ചവിട്ടുന്നത് ചവിട്ടുന്നത് മുള്ളില്‍! പുലിയുടെ കാലെല്ലാം മുള്ളുകയറി ചോരവാര്‍ന്നുതുടങ്ങിയിരുന്നു മുറ്റവുംകടന്ന് കോലായയിലെത്തിയപ്പോഴേയ്ക്കും. ചോരയൊലിക്കുന്ന കാലുമായി കാവിയിട്ടു മിനുസമായ കോലായയില്‍ കയറിയതും,പുലി രണ്ടുമൂന്നിടത്ത് വഴുക്കിവീണു. ചുമലും മുതുകുമെല്ലാം തിണ്ണയിലിടിച്ചു. കഷ്ടപ്പെട്ട് തപ്പിപ്പിടിച്ച് വാതില്‍ക്കലെത്തി. വാതില്‍ തള്ളിത്തുറന്ന് അകത്തുകടക്കാന്‍ നോക്കിയതും; വാതില്‍ക്കല്‍ കെട്ടിത്തൂക്കിയ അമ്മിക്കുഴവയും ആട്ടുകുഴവയും അമ്മിക്കല്ലും തലയിലിടിച്ച് തലപൊട്ടിച്ചോരയൊഴുകി.
‘ഇതേതോ ഇന്ദ്രജാലക്കാരന്റെ വീടുപോലുണ്ടല്ലോ…! എന്ന് വിചാരിച്ച്, വേദന സഹിച്ച്, പുലി, ‘ഇനി വെളിച്ചമില്ലാതെ പോകുന്നില്ലെ’ ന്ന് തീരുമാനിച്ച്, തപ്പിപ്പിടിച്ച് അടുക്കളയിലെത്തി. നെയ്യപ്പമണവും ചൂടും കണ്ടെത്തി അടുപ്പിനരികിലെത്തി. കനലൂതി തീ കത്തിക്കാന്‍വേണ്ടി അടുപ്പില്‍ ചെറുതായൊന്നൂതി. കനലുണ്ട്. ചെറുതായി കനയ്ക്കുന്നുണ്ട്. പുലി സര്‍വ്വശക്തിയുമെടുത്ത് അടുപ്പിലൂതി. ചാരത്തിനടിയിലെ കനല്‍ ആളിയതും അടുപ്പിലിട്ട ആട്ടങ്ങകള്‍ പൊട്ടിത്തെറിച്ച് പുലിയച്ചന്റെ കണ്ണില്‍ത്തെറിച്ചു.
‘ഇനി വെളിച്ചം കിട്ടിയിട്ടും കാര്യമില്ല. കണ്ണ് കഴുകി, കാഴ്ച പോയോ എന്നുനോക്കട്ടെ’ എന്നുകരുതി പുലിയച്ഛന്‍, കണ്ണുകഴുകാന്‍ വെള്ളമന്വേഷിച്ച് തപ്പിത്തപ്പി വടുക്കോറത്ത് അരിത്തിണ്ണയില്‍വെച്ച വെള്ളക്കുടത്തില്‍ കയ്യിട്ടു. തട്ടുംമുട്ടും കേട്ട്, രാജവെമ്പാല അടുത്തെത്തി എന്ന് ഭയന്നിരുന്ന കുടത്തിനകത്തെ നീര്‍ക്കോലി, പുലിയച്ചന്റെ കയ്യില്‍കടിച്ച് ഇറങ്ങിയോടി.
‘ചേരയാണോ നീര്‍ക്കോലിയാണോ മൂര്‍ഖനാണോ കടിച്ചത് എന്നുപോലും അറിയാന്‍പറ്റാതെ പോയല്ലോ! മരിച്ചാ മരിക്കട്ടെ…. കുറച്ചുനേരം മുകളിലെ കിടപ്പുമുറിയില്‍ പോയി വിശ്രമിക്കാം….’ എന്നുവിചാരിച്ച്, പുലി പതിയെ അകത്തേയ്ക്ക് കയറി, കോണി കയറിത്തുടങ്ങി. കോണിപ്പടിയിലെ നെല്ലിക്കയില്‍ ചവുട്ടി, ‘ചടപടാ’ന്ന് താഴെ വീണ്, പുലിക്ക്, കണ്ണുതുറക്കാതെത്തന്നെ പൊന്നീച്ചയെ കാണാന്‍ കഴിഞ്ഞു.
വീണിടത്തുതന്നെ കുറച്ചുനേരം കിടന്ന് വിശ്രമിച്ചശേഷം, തലകറക്കം ഒന്നുനിന്നപ്പോള്‍ പുലി, വീണ്ടും, ശ്രദ്ധിച്ച് കോണി കയറിത്തുടങ്ങി. കോണി കയറുമ്പോള്‍ ചിത്രക്കഥകളിലെ പുലിയേപ്പോലെ, പുലിയച്ചന്‍, തന്റെ ആത്മഗതം കുറച്ചുറക്കെ പറഞ്ഞുപറഞ്ഞായിരുന്നു കയറിയത്.
“ഉണ്ടാ….,” എന്നുപറഞ്ഞ് ഒരുപടവ് വെയ്ക്കും. ശ്രദ്ധിച്ച് അടുത്ത പടവിലേയ്ക്ക്. “ഉണ്ടീ…”