ഉണ്ടനും ഉണ്ടിയും ഇപ്പോള്‍ പടി കടന്നിരിക്കുന്നു. അവിടെ, ആരു തുറക്കണം എന്നതില്‍ വലിയ തര്‍ക്കമുണ്ടായില്ല. കാരണം ഇതിന് മുമ്പ് പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ പടിയുടെ കുറ്റി, മടികാരണം ഇടാതിരുന്നതിനാല്‍, ആരാദ്യം തുറക്കും എന്ന പ്രശ്‌നം ഉയരാതെത്തന്നെ ഉണ്ടനും ഉണ്ടിയും പടിക്കുപുറത്തുകടന്ന് വരമ്പത്തെത്തി. പിന്നെ കാര്യങ്ങള്‍ വേഗത്തിലായി. മണം ശക്തമായ പാടവരമ്പിലൂടെ ഇവര്‍ വേഗത്തിലുരുണ്ട്, എപ്പോഴും കരയണ ഓപ്പോളും എപ്പോഴും ഒച്ചയെടുക്കണ ശങ്കരേട്ടനും തലനരച്ചുകൊണ്ടേ ഇരിക്കണ മുത്തശ്ശിയുംമാത്രം തിങ്ങിപ്പാര്‍ക്കണ നാലുകെട്ടിന്റെ മുറ്റത്തെത്തി. ശങ്കരേട്ടന്‍ ഇവരെ കണ്ടതും ഒച്ചയെടുത്തു.
“ആരാ…!”
‘നീയാദ്യം പറ’ എന്നമട്ടില്‍ ഉണ്ടനും ഉണ്ടിയും പരസ്പരം നോക്കി. ഒച്ചകേട്ട് എപ്പോഴും കരയണ ഓപ്പോള്‍ ഉമ്മറത്തെത്തി. ശങ്കരേട്ടന്‍ ഒന്നുകൂടി ഒച്ചയിട്ടു.
“ചെവി കേള്‍ക്കില്ലേ…? ആരാന്ന്….!?”
ഉണ്ടനും ഉണ്ടിയും ഒന്നുകൂടി പരസ്പരം നോക്കി. എപ്പോഴും കരയണ ഓപ്പോള്‍ ചിരിച്ചുകൊണ്ട് കുട്ടികളെ നോക്കി. കുട്ടികളില്ലാത്ത ഓപ്പോള്‍ക്ക് ഉണ്ടനും ഉണ്ടിയും സ്വന്തം മക്കളായി തോന്നി.
ഓപ്പോള്‍ ശങ്കരേട്ടനോട് പറഞ്ഞു.
“കുട്ട്യോളോട് ഒച്ചയെടുക്കണ്ട. വെറ്ത്യല്ല കുട്ട്യോളൊന്നും പേടിച്ചിട്ട്ങ്ക്ട് വരാത്ത്…”
ശങ്കരേട്ടന്‍ വായകൊണ്ട് ഒച്ചയെടുക്കാതെ, കാലുകൊണ്ട് ചവുട്ടിക്കുലുക്കി ഒച്ചയെടുത്ത്, മൂന്നുപേര്‍മാത്രം തിങ്ങിപ്പാര്‍ക്കുന്ന നാലുകെട്ടിനകത്തേയ്ക്ക് കയറിപ്പോയി.
എപ്പോഴും കരയുന്ന ഓപ്പോള്‍ നിന്നനില്‍പ്പില്‍ അമ്മയായിമാറി ചോദിച്ചു.
“എന്താ ഉരുണ്ടിരിക്കണ കുട്ട്യോളേ…., എന്താ വന്നത്…?”
ഉണ്ടന്‍ പറഞ്ഞു.
“ഞാന്‍ ഉണ്ടന്‍.”
ഉണ്ടി പറഞ്ഞു.
“ഞാന്‍ ഉണ്ടി.”
ഉണ്ടന്‍ തുടര്‍ന്നു.
“നെയ്യപ്പത്തിന്റെ മണം ഇവ്ട്ന്നാണോ വന്നത്?”
ഓപ്പോള്‍ പറഞ്ഞു.
‘അതെ ഉണ്ടാ, ഉണ്ടി…. അകത്ത് മുത്തശ്ശി നെയ്യപ്പം ഉണ്ടാക്കുന്നുണ്ട്.’