ഓടിപ്പാഞ്ഞ് ചെല്ലുമ്പോള്‍, ഉണ്ടനും ഉണ്ടിയുംതന്നെ പിഴിഞ്ഞൊഴിച്ച് ഒരുക്കിവെച്ച താളിച്ചതിയുടെ കാര്യമൊക്കെ ഇവര്‍ മറന്നുപോയിരുന്നു. കോണിയിറങ്ങി കോലായ കടന്ന് മുറ്റം കടന്നുവന്ന ആ വരവില്‍, കാല്‍ വഴുതി കമ്പ്രാന്തല്‍ കയ്യില്‍നിന്നും പോയി…, രണ്ടുപേരും നേരെ കിണറ്റിനുള്ളില്‍.!
ഇപ്പോള്‍ മൊത്തം നാലുപേരുണ്ട് കിണറ്റില്‍! എല്ലാം കണ്ട് ചിരിക്കുന്ന അമ്പിളിമാമന്‍ ഇവര്‍ക്കുമുമ്പേ കിണറ്റിലിറങ്ങിക്കിടപ്പുണ്ട്. മാമന്‍ എന്തായാലും നേരം വെളുത്താ കയറിപ്പോകും. പക്ഷേ ബാക്കിയുള്ളോരടെ കാര്യം അതല്ലല്ലോ. മുതല പുലിയെ ഒന്നു നോക്കി. പുലി ഉണ്ടനേയും ഉണ്ടിയേയും ഒന്നു നോക്കി. ഉണ്ടനും ഉണ്ടിയും പരസ്പരവും ഒന്നു നോക്കി.
‘നെയ്യപ്പം തരാതെ പറ്റിച്ച ഉണ്ടനേയും ഉണ്ടിയേയും നെയ്യപ്പം നിറച്ച വയര്‍ചേര്‍ത്ത് ആദ്യമേ അങ്ങ് തിന്നാലോ!?’ എന്ന് പുലിയച്ചന്‍ ആലോചിച്ചു.
‘ഉണ്ടനും ഉണ്ടിയും തനിക്കുനേരെ നീട്ടിയ വെടിയിറച്ചി തയ്യാര്‍! പുലിയെ അങ്ങ് വിഴുങ്ങിയാലോ’ എന്ന്, മുതല ആലോചിച്ചു.
‘പുലിയോട് മാപ്പ് പറഞ്ഞ്, നാളെ നെയ്യപ്പമുണ്ടാക്കിത്തന്നാ പോരേ എന്ന്, സന്ധി ചെയ്താലോ!?’ എന്ന് ഉണ്ടനുമുണ്ടിയുമാലോചിച്ചു.
എന്നാല്‍ ആരും ഒന്നും പരസ്പരം പറഞ്ഞില്ല. ആരും അനങ്ങിയുമില്ല.
വെള്ളത്തില്‍ മുങ്ങിനിവര്‍ന്നതും പുലിയുടെ ദേഹത്തെ നായക്കൊര്‍ണപ്പൊടി പോയി ചൊറിച്ചില്‍ നിന്നിരുന്നു. കണ്ണിലെ, ആട്ടങ്ങക്കുരു വീണതും ചാരവും പോയപ്പൊ; ചെറിയ നീറ്റലുണ്ടെങ്കിലും കണ്ണ് തുറക്കാറായിട്ടുമുണ്ട്.
‘പുലിയെ തിന്നാലും കിണറ്റില്‍നിന്നെങ്ങനെ കേറിപ്പോകും!? ‘വെടിയിറച്ചി’ എന്ന് കേട്ടതും ചാടിപ്പുറപ്പെട്ട് ഇവരുടെ തോളില്‍ക്കയറിപ്പോന്നത് അബദ്ധമായി!’ മുതല ആലോചിച്ചു.
‘വെറുതെ ഒരു വിറകിന്‍കെട്ട് ഏറ്റിക്കൊടുത്തതിന് നൂറ് നെയ്യപ്പം ചോദിച്ച്, മടിയന്മാരായ ഈ ഉണ്ടുണ്ണികളെ പറ്റിക്കാന്‍ നോക്കിയതിനും; നെയ്യപ്പം തിന്നശേഷം ഇവരേയും തിന്നാം എന്ന് പദ്ധതിയിട്ടതിനും കാട്ടുമലദൈവം തന്ന ശിക്ഷയാണീ കിണറ്റിലെ കിടപ്പ്!’ എന്ന് പുലിയോര്‍ത്തു. ‘പിള്ളേരെ ഒരു ദേഷ്യത്തിന് ഇപ്പൊ പിടിച്ച് തിന്നാലും മുതല എന്നെ വെറുതെവിടാന്‍ പോകുന്നില്ല. ഉണ്ണിയപ്പം തിന്ന ഉണ്ടനേം ഉണ്ടിയേയും തിന്ന എന്നെ തിന്ന മുതലയാവും അവസാനം ബാക്കി!’ ആകെ കളി കയ്യില്‍നിന്നും പോയ മട്ടുണ്ട്.
‘നെയ്യപ്പം കൊടുക്കാം എന്ന് അനാവശ്യ വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ചവനെ പറ്റിക്കാന്‍ നോക്കിയതിനും; ചതിച്ച് കിണറ്റില്‍ ചാടിച്ചതിനും കിട്ടിയ തിരിച്ചടിയാണ് ഈ കിണറ്റില്‍ കിടപ്പ്’ എന്ന് ഉണ്ടനും ഉണ്ടിക്കും മനസ്സിലായി.
‘അഥവാ പുറത്തുകടന്ന് രക്ഷപ്പെട്ടാല്‍; ഇനി മടിയന്മാരാകില്ല’ എന്നും, വെള്ളത്തില്‍ നിന്നനില്‍പ്പില്‍, ഇരുവരും മനസ്സില്‍ പുതിയൊരു കരുതലായി കണക്കാക്കി.
ഉണ്ടിയും ഉണ്ടനും ഒപ്പം സമാധാനപ്പെടുകയും ചെയ്തു. ‘അല്ലെങ്കിലും ഞങ്ങള്‍ മടിയരൊന്നുമല്ല. അത് നാട്ടുകാര്‍ പറയുന്ന അപവാദം മാത്രം. ഒരു മുതലയെ രാത്രിക്കുരാത്രി അമ്പലക്കുളത്തില്‍നിന്നുമേറ്റി കിണറ്റിലെത്തിക്കാന്‍ അസാമാന്യ അദ്ധ്വാനികള്‍ക്കേ കഴിയൂ. പക്ഷേ, ഇനി അഭിമാനിക്കുന്നതൊക്കെ ജീവന്‍ തിരിച്ചുകിട്ടിയശേഷം.’