ഇതെല്ലാം, വിളക്കണച്ച് തട്ടിന്‍പുറത്തിരിക്കുന്ന ഉണ്ടനും ഉണ്ടിയും കേള്‍ക്കുന്നുണ്ട്. താഴെനടന്ന പല പരാക്രമങ്ങളും മുകളിലിരുന്ന് ഉണ്ടനും ഉണ്ടിയും അറിഞ്ഞിരുന്നു.
‘ഇനി നെയ്യപ്പം നാളെയുണ്ടാക്കിക്കൊടുക്കാം എന്നുപറഞ്ഞാല്‍, അഥവാ നമ്മളെ തിന്നാന്‍ പുലിക്ക് പദ്ധതിയില്ലെങ്കില്‍പ്പോലും തിന്നുകളയും. അതുകൊണ്ട് തത്ക്കാലം പുലി പോകുംവരെ തട്ടിന്‍പുറത്ത് മിണ്ടാതിരിക്കുന്നതാണ് തടിക്ക് നല്ലത്. ജീവിതത്തിലാദ്യമായി ഒരു പണിയെടുത്തിട്ട് അതിങ്ങനെയായല്ലോ ഈശ്വരാ.!’
ഉണ്ടനും ഉണ്ടിയും ശ്വാസമടക്കിപ്പിടിച്ച് പുലിയുടെ ആത്മഗതത്തോടുകൂടിയ കോണിപ്പടികയറല്‍ ശ്രദ്ധിച്ചിരുന്നു.
“നിങ്ങടെ കാര്യത്തിലൊരു തീരുമാനമായി മക്കളേ…”
പുലി വളരെ ശ്രദ്ധിച്ച് അടുത്ത പടികയറി.
“അപ്പൂം തിന്ന് നിങ്ങളേം തിന്ന് ഒരാഴ്ച കുളിച്ച് താമസിക്കാംന്ന് കര്തി വന്ന എന്നെ നിങ്ങള്….” പുലി അടുത്ത പടികയറി….
“പാമ്പിനേക്കൊണ്ട് കൊത്തിച്ചു….! മുള്ള് കുത്തിച്ചു…!”
“മടിപിടിച്ച നിങ്ങടെ വീടിന് ‘മടിയില്ലാപ്പെരാ’ ന്ന് പേരിടാമെങ്കില്…..; നിങ്ങളെ തിന്നാന്‍വന്ന എനിക്ക്, ‘മനുഷ്യനെത്തിന്നാപ്പുലീ’ന്നും പേരിടാം….”
വീണ്ടും പുലി ഒരു പടികൂടി കയറി….
“ഇതുവരെ പറ്റിയതിന്റെ ക്ഷീണംമാറ്റി…. നേരം വെളുക്കട്ടേ ട്ടോ…”
അങ്ങനെ പുലിയച്ചന്‍ മുകളിലെത്തി, പതിയെ തപ്പിത്തപ്പി, കിടക്ക കണ്ടെത്തി കട്ടിലില്‍ക്കയറികിടന്നു. കിടന്നതും മുറിവ് വേദനിച്ചു. ഉടന്‍ ഒന്ന് തിരിഞ്ഞുകിടന്നു. കുറച്ചുമാത്രകള്‍ മാത്രം! ദേഹം മുഴുവന്‍ ചൊറിഞ്ഞുതുടങ്ങിയ പുലി എണീറ്റോടി. കുളിക്കാന്‍ കുളം തപ്പിയുള്ള ഓട്ടമാണ്. ഇത്തവണ, ശ്രദ്ധിക്കാനും ആത്മഗതം പുലമ്പാനുമൊന്നും നില്‍ക്കാതെയായിരുന്നു പുലിയുടെ കോണിയിറങ്ങിയുള്ള പാച്ചില്‍! മുറ്റത്തെത്തിയതും; ഇങ്ങോട്ടുവരുമ്പോള്‍ മൂക്കിലെത്തിയ താളിയുടെ മണമോര്‍മ്മവന്ന് പുലി കിണറിനുനേരെ മണംപിടിച്ച് പാഞ്ഞു.
‘തുടിയോ ഏത്തമോ കയറും കപ്പിയും തൊട്ടിയുമോ… എന്തായാലും വേണ്ടില്ല…. വെള്ളം കോരിക്കുളിച്ച് ഒന്ന് ചൊറിച്ചിലാറ്റിയശേഷം കുളമോ പുഴയോ പിടിക്കാം’ എന്നായിരുന്നു പുലിയുടെ മനസ്സിലെ പുതിയ; പെട്ടെന്നുണ്ടായ ആശയം.
പക്ഷേ, കിണറ്റിന്‍കര എത്തിയതേ ഓര്‍മ്മയുള്ളൂ. താളി പിഴിഞ്ഞൊഴിച്ചതില്‍ ചവുട്ടി, പുലി, ആള്‍മറയില്ലാത്ത കിണറ്റിനകത്തേയ്ക്ക് വീണു.
പുലി കിണറ്റില്‍വീണ ശബ്ദം കേട്ടതും; ഉണ്ടനും ഉണ്ടിയും തീപ്പെട്ടിയെടുത്ത് കമ്പ്രാന്തല്‍ വീണ്ടും കത്തിച്ച് താഴേയ്ക്കിറങ്ങിയോടി.
“ചതിയന്‍ പുലിയന്‍ വെളവന്‍ തൊരപ്പന്‍ നമ്മള് കഷ്ടപ്പെട്ട്ണ്ടാക്കിയ നെയ്യപ്പൂം തിന്ന് നമ്മളേം തിന്നാനായിരുന്നു പദ്ധതി. വെറകന്‍, ശപ്പന്‍, ശുംഭന്‍….”
ഉണ്ടന് ദേഷ്യംതീരാതെ കിണറ്റിന്‍കരയിലേക്കോടുമ്പോള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
“ഞാനിതുവരെ ഒരു മുതല പുലിയെ തിന്നുന്നതുകണ്ടിട്ടില്ല. വേം…. വാ…” എന്ന് ആവേശത്തില്‍, ഉണ്ടിയും കിണറ്റിന്‍കരയിലേയ്ക്ക് പാഞ്ഞു.