പുലി പറഞ്ഞു.
“മുറിവൊക്കെ നീറുന്നുണ്ട്. മുറിവില്‍ മീന്‍ കൊത്തുന്നുണ്ട്. എന്താ അപ്പൊ ഇനി നമ്മടെ പരിപാടി?”
ഉണ്ടി മനസ്സിലോര്‍ത്തു. ‘പുറത്തുകടന്നാല്‍ ആദ്യംതന്നെ ഈ കിണറിനൊരു ആള്‍മറ പണിയണം.’
ഉണ്ടന്‍ മുതലയോട് ചോദിച്ചു.
“മുതലമാമാ…, പുലിയച്ചനെ തിന്നുന്നുണ്ടോ? മനുഷ്യനെത്തിന്നാപ്പുലിയെ?”
മുതല പറഞ്ഞു.
“ഇപ്പൊ ഒരു ഹരത്തിന് തത്ക്കാലം തിന്നാലും; നാളെമറ്റന്നാ കഴിഞ്ഞാ എനിക്ക് വീണ്ടും വെശക്കും. അപ്പൊ നിങ്ങളേം തിന്നേണ്ടിവരും. അതും കഴിഞ്ഞാലോ…! ഞാനീ കെണറ്റില് കെടന്ന് പട്ടിണികിടന്ന് മെലിഞ്ഞ് നീര്‍ക്കോലിയായി ചത്തുപോകില്ലേ…!?”
‘കുടത്തില്‍ കൊണ്ടിട്ട ആ നീര്‍ക്കോലി എന്തായോ എന്തോ!’ എന്ന്, ഉണ്ടി ആലോചിച്ചു.
ഉണ്ടന്‍ പുലിയോട് ചോദിച്ചു.
“പുലിയച്ചാ…., ഞങ്ങളെ തിന്നുന്നുണ്ടോ?’
പുലി പറഞ്ഞു.
“മുതല പറഞ്ഞതന്നല്ലേ അവസാനം ബാക്കിയാവുക. ഞാന്‍ നിങ്ങളെ തിന്നും. മുതല എന്നെ തിന്നും. പാവം മൂപ്പര് കെണറിലെ നീര്‍ക്കോലിയാവും. എന്നിട്ടെന്താ കാര്യം!?’
“അപ്പൊ ഇനി?” ഉണ്ടി ചോദിച്ചു.
“തൂങ്ങിക്കിടക്കണ കയറില്‍ക്കൂടി കേറിപ്പോവാന്‍ പറ്റണ ആള് മുകളിലേയ്ക്ക് കയറിയിട്ട്, ബാക്കിയുള്ളോരെ രക്ഷപ്പെടുത്തുക.” മുതല പറഞ്ഞു.
“എന്നാപിന്നെ ഞങ്ങള് രണ്ടാളും കേറിയാലോ….?” ഉണ്ടി ചോദിച്ചു.
പുലി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
“ഞങ്ങള് വേണ്ട! ഒരാള് കേറിപ്പോകൂ ആദ്യം. എന്നിട്ട് എന്നെയോ മുതലയേയോ കയറ്റുക. എന്നിട്ട് രണ്ടാമത്തെ ആള്‍ കയറിയാല്‍ മതി.”
മുതലയും ചിരിച്ചുപോയി. ജീവിതത്തില്‍ ഒരിക്കല്‍ ചതി പുറത്തെടുത്താല്‍പിന്നെ, ഒരാളെ പൂര്‍ണമായും വിശ്വസിക്കാന്‍ പാടാ. പുലി പറഞ്ഞതില്‍ തെറ്റില്ല.
അങ്ങനെ ഉണ്ടി, തൂങ്ങിക്കിടന്ന കയറില്‍ തൂങ്ങി. കയറിന്റെ മറുതല, വെള്ളംകോരുന്ന തൊട്ടി കപ്പിയില്‍ കുടുങ്ങുംവരെ കയര്‍ വലിച്ച്, തൊട്ടി കുടുങ്ങിയപ്പോള്‍ പതുക്കെ തൂങ്ങിക്കയറി പുറത്തിറങ്ങി.