വിറകേറ്റി നടക്കുംമുന്‍പ് പുലിയച്ചന്‍ പറഞ്ഞു.
“ഉണ്ടാ, ഉണ്ടി…, ഉപ്പുമാത്രം വെച്ച പൊത്തില്‍നിന്നും ഉപ്പെടുക്കാന്‍ മറക്കണ്ട. ഉപ്പിടാത്ത നെയ്യപ്പം എനിക്കിഷ്ടമല്ല.”
“ശരി. പുലിയച്ചാ. അല്ല ചോയ്ക്കട്ടെ പുലിയച്ചന്റെ പേരെന്താ…?”
“എല്ലാവരും എന്നെ പുലി എന്ന് വിളിക്കും. ചിലര്‍ പുള്ളിപ്പുലി എന്നും.”
“ഞാന്‍ ഉണ്ടന്‍.”
“ഞാന്‍ ഉണ്ടി.”
“മുഴുവന്‍ പേര് മടിയില്ലാപ്പുരയില്‍ ഉണ്ടനും മടിയില്ലാപ്പുരയില്‍ ഉണ്ടിയും. പുലിയച്ചന്റെ മുഴുവന്‍ പേരോ?”
“മനുഷ്യരെത്തിന്നാത്ത പുള്ളിപ്പുലി. എന്നാല്‍ വിട്ടോളൂ. ഞാന്‍ രാത്രി വീട്ടിലെത്താം”
എല്ലാവര്‍ക്കും സന്തോഷമായി. സമാധാനമായി. മരപ്പൊത്തില്‍നിന്നും സാധനങ്ങളുമെടുത്ത് നടക്കുമ്പോള്‍ ഉണ്ടനും ഉണ്ടിയും സംസാരിച്ചകൊണ്ടിരുന്നു.
“ഉണ്ടാ…, ഈ പുള്ളിപ്പുലിയും വരയന്‍പുലിയും തമ്മിലെന്താ വ്യത്യാസം?”
“പുള്ളിക്കാരൻ പുള്ളി വരയ്ക്കുമ്പൊ പുള്ളികള് തമ്മില് കൂട്ടിമുട്ടിയാ, അതൊക്കെ വരയന്‍പുലി. കൂട്ടിമുട്ടാത്തതൊക്കെ പുള്ളിപ്പുലി.”
“പുലിയച്ചന്റെ ദേഹത്ത് ഉദ്ദേശം എത്ര പുള്ളി കാണും?”
“വൈകീട്ട് വരുമ്പൊ ചോദിക്കാം”
“കഴുത്തിലെ പുള്ളിയൊക്കെ പുലിയച്ചന് കാണുമോ…!? ചെലപ്പൊ മനുഷ്യരെ തിന്നാത്ത പുലിയച്ചന് കൃത്യം എണ്ണം അറിഞ്ഞോളണം എന്നില്ല.”
“അങ്ങന്യാച്ചാ നമ്മക്കന്നെ എണ്ണിനോക്കാലോ…”
“എണ്ണിയ പുള്ളിതന്നെ പിന്നീം പിന്നീം എണ്ണി, എണ്ണം തെറ്റ്വോന്നാ ന്റെ പേടി.”
“അതിനൊര് വഴീണ്ട്. ഒരു കരിക്കട്ട എടുത്ത്, എണ്ണിയ പുള്ളീലൊക്കെ ഓരോ വര വരച്ച് പോവാം. അപ്പൊ തെറ്റില്ല.”
പറഞ്ഞുപറഞ്ഞ് ഉണ്ടനും ഉണ്ടിയും വീടെത്തിയതറിഞ്ഞില്ല.
“സത്യത്തില്‍ നമ്മള്‍ മടിയന്മാരൊന്നുമല്ല. നാട്ടുകാര്‍ വെറുതേ അപവാദം പറയുന്നതാ. കണ്ടമാനം വെറകും ഏറ്റി, ഇക്കണ്ട ദൂരൊക്കെ നമ്മള് നടന്ന്‌ല്ല്യേ..! മടിയന്മാരാണെങ്കില്‍ ഇത് സാദ്ധ്യമാണോ…!?” ഉണ്ടി പറഞ്ഞു.
“മാത്രവുമല്ല. ഇനി അരി ഇടിക്കാന്‍പോകുന്നു. മാവ് കലക്കാന്‍പോകുന്നു. ശര്‍ക്കര ഉരുക്കാന്‍പോകുന്നു. തേങ്ങക്കൊത്ത് നെയ്യില്‍ വറുക്കാന്‍പോകുന്നു. ഇതൊക്കെ ചെയ്യാന്‍പോകുന്ന ഉണ്ടി ഒരിക്കലും മടിച്ചിയല്ല.” ഉണ്ടനും പറഞ്ഞു.