക് പൂട്ടണം.”
“ഞങ്ങടേല് അടുപ്പ് ഉണ്ട്. കാരോലുമുണ്ട്. കുറേ നെയ്യും കുറേ വിറകും തരാമോ?”
“നെയ്യ് തരാം. വിറക് നിങ്ങളന്നെ, കാട്ടില്‍പോയി സംഘടിപ്പിക്കൂ…”
“മാവ് എന്തുകൊണ്ടുള്ളതാണ്?”
“അരി ഉരലില്‍ ഇടിച്ച് പൊടിച്ച്, ശര്‍ക്കര പാവ്കാച്ചി മാവില്‍ ചേര്‍ക്കണം.”
“ഉരലും ഉലയ്ക്കയും ഞങ്ങടേലുണ്ട്. കാട്ടില്‍ പോയാല്‍ വിറകും കിട്ടും. കുറച്ചധികം അരിയും കുറച്ചധികം ശര്‍ക്കരയും തരാമോ?”