ഈ പാമ്പ് പോകാതെയോ അതിനെ കൊല്ലാതെയോ എനിക്കോ നിങ്ങള്‍ക്കോ ഇവിടന്ന് പോകാന്‍ പറ്റില്ല. അനൂപ് ചെമ്മാപ്പിള്ളിയോ നന്ദിതയോ പാമ്പുകടിയേറ്റ് മരിച്ചാലും അവരത് പത്രത്തിലിട്ടും പടം പിടിച്ചും ആസ്വദിക്കുമെന്നേ ഉള്ളൂ. പക്ഷേ അങ്ങനെയല്ലല്ലോ ആ കൊച്ചുങ്ങളുടെ കാര്യം. അവിറ്റ ജീവിതവും അഭിനയവും മത്സരവും പണിവെക്കലുമൊക്കെ പഠിച്ചുവരുന്നേ ഉള്ളൂ. അവരെയെങ്ങാനും പാമ്പിന്‍കുട്ടി, ‘എന്നേപ്പോലുള്ള ഉണ്ണികള്‍’ എന്നു പറഞ്ഞ് കടിച്ചാല്‍ പിന്നെ ഈ കഥ ഒന്നിനും കൊള്ളില്ല. അതുകൊണ്ട് ഞാനിവിടെ കാവലിരിക്കാന്‍ പോകുന്നു.
ഒരു പകല്‍ കഴിഞ്ഞുള്ള സന്ധ്യാസമയം. വിളക്കുവെയ്ക്കുമ്പോള്‍ നന്ദിതതന്നെയാണ് പിന്നീട് പാമ്പിനെ വ്യക്തമായി കണ്ടത്.
ലക്ഷണശാസ്ത്രമനുസരിച്ച്, വിളക്കുവെയ്ക്കുമ്പോള്‍ പാമ്പിനെ കണ്ടത്, ‘ഫണാഷ്ടശതശേഖരം ദ്രുത സുവര്‍ണ്ണ പുഞ്ജപ്രഭം…..’ എന്ന് ജപിക്കാത്തതുകൊണ്ടാണെന്ന് പറഞ്ഞ് ചീത്തവിളിച്ച്, പെട്ടെന്നൂണു കഴിപ്പിച്ച്, അനൂപ് ഏവരേയും ഫസ്റ്റ് ഫ്‌ളോറിലെ ബെഡ്‌റൂമില്‍ കൊണ്ടുചെന്നാക്കി.
ഏറെ നേരത്തെ ആ തിരച്ചിലിനിടയിലെല്ലാം അയാളുടെ കയ്യിലെ വടി കാരണം വീണ്ടും പാമ്പ്, ‘പടച്ചോനേ….’ എന്നു വിളിച്ച് പമ്മിയിരുന്ന് ജീവൻ രക്ഷിച്ചു.
രാത്രി മൂത്രമൊഴിക്കാനും വെള്ളം കുടിക്കാനും പേടിച്ച കുടുംബമുറങ്ങുന്ന ഫസ്റ്റ് ഫ്ലോറിൽനിന്നും താഴെ വന്നതായിരുന്നു അനൂപ്. ‘ധൈര്യമുണ്ടെങ്കില്‍ കൊല്ലടാ’ എന്ന് വെല്ലുവിളിച്ച് പാമ്പിന്‍കുട്ടി അനൂപിന് മുമ്പില്‍ പത്തി വിരുത്തി പുച്ഛം ചീറ്റി നിന്നു.
ഒളിഞ്ഞുനോക്കാന്‍ പാടില്ലാത്തിടത്ത് ഒളിഞ്ഞു നോക്കിപ്പോയ ചളിപ്പോടെ പറയട്ടെ. അനൂപ് ഈയടുത്ത കാലത്ത് ഏറ്റവും സന്തോഷമായുറങ്ങിയ ദിനം ഇന്നാണ്. നന്ദിതയും. അവള്‍, തുറന്ന മുലകള്‍ അയാളുടെ രോമം നിറഞ്ഞ മാറിലമര്‍ത്തിക്കിടന്ന് പറഞ്ഞു. ‘എനിക്ക് പേട്യാവ്ണൂ. നിങ്ങള് ബടെ ഇല്ലാത്തപ്പഴാ ഈ പാമ്പ് വന്നത്ച്ചാ ഞാന്‍ പേടിച്ച് ചാവും. തലണടെ എടേലെങ്ങ്വാനും അത്‌ണ്ടെങ്കിലോ….’
അനൂപ് അവളെ ചേര്‍ത്തുപിടിച്ചു.
‘അങ്ങനൊന്നും ണ്ടാവ്ല്ല്യ. നീയൊറങ്ങിക്കോ….’
ഈ വീടിനൊരു പേടിയുണ്ടെന്നും; അത് താന്‍ വിചാരിച്ചാല്‍ ധൈര്യപ്പെടുന്നതാണെന്നും അനൂപിന് തോന്നി. നന്ദിതയുടെ ചുണ്ടിലും നെറ്റിയിലും ഉമ്മ വെച്ച് കണ്ണിലെത്തിയപ്പോള്‍ അവള്‍ കരയുകയാണെന്നയാള്‍ക്ക് മനസ്സിലായി. അവള്‍ അയാളെ കെട്ടിപ്പിടിച്ച് സുഖമായുറങ്ങി. അയാളും.