മുകളിലെത്തിയശേഷം ഉണ്ടി പോയി കൂടുതല്‍ ബലമുള്ള കയറുകളും മുളയുടെ ഏണിയും എടുത്തുകൊണ്ടുവന്ന് കിണറ്റിലിറക്കിക്കൊടുത്തു. രണ്ടാമത് മുതല പുറത്തുവന്നു. പിന്നെ പുലി പുറത്തുവന്നു. പിന്നെ ഉണ്ടനും.
ഉണ്ടി, കിണറ്റിന്‍കരയില്‍നില്‍ക്കുന്ന എല്ലാവരോടുമായി പറഞ്ഞു.
“സൂക്ഷിക്കണം. താളി കിടപ്പുണ്ട്. വഴുക്കും.”
മുതല പുലിയെ തിന്നുന്നതുകാണാനുള്ള വെപ്രാളപ്പാച്ചിലില്‍ കയ്യില്‍നിന്നും വീണ കമ്പ്രാന്തല്‍ വീണ്ടുമെടുത്തു കത്തിച്ച്, ഉണ്ടന്‍, പടിവരെ പോകാനുള്ള വഴിയിലെ മുള്ളുകള്‍ മാറ്റി.
ഉണ്ടി മുതലയോടു ചോദിച്ചു.
“കുളത്തില്‍കൊണ്ടു വിടണോ…?”
മുതല പറഞ്ഞു.
“വേണ്ട. പുലിയുണ്ടല്ലോ കുളംവരെ. ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞുപോകാം. അല്ലാ, എന്റെകൂടെ കൊണ്ടുവന്ന ആ നീര്‍ക്കോലിയോ….?”
പുലിക്ക് ശ്വാസംവീണു. പുലി പറഞ്ഞു.
“സമാധാനായി! മൂര്‍ഖനാണോന്ന് പേടിച്ചിരിക്ക്യായിരുന്നു! അത് എന്നെ കടിച്ചിട്ട് ഓടിപ്പോയി. അതിപ്പൊ കൊളത്തിലെത്തീട്ട്ണ്ടാവും.”
അങ്ങനെ പുലിയും മുതലയും പടികടന്നുപോയതും ഉണ്ടനും ഉണ്ടിയും കോലായിലേയ്ക്ക് കയറി.
ഉണ്ടി പറഞ്ഞു.
“അയ്യോ…!”
ഉണ്ടന്‍ ഒന്നു പരിഭ്രമിച്ചു.
“എന്തേ…!?”
ഉണ്ടി പറഞ്ഞു
“പുള്ളിപ്പുലിടെ പുള്ളി എണ്ണണംന്ന് വിചാരിച്ചതാ… മറന്നുപോയി….”
“നമ്മള്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ… ഇനി എന്തൊക്കെ എണ്ണാന്‍ കിടക്കുന്നു. ബാ…, നായക്കൊര്‍ണ വിതറിയ മുകളിലേയ്ക്ക്പോകാതെ തത്ക്കാലം താഴെ ഏതെങ്കിലും മുറിയില്‍കിടന്ന് ഉറങ്ങാന്‍ നോക്ക്.” അയയിലെ തോര്‍ത്ത് വലിച്ചെടുത്ത് തലതോര്‍ത്തിക്കൊണ്ട് ഉണ്ടനും ഉണ്ടിയും അകത്തേയ്ക്ക് നടന്നു.