ഇടയ്ക്കിടയ്ക്ക് കഥാകാരന്‍ ഊഹിക്കട്ടെ എന്നു പറയുന്നതിലെ അനൗചിത്യം വായനക്കാര്‍ അറിയുന്നുണ്ടാകും. ഒന്ന്, ആവര്‍ത്തനവിരസത എന്ന പ്രശ്‌നം. രണ്ട്, കഥാകാരന്‍ എന്ന് സ്വയം പറയുന്നവന്‍ ഒരു സ്വയംപൊക്കി ഫ്‌ളക്‌സടിക്കാരന്‍ ആകും എന്ന തോന്നല്‍. എന്നാലും പറയട്ടെ, ഇക്കഴിഞ്ഞ ഭാഗം അനൂപ് ഓര്‍ത്തിട്ടുണ്ടാകും എന്നത്, ഊഹിച്ചതാണ് കെട്ടോ.
ഏറെ നേരത്തെ തിരച്ചിലിനിടയില്‍ അനൂപ് ചെമ്മാപ്പിള്ളിയോട് നന്ദിത പറഞ്ഞുകൊണ്ടിരുന്നു.
‘പാമ്പ് നമ്മടെ അലമാരേത്തന്നെ വിരിഞ്ഞെറങ്ങ്ണ് ണ്ടാവ്വോ…..?’
‘ചെര്‍പ്ലശ്ശേരീന്ന് വാടകവീട് വിട്ട് പോര്‌മ്പൊ കൊണ്ട്വന്ന സാധനങ്ങളടെ എടേല് പാമ്പിന്റെ മുട്ടയെങ്ങാനും ഉണ്ടായിര്ന്നിരിക്ക്യോ….?’
‘ബാത്ത്‌റൂമിന്റെ ഔട്ട് ലെറ്റ്ക്കൂടെ കേറിവരാന്‍ പറ്റ്വോ ആവോ…?’
അവസാനം ശബ്ദം താഴ്ത്തി മക്കള്‍ പോലും കേള്‍ക്കാതെ ഇതുകൂടി പറഞ്ഞു. ‘ഇനി നമ്മളടെ ശത്രുക്കളാരെങ്കിലും ജനല്ക്കൂടി കൊണ്ട് വന്നിട്ടതാവ്വോ….?’
അനൂപ് ഗൗരവം നടിച്ച്, ഉള്ളില്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
എടീ നമ്മടെ ഏറ്റവും വലിയ ശത്രുക്കള്‍ നമ്മളന്നെ അല്ലേ….
എന്തായാലും അനൂപിന്റെ ഒരു ക്ലൈന്റ് പിണങ്ങിയതും കുട്ടികളുടെ സ്‌ക്കൂള്‍ ബസ്സ് പോയതും ലേറ്റായതിന് നന്ദിതയ്ക്ക് ഓഫീസറുടെ ചീത്ത കേട്ടതും മിച്ചം. പാമ്പ്, പാമ്പ് പോലെ… എന്തോ പോലെ…., അവശേഷിച്ചു.
പാമ്പ്, സത്യത്തില്‍, ഇവര്‍ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പിടിച്ചുമാറ്റിയിട്ട മേശയില്‍ അള്ളിപ്പിടിച്ചിരിപ്പായിരുന്നു. തന്നെ കണ്ടാല്‍ അനൂപ് കൊന്ന് കൊലവിളിക്കും എന്ന് പാമ്പിനറിയാം. അയാള്‍ക്കാണെങ്കില്‍ പാമ്പിനോടെന്തോ പൂര്‍വ്വജന്മവൈരാഗ്യമുള്ളതുപോലെയാണ്. പാമ്പിന്റെ ഊഹം ശരിയാണെങ്കില്‍ അനൂപ് ഇക്കാലത്തിനിടയ്ക്ക് ഒരു ഇരുനൂറ് പാമ്പിനെയെങ്കിലും കൊന്നിട്ടുണ്ടാവും. മണ്ണാറശാലയോ പാമ്പുമേക്കാടോ പാതിരിക്കുന്ന് മനയോ ഒന്നും അനൂപിനെ പേടിപ്പിച്ചില്ല. അതുകൊണ്ട് ഈ സമയത്ത് അയാളുടെ മുന്നില്‍ ചെന്ന് പെടേണ്ട എന്ന് പാമ്പും തീരുമാനിച്ചു. വരും…… ഭക്തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ഒരവസരം വരും. അപ്പോഴാവാം എന്ന മട്ടില്‍, ‘പടച്ചോനേ കാത്തോളണേ’ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിച്ച്, പാമ്പ് മേശയ്ക്കടിയില്‍ അള്ളിക്കടിച്ച് കിടന്നു.