“നെയ്യപ്പം കിട്ടാത്ത ദേഷ്യത്തിന് ഇനി നമ്മളെ പിടിച്ചുതിന്നുമോ?” ഉണ്ടന്‍ ചോദിച്ചു.
“പുലിയച്ചന്റെ മുഴുന്‍പേര് മനുഷ്യനെത്തിന്നാപ്പുലി എന്നല്ലേ… നമ്മളെ തിന്നില്ലായിരിക്കും.”
ഉണ്ടി സമാധാനപ്പെടാന്‍ നോക്കി.
“പക്ഷേ നെയ്യപ്പം നമ്മടെ വയറ്റിലുണ്ടല്ലോ. അപ്പോള്‍ ആ നെയ്യപ്പം കിട്ടാന്‍; നെയ്യപ്പം നിറച്ച വയര്‍ കിട്ടാന്‍; നമ്മളെ തിന്നാലോ!”
ഉണ്ടന്‍ കൂടുതല്‍ ജാഗ്രത്തായി.
“തിന്നാലോ എന്നല്ല. തിന്നും. എത്രയുംപെട്ടെന്ന് നമ്മള്‍ക്ക് പുലിയച്ചനെ നേരിടാനുള്ള വഴി നോക്കണം. നാട്ടുകാര്‍ പറയുന്ന പരദൂഷണമൊന്നും നമ്മള്‍ ശ്രദ്ധിക്കേണ്ടതില്ല. നമ്മള്‍ അവര്‍ പറയുംപോലെ മടിയരുമല്ല.” ഉണ്ടി എണീറ്റ് ഉരുണ്ടുരുണ്ട് പുറത്തേയ്‌ക്കോടി. ഉണ്ടനും ഉരുണ്ടുതുടങ്ങി. “പുലിയച്ചന്‍, മനുഷ്യനെത്തിന്നുന്ന വീട്ടിലെയാണെങ്കിലും മനുഷ്യനെത്തിന്നാത്ത വീട്ടിലെയാണെങ്കിലും ഇവിടേയ്ക്ക് വന്നൂടാ. നമ്മടെ ബുദ്ധിക്ക് തോന്നുന്ന എന്തുവഴിയും നോക്കാം.”
“നല്ല നാടന്‍പശുവിന്റെ നെയ്യില്‍ ചുട്ട നെയ്യപ്പം തിന്നതുകൊണ്ട് എനിക്ക് നല്ല ബുദ്ധി തെളിയുന്നുണ്ട്.” ഉണ്ടി, വിളിച്ചുപറഞ്ഞുകൊണ്ടോടി.
“വളമിടാതെ ഉണ്ടാക്കിയ നെല്ലില്‍നിന്നുള്ള അരിയായതുകൊണ്ടാവും; എനിക്കും എന്തൊക്കെയോ ബുദ്ധി തെളിയുന്നു” എന്നുപറഞ്ഞ് ഉണ്ടനും പുറത്തേയ്‌ക്കോടി.
തങ്ങള്‍ ജന്മനാ മടിയന്മാരാണെന്നുപോലും മറന്ന്, ഒരു ജീവന്‍മരണപോരാട്ടമായിരുന്നു പിന്നെ നടന്നത്.
ഉണ്ടി ഓടിപ്പോയി, ഇരുട്ടിലും തപ്പിപ്പിടിച്ച്, കുറേ ആട്ടങ്ങ പൊട്ടിച്ചിട്ടുവന്നു. അടുപ്പില്‍ കുറച്ച് വെള്ളം തളിച്ച്, മുകള്‍ഭാഗം ചാരമാക്കി, ആട്ടങ്ങ അടുപ്പിലെ ചാരത്തിലിട്ടു.
ഉണ്ടന്‍, വേലിയില്‍ പടര്‍ന്നുകിടന്നിരുന്ന നായ്ക്കുരണക്കായ പറിച്ച്, മുകളിലെ നിലയിലെ കിടക്കയില്‍ വിതറിയിട്ടു.
ഈ സമയംകൊണ്ട് ഉണ്ടി, കിണറ്റിന്‍കരയില്‍ കിണറ്റിലെ വെള്ളം ശുദ്ധമാക്കാന്‍വേണ്ടി കാര്‍ന്നോമ്മാരാരോ നട്ട നാടന്‍നെല്ലിമരം കുലുക്കി കുറേ നെല്ലിക്ക വീഴ്ത്തി. അത് പെറുക്കി, മുകളിലെ നിലയിലേയ്ക്കുള്ള കോണിപ്പടിയില്‍മുഴുവന്‍ വിതറിവെച്ചു.
ഉണ്ടന്‍ ചെന്ന്, അമ്മിക്കല്ലും അമ്മിക്കുഴവയും ആട്ടുകല്ലും വാതിലിനുമുന്നില്‍ കെട്ടിത്തൂക്കിയിട്ടു.
ഉണ്ടി, വേലികെട്ടാന്‍ ആരോ വെട്ടിയടുക്കിക്കെട്ടിവെച്ച മുള്ളിന്‍കെട്ടഴിച്ച്, തൊടിമുഴുവനും മുറ്റംമുഴുവനും നിരത്തിയിട്ടു.