അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ഉണ്ടനും ഉണ്ടിയും
December 31, 2020 5947 No Comments

“അതെങ്ങനെ ശരിയാകും! ഇതൊക്കെ ഉണ്ടനല്ലേ ചെയ്യാന്‍പോകുന്നത്?” ഉണ്ടി പരിഭ്രമിച്ചു. 

“അല്ലല്ലോ! ആദ്യം വിറകിന്‍കെട്ട് ഏറ്റിയത് ഞാനായതുകൊണ്ട്, അപ്പപ്പണി ഉണ്ടി ചെയ്യണം.’ 

ഇല്ലത്തുണ്ടാക്കിയ നെയ്യപ്പത്തിന്റെ നല്ല മണത്തിനുശേഷം, ഒരു അപകടംകൂടി മണത്തിരുന്നു ഉണ്ടിക്ക്. കാട്ടില്‍വെച്ച് മണത്ത ആ അപകടം, ഈ രൂപത്തിലാണ് പുറത്തുവന്നത്. 

ഇരുവരും വിറകിന്‍കെട്ട് വടുക്കോറത്തെ മുറ്റത്തിട്ട് തിരികെ ഉമ്മറത്തെത്തി, കോലായിലേയ്ക്ക് കയറാന്‍നേരമുണ്ട്, തിണ്ണയില്‍, പിടിത്താള് പേറ്റിപ്പെറുക്കി കുത്തിയരിയാക്കിച്ചേറി വെടുപ്പാക്കി വെച്ചിരിക്കുന്നു നാണിയമ്മ. അപ്പൊ അപ്പത്തിനുള്ള ഒണക്കലരിയും തയ്യാര്‍.

എല്ലാ പണിയും ഉണ്ടി ചെയ്യണമെന്നൊക്കെ പറഞ്ഞെങ്കിലും, പെട്ടെന്ന് അപ്പമുണ്ടാക്കിയാല്‍ പെട്ടെന്ന് അപ്പം തിന്നാമല്ലോ എന്നു കരുതി, ഒണക്കലരി ഉരലിലിട്ട് ഇടിച്ച് പൊടിച്ചതും പൊടി തെള്ളിയരിച്ച് മാവുകലക്കിയതും ഉണ്ടനായിരുന്നു. തേങ്ങ കൊത്തിയരിഞ്ഞുകൊടുത്തതും ഉണ്ടനായിരുന്നു.

ചീനച്ചട്ടി അടുപ്പില്‍ക്കയറി. കാട്ടിലെ വിറക് അടുപ്പില്‍ കത്തി. അടുപ്പിലെ കാളവായില്‍ കട്ടന്‍കാപ്പിക്കുള്ള വെള്ളം കയറി. തേങ്ങാക്കൊത്ത് നെയ്യൊഴിച്ച ചീനച്ചട്ടിയില്‍ വറുത്തെടുത്തു. വറുത്തുമാറ്റിയശേഷം ചീനച്ചട്ടിയില്‍ത്തന്നെ ഉരുക്കി ശര്‍ക്കരയിലെ പൂഴി അരിച്ചെടുത്തുകളഞ്ഞു. കല്ലുപ്പ് വെള്ളത്തില്‍ കലക്കി ചളി കളഞ്ഞു. ഒടുവില്‍, കാരോല്‍ അടുപ്പില്‍ക്കയറി. നെയ്യൊഴിച്ചു. നെയ്യ് തിളച്ചതും അപ്പമാവ് ഓരോ കുഴിയിലും ഒഴിച്ചുകൊടുത്തു. 

‘അപ്പം തിന്നാന്‍ പോരേ കുഴിയെണ്ണണോ!’ എന്നൊക്കെ പറയുമെങ്കിലും; ഉണ്ടനും ഉണ്ടിയും ഒരു കാരോലില്‍ നാല് കുഴി എന്ന കണക്കില്‍, ഇരുപത്താറുവട്ടം അപ്പമുണ്ടാക്കി. ആകെമൊത്തം നൂറ്റിനാലപ്പം. ജീവിതത്തിലാദ്യമായി അദ്ധ്വാനിച്ച് തിന്നാന്‍ പോകുന്നതുകൊണ്ടാണോ എന്നറിയില്ല; ഇല്ലത്തുനിന്നും വന്നതിനേക്കാള്‍ ഉഷാറ്മണമാണ് വരുന്നത്.!

അപ്പം ചുട്ടുകഴിഞ്ഞതും; ആദ്യംതന്നെ, പുലിയച്ചനുള്ളത് ഉണ്ടനും ഉണ്ടിയുംകൂടി മാറ്റിവെച്ചു. നൂറെണ്ണം മാറ്റിക്കഴിഞ്ഞപ്പോള്‍ ബാക്കി നാലെണ്ണം! നാലെങ്കി നാല്. രണ്ടെണ്ണം ഉണ്ടനും രണ്ടെണ്ണം ഉണ്ടിക്കും. തങ്ങള്‍ക്കുള്ള അപ്പം കടിച്ചതും ഇരുവര്‍ക്കും തോന്നി, ഇതാണ് ലോകത്തിലെ ഏറ്റവും സ്വാദുള്ള അപ്പമെന്ന്. ഇതായിരിക്കും ഒരുപക്ഷേ നാട്ടുകാര്‍ പറയുന്ന; ‘നയിച്ചു തിന്നുന്നതിന്റെ സ്വാദ്.’
നാട്ടുകാര്‍ പരദൂഷണം എമ്പരപ്പ് പറയുമെങ്കിലും ഇതുപോലെയുള്ള മഹദ്വചനങ്ങളും പറയുന്നുണ്ടെന്ന്, അപ്പം തിന്നുമ്പോള്‍ ഉണ്ടനും ഉണ്ടിക്കും തോന്നി. വലതുകൈകൊണ്ട് പിടിച്ച് വായില്‍വെച്ച ആദ്യ അപ്പത്തിന്റെ പിടിവിടുന്നതിന് മുന്‍പുതന്നെ രണ്ടുപേരും ഇടതുകൈകൊണ്ട് അടുത്ത അപ്പം എടുത്തുപിടിച്ചിരുന്നു. ഇതും അവരുടെ കരുതലിന്റെ ഭാഗമായിരുന്നു. കാണുന്നവര്‍ക്ക് ആര്‍ത്തി എന്നൊക്കെ തോന്നുമെങ്കിലും; അതല്ല കാര്യം. അഥവാ മറ്റേയാള്‍ ചോദിച്ചാല്‍ കൊടുക്കാതിരിക്കാനാകില്ല. കെഞ്ചിക്കേട്ടാല്‍ എന്തായാലും കൊടുക്കേണ്ടി വരും. ഈ ഒരു ‘കെഞ്ചിക്കേള്‍ക്കല്‍’ എന്ന ആ സന്ദര്‍ഭം ഒഴിവാക്കാനുള്ള കരുതലിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും തങ്ങളുടെ പങ്കായ ഒന്നാമത്തെ അപ്പം തീരുന്നതിനുമുന്‍പുതന്നെ രണ്ടാമത്തെ അപ്പത്തില്‍ പിടിയുറപ്പിച്ചത്. 

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.