കൊയ്ത്തുസമയമായാല്‍ കുറേ ദിവസം പുന്നെല്ലിന്റെ ആ കൊയ്ത്തുമണവും ആസ്വദിച്ച് അവരങ്ങനെ ആ കോലായില്‍ പതിവ് ഇരുത്തമിരിക്കും. പിന്നെ ഒരു ദിവസം പതിയെ അനങ്ങിയിളകി വരമ്പത്തുചെന്ന്, ‘ഞങ്ങള്‍ക്ക് വീടുണ്ടാക്കിക്കളിക്കാന്‍ നാലഞ്ച് നെല്ലുംചൂട്ട് തരുമോ?’ എന്ന് ചോദിക്കും. ചിലര്‍ ഈ ഉരുളന്‍കുട്ടികളെ കണ്ടതും അവര്‍ ചോദിച്ചത് കൊടുക്കും. ‘വൈക്കോലാട്ടോ… കളിക്ക്‌മ്പൊ ചൊറിയും. ശ്രദ്ധിക്കണം….’ എന്നൊക്കെ ഉപദേശിക്കുകയുംചെയ്യും.
ചിലര്‍ അങ്ങനെയാണ്. ഒരു പ്രായമായാല്‍, കാലത്തെഴുന്നേറ്റ് വായ കഴുകി കട്ടന്‍ചായ കുടിക്കുന്നപോലൊരു ശീലമാക്കിമാറ്റും ഈ ഉപദേശം. ചിലര്‍ക്ക് ഉപദേശിക്കല്‍ എന്നത് തങ്ങളുടെ ഒരു ഉത്തരവാദിത്തമാണ് എന്ന ഭാവമാണ്. കുട്ടികളെ കണ്ടാല്‍ അപ്പോള്‍ പിടിച്ച് ഉപദേശിച്ച് വിടും! ഉണ്ടനും ഉണ്ടിയും സ്‌ക്കൂളില്‍ പോകാത്തതുകൊണ്ടും അച്ഛനും അമ്മയും അച്ചമ്മയും അച്ചച്ചനും മാധവിയമ്മയും ശങ്കുണ്ണ്യാരും കുറേകാലമായി ഉപദേശിക്കാത്തതുകൊണ്ടും ഈ അല്ലറചില്ലറ ഉപദേശമൊന്നും ഇവരെ ബാധിക്കാറില്ല. ഉപദേശങ്ങളുടെ അമിതഭാരമില്ലാത്ത കുട്ടികളാണ് ഉണ്ടനും ഉണ്ടിയും.
ചിലര്‍ ഉപദേശിക്കുമെങ്കിലും നെല്ലിന്‍ചൂട്ട് കൊടുക്കില്ല. ചിലര്‍ ഉപദേശവും കൊടുക്കില്ല, നെല്ലിന്‍ചൂട്ടും കൊടുക്കില്ല. അത്തരം സമയങ്ങളില്‍ ‘നീയാദ്യം പറയ്’ എന്ന് മനസ്സില്‍കരുതി കുറച്ചു സമയം കാത്ത്, മറ്റേയാള്‍ പറയുന്നില്ലെന്ന് കണ്ടാല്‍ ഉണ്ടനോ ഉണ്ടിയോ ആരെങ്കിലുമൊരാള്‍ പറയും,
‘നിങ്ങള്‍ക്ക് ഉരുണ്ടിരിക്കുന്ന കുട്ടികളെ ഇഷ്ടമല്ല അല്ലേ.!? സാരമില്ല. ഞങ്ങള്‍ നെല്ലിന്‍ചൂട്ടുകൊണ്ട് കളിക്കാന്‍പറ്റാത്ത വിഷമത്തില്‍ കുറച്ചുനേരം പോയി കരഞ്ഞോളാം.’
ഇങ്ങനെ പറഞ്ഞ് തിരിഞ്ഞുനടക്കും. അപ്പോള്‍ ചിലര്‍, പറയാന്‍മറന്ന ഉപദേശവും; പിന്നെ…, ‘ന്നാ… കൊണ്ടോയ്‌ക്കോ പോയിക്കളിക്കിന്‍. കരയണ്ട….’ എന്ന് പറഞ്ഞ്, നെല്ലിന്‍ചൂട്ടും കൊടുക്കും.
അങ്ങനെ, മാങ്ങാക്കാലമായാല്‍ മാങ്ങകൊണ്ട് കളിക്കാനും ചക്കക്കാലമായാല്‍ ചക്കകൊണ്ടു കളിക്കാനും കളിക്കാന്‍ കഴിയാഞ്ഞാല്‍; ‘സാരമില്ല… കുറച്ചുനേരം കരയാം’ എന്ന് സമാധാനപ്പെടാനും കഴിയുന്ന കുട്ടികളായി ഉണ്ടനും ഉണ്ടിയും ഉണ്ടുണ്ട് ഉരുണ്ടുരുണ്ട് വളര്‍ന്നുവന്നു. മരിച്ചുപോയതാണെങ്കിലും നിന്നനില്‍പ്പില്‍ ആവിയായിപ്പോയതാണെങ്കിലും കുട്ടികളുടെ മടിമാറ്റാന്‍ ഭഗവാനോട് പറയാന്‍ കാശിക്ക് പോയതാണെങ്കിലും കുറേകാലമായി കൂടെ രക്ഷിതാക്കള്‍ ആരുമില്ലാതിരുന്നിട്ടും ഉണ്ടനും ഉണ്ടിയും പട്ടിണി കിടന്നില്ല എന്നത് സത്യമാണ്. അതാണല്ലോ വെറ്റിലകൊണ്ട് ഒരു ചെവിപൊത്തി മറുചെവിയില്‍ പറഞ്ഞ ഒരു നല്ല പേര് സ്വന്തമായുണ്ടായിട്ടും; ആ പേരുവരെ മറന്നുപോയമട്ടില്‍ എല്ലാവരും വിളിച്ചുവിളിച്ച്, തടിച്ചുതടിച്ച് ഇവരിങ്ങനെ ഉണ്ടുറങ്ങി ഉണ്ടനും ഉണ്ടിയുമായി വളര്‍ന്നുവരുന്നത്.