അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ഉണ്ടനും ഉണ്ടിയും
December 31, 2020 5969 No Comments

ഉണ്ടന്‍ പറഞ്ഞു.

“കൃത്യമായിട്ട് വരാന്‍ നമ്മള്‍ പറഞ്ഞുകൊടുത്തിട്ടുണ്ടല്ലോ. ‘മടിയില്ലാപ്പുരയിലെ ഉണ്ടനും ഉണ്ടിയും’ എന്ന്. ആരോടു ചോദിച്ചാലും പറഞ്ഞുകൊടുക്കും. പോരാത്തതിന് നമ്മളുണ്ടാക്കിയ നെയ്യപ്പത്തിന്റെ മണം കാട്ടിലുമെത്തിക്കാണില്ലേ…. നമ്മള്‍ ഇല്ലത്തുചെന്നപോലെ മണംപിടിച്ചുപിടിച്ച് പുലി എന്തായാലും വരും.”

കുറച്ചുനേരം രണ്ടാളും മിണ്ടാതിരുന്നു. നിശ്വാസശബ്ദംമാത്രം തട്ടിന്‍പുറത്ത്. 

ഉണ്ടന്‍ പതുക്കെ പറഞ്ഞു.

“എന്നാലും, വിറകിന്‍കെട്ടേറ്റിത്തന്ന; മനുഷ്യനെത്തിന്നാത്ത പുലിയെ നമ്മള്‍ ഇത്രയും ദ്രോഹിക്കണോ…!?’

ഉണ്ടിക്കും ഇതേ അഭിപ്രായമായിരുന്നു ഉള്ളില്‍. എന്നാലും ഒരു ബലം കിട്ടുന്നില്ല.

ഉണ്ടി പറഞ്ഞു.
“ആദ്യം നമ്മക്ക്, പുലി വരുമോന്ന് നോക്കാം. മര്യാദക്കാരനായിട്ടാണ് പുലിയുടെ നിലപാടെങ്കില്‍, നെയ്യപ്പം മുഴുവന്‍ നമ്മള്‍ കൊതിമൂത്ത് തിന്നുപോയീന്ന് പറയാം. നാളെ വീണ്ടും ഉണ്ടാക്കിക്കൊടുക്കാലോ… ഇപ്പൊ നമ്മള് നെയ്യപ്പത്തിന്റെ വിദഗ്ദ്ധരായ സ്ഥിതിക്ക്… അങ്ങനേം ചെയ്യാലോ…”

അത് ശരിയാണെന്ന് ഉണ്ടനും തോന്നി.

ഇതിനിടയില്‍, സ്വന്തം ശരീരത്തില്‍ എത്ര പുള്ളിയുണ്ടെന്നുപോലും അറിയാത്ത പുലി പടിയ്ക്കലെത്തിയിരുന്നു. പടിയ്ക്കല്‍നിന്ന് പുലി ആകെമൊത്തം ഒന്നുനോക്കി.
‘ആള്‍ത്താമസമില്ലാത്ത വീടുപോലുണ്ടല്ലോ! ഞാന്‍ എത്താന്‍ താമസിച്ചോ?’

പുലിയച്ചന്‍ നീട്ടി വിളിച്ചു.
“മടിയില്ലാപ്പുരയിലെ ഉണ്ടനും ഉണ്ടിയും താമസിക്കുന്ന മടിയില്ലാപ്പുര എന്ന വീട് ഇതല്ലേ….?”

‘ഇതുതന്നെയാണ്, പക്ഷേ ഞങ്ങള്‍ പറയില്ല’ എന്ന്, തട്ടിന്‍പുറത്തെ ഉണ്ടനും ഉണ്ടിയും തീരുമാനിച്ചു.

പുലി ഒന്നുകൂടി വിളിച്ചു. 
“ഉണ്ടാ…, ഉണ്ടീ…., പൂയ്….”

ഉണ്ടന്‍ ഉണ്ടിയുടെ ചെവിയില്‍ പറഞ്ഞു. “ഇതിനേക്കാള്‍ നന്നായിട്ടാ നീയിന്ന് വരമ്പത്ത് വെച്ച് നാണിയമ്മയെ വിളിച്ചത്.”

‘മിണ്ടല്ലേ!’ എന്ന് ഉണ്ടി, ഉണ്ടന് കാണില്ലെങ്കിലും; ചുണ്ടില്‍ വിരല്‍വെച്ചു. 

‘നല്ല താളിയുടെ മണം! നെയ്യപ്പൂം തിന്ന് രണ്ടും തേച്ചുകുളിച്ച് കിടന്നുറങ്ങിക്കാണും.’ പുലി വിചാരിച്ചു. ‘എന്തായാലും… എനിക്ക് മാറ്റിവെച്ച നെയ്യപ്പം തിന്നശേഷം ബാക്കി അന്വേഷിക്കാം.’
പുലി പടികടന്ന് അകത്തേയ്ക്ക് കുതിച്ചു.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.