അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ഉണ്ടനും ഉണ്ടിയും
December 31, 2020 5955 No Comments

വായില്‍ ഓടിക്കളിച്ച അവസാനതരിയുമിറക്കി ഉണ്ടനും ഉണ്ടിയും പരസ്പരം നോക്കി നെടുവീര്‍പ്പിട്ടു. എത്ര നേരത്തെ അദ്ധ്വാനമാണ് നിമിഷനേരംകൊണ്ട് തീര്‍ന്നത്! 

ഇരുവരും അറിയാതെ അപ്പുറത്തേയ്ക്ക് പുള്ളിപ്പുലിക്കായി മാറ്റിവെച്ച അപ്പപ്പാത്രത്തിലേയ്‌ക്കൊന്ന് നോക്കി. കൂമ്പാരംകൂമ്പാരമായി ചറപറാ അപ്പങ്ങള്‍! ഒരു പുള്ളിക്ക് ഒന്ന് എന്ന കണക്കില്‍ കൊടുത്താല്‍പോലും അതിലുംകൂടുതല്‍ നെയ്യപ്പങ്ങള്‍! മണവും സ്വാദും കുമിഞ്ഞുകൂടിയ അപ്പക്കുന്ന്!

ഉണ്ടി ശക്തമായി ശ്വാസം അകത്തേയ്ക്ക് എടുത്തു.
“വെറുതെ ഒര് കെട്ട് വെറക് ഏറ്റിത്തന്ന പുലിക്ക് ഇത്രയും അപ്പം! പണിയൊക്കെ എടുത്ത എനിക്ക് വെറും രണ്ടെണ്ണം! ഞാന്‍ ഒരപ്പംകൂടി തിന്നാന്‍ പോവ്വാ….” ഇതു പറയലും ഒരു നെയ്യപ്പം എടുത്ത് ഉണ്ടി കടിക്കലും ഒപ്പമായിരുന്നു. 

“അങ്ങനെയാണെങ്കില്‍ അരി ഇടിച്ചതും തേങ്ങ കൊത്തിയതുമൊക്കെ ഞാനല്ലേ… ഞാനുമെടുക്കും ഒരെണ്ണം” എന്നുപറഞ്ഞ്, ഉണ്ടനും പുലിക്ക് മാറ്റിവെച്ചതില്‍നിന്നും ഒരപ്പമെടുത്തുതിന്നു. 

“അങ്ങനെയെങ്കില്‍ ശര്‍ക്കര പാവുകാച്ചിയത് ഞാനല്ലേ…?” എന്നുപറഞ്ഞ് ഉണ്ടി ഒന്നുകൂടി എടുത്തു. 

“അങ്ങനെയെങ്കില്‍ അരി ചെലിച്ച്, ഉമിയും തവിടും നീക്കിയത് ഞാനല്ലേ…!?” എന്നുപറഞ്ഞ്, ഉണ്ടനും ഒരപ്പം എടുത്തു.

ഇപ്രകാരം ഒരുപാട് ‘അങ്ങനെയെങ്കിലുകള്‍’ ഇരുവരും മത്സരിച്ച് കണ്ടെത്തി.
‘പുള്ളിപ്പുലിയുടെ പുള്ളി എണ്ണാന്‍ തീരുമാനിച്ചത് ഞാനല്ലേ’ എന്നും ‘പുള്ളിപ്പുലിയുടെ മുഴുവന്‍ പേര് ചോദിച്ചത് ഞാനല്ലേ’ എന്നുമൊക്കെ, ഈ ഒരുപാട് അങ്ങനെകളില്‍ ഉണ്ടനും ഉണ്ടിയും കണ്ടെത്തിയിരുന്നു. 

നെയ്യപ്പം ഉണ്ടാക്കിയതിന്റെ സുഖവും തിന്നതിന്റെ സുഖവും പൂര്‍ണ്ണമായും ആസ്വദിച്ചപ്പോഴേയ്ക്കും; ഉണ്ടാക്കിയ നെയ്യപ്പങ്ങള്‍ മുഴുവന്‍ തീര്‍ന്നുംപോയി! പുലിക്ക് കൊടുക്കാന്‍, തിരക്കിട്ട് കുറച്ചുകൂടി ഉണ്ടാക്കാമെന്നുവെച്ചാലോ; അരിയുമില്ല ശര്‍ക്കരയുമില്ല തേങ്ങയുമില്ല എള്ളുമില്ല. നെയ്യുമാത്രം കാരോലില്‍ കുറച്ചുബാക്കിയുണ്ട് ഇനിയെന്തുചെയ്യും!
പുലിയച്ചന്‍ രാത്രി വരാമെന്നു പറഞ്ഞിട്ടുമുണ്ട്.
‘മനുഷ്യനെത്തിന്നാപ്പുലിയെ കണ്ടിട്ട്, കാര്യങ്ങള്‍ക്കൊരു കൃത്യനിഷ്ഠ ഉള്ളവനേപ്പോലെയാണ് തോന്നുന്നത്.’ 

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.