രണ്ടുപേരുംകൂടി വിയര്‍ത്തുകുളിച്ച് കിതച്ചുകിതച്ച് പരസ്പരം നോക്കി.
“മതിയോ….?” ഉണ്ടന്‍ ചോദിച്ചു.
“പോരാ” – ഉണ്ടി പറഞ്ഞു.
“ഒരു മുതലകൂടി വേണം.”
“ഇല്ലത്തുപോയി കടം ചോദിച്ചാലോ?” ഉണ്ടന്‍ ചോദിച്ചു.
“അവിടെ പശു മാത്രമേ കാണൂ. നമ്മള്‍ക്ക് പിടിക്കാം. മുതലക്കുളങ്ങര അമ്പലക്കുളത്തിലുണ്ടാവും.”
ഉണ്ടി പറഞ്ഞു.
ഇരുവരും അമ്പലക്കുളത്തിലേയ്‌ക്കോടി. ഓടിച്ചെന്ന് വെള്ളത്തിലേയ്ക്ക് കൂപ്പുകുത്തി, കാഴ്ച്ചയില്‍ നല്ലവനെന്ന് തോന്നിയ ഒരു മുതലയേയും പിടിച്ച് കരയ്ക്കുകയറി. ഉറക്കച്ചടവില്‍ മുതല ചോദിച്ചു.
“എവടയ്ക്കാ…?”
“നല്ല വെടിയിറച്ചി തരാം…. ബാ….” ഉണ്ടന്‍ പറഞ്ഞു.
മുതലയുടെ തലപിടിച്ച ഉണ്ടി മുതലയേയുംകൊണ്ട് ഓടാന്‍നോക്കുമ്പോള്‍ മുതല നീങ്ങുന്നില്ല! ഉണ്ടി കഷ്ടപ്പെട്ട് തിരിഞ്ഞുനോക്കുമ്പോഴുണ്ട് ഉണ്ടന്‍, മുതലയുടെ വാല്‍ താങ്ങിപ്പിടിച്ച്, കഷ്ടപ്പെട്ട്, കുളത്തില്‍നിന്നും ഒരു നീര്‍ക്കോലിയെക്കൂടി പിടിക്കുന്നു!
ഇരുവരും മുതലയേയുംതാങ്ങി വീട്ടിലെത്തി. വന്നതും; ആള്‍മറയില്ലാത്ത കിണറ്റിലേയ്ക്ക് മുതലയെ ഇട്ടു. വടുക്കോറത്ത് മണ്‍കുടത്തിലെ വെള്ളത്തില്‍കൊണ്ടുപോയി നീര്‍ക്കോലിയേയും വിട്ടു. പുറത്തുചാടാന്‍ നോക്കിയ നീര്‍ക്കോലിയോട് പറഞ്ഞു;
“പുറത്തൊരു രാജവെമ്പാലയുണ്ട്. അവടെ കെടന്നാ ജീവന്‍ കിട്ടും.” അങ്ങനെ നീര്‍ക്കോലിയെ പറഞ്ഞുപേടിപ്പിച്ച് ഇരുവരും വേലിയ്ക്കലേക്കോടി.
വേലിയില്‍നിന്നും വെള്ളിലയും നീരോലിയും ചെമ്പരത്തിയും ഉഴിഞ്ഞയും ചറപറാന്ന് കുറേ പറിച്ച്, തിരികെ പോരുംനേരം കുറേ കുറുന്തോട്ടിയും പറച്ച്, ഉണ്ടനും ഉണ്ടിയും കിണറ്റിന്‍കരയിലെത്തി. കിണറ്റിനുചുറ്റും ഈ ഇലകളെല്ലാം ഉരച്ചരച്ച് താളിപിഴിഞ്ഞൊഴിച്ചുവെച്ചു. എന്നിട്ട് ഇരുവരും കാലില്‍ മുള്ളുകുത്താതെ അകത്തുകയറി, കോണിപ്പടിയിലെ നെല്ലിക്കയില്‍ ചവിട്ടാതെ മുകളില്‍ കയറി, കയ്യിലെ വിളക്കൂതിക്കെടുത്തി, മൂന്നാംനിലയിലെ തട്ടിന്‍പുറത്ത് ഒളിച്ചിരുന്നു.
ഉണ്ടി പറഞ്ഞു.
“ചെലപ്പൊ പുലി വരില്ലായിരിക്കും.”
ഉണ്ടന്‍ ചോദിച്ചു.
“കാരണം?”
“നമ്മടെ വീട് ഇതാണെന്ന് പുലിയ്ക്കറിയില്ലല്ലോ….” ഉണ്ടി കരുതല്‍ പുറത്തെടുത്തു.