കണ്ടോ കഥാകാരന്‍ പ്രവചനംകൂടി നടത്താന്‍ തുടങ്ങിയത്!
കൃത്യം പിറ്റേന്ന് റേഡിയോവിലെ പ്രധാനവാര്‍ത്ത കഴിഞ്ഞ് കണ്ണടക്കടയുടെ പരസ്യം തുടങ്ങിയതും ‘കരാഗ്രേവസതേ’ ക്ക് ശേഷം ‘പാദസ്പര്‍ശം ക്ഷമസ്വമേ’ എന്ന് പറഞ്ഞ്, നിലത്തിറങ്ങാന്‍ നോക്കിയ മോള്‍ ‘അമ്മേ…. പാമ്പ്’ എന്നു പറഞ്ഞ് അലറിവിളിച്ചു. ‘അച്ഛാ…. പാമ്പ്’ എന്ന് കരഞ്ഞൂടായിരുന്നോ മോളേ എന്നാലോചിച്ച് അനൂപ് ഓടിയെത്തി. പുറകേ ദോശച്ചട്ടുകവുമായി നന്ദിതയും ടൂത്ത്ബ്രഷുമായി മോനും.
കിട്ടിയ തക്കത്തിന് അനൂപ് പ്രതികാരം ചെയ്തു. ‘നീയാരാടീ രാഹൂന്റെ തല കൊയ്യാന്‍ നിക്കണ മോഹിന്യോ…. ചട്ട്കം വെച്ച്ട്ട് പോയി വടി എട്ത്ത്ട്ട് വാടീ…’ ഇനി ചീത്തവിളി തന്റെ നേരെ വരാതിരിക്കാന്‍ മോന്‍ ടൂത്ത്ബ്രഷ് ഒളിച്ചു പിടിച്ചു. നന്ദിത ഒടിച്ചെന്ന് നല്ല പച്ചശീമക്കൊന്നവടിതന്നെ കൊണ്ടുവന്നുകൊടുത്തു. നദികളില്‍ സുന്ദരി യമുനാ….. എന്ന പോലെ, പാമ്പിനെ തല്ലാന്‍ ഇതിലും നല്ല വടിയില്ല. ഇനി വടിയെ കുറ്റം പറയല്‍ നടക്കില്ല! അനൂപ് പാമ്പിനെ തിരഞ്ഞിറങ്ങി.
നന്ദിത മോളോട്, മോള് ശരിക്കും കണ്ടോ എന്നും; തോന്നിയതാണോ, ഉറപ്പാണോ എന്നുമൊക്കെ ചോദിക്കുമ്പോള്‍ മോള്‍ ഉത്തരം പറഞ്ഞതിന്റെ ക്രമം ഇപ്രകാരം.
പാമ്പ് പത്തി വിടര്‍ത്തി ഓടി….
പാമ്പ് എഴഞ്ഞ് പോയി….
പാമ്പിന്റെ വാല് കണ്ടു…
എന്തിന്റ്യോ വാല് കണ്ടു….
എന്തോ ഒന്ന് മേശടെ അടീല്ക്ക് പോയപോലെ തോന്നി.
നന്ദിത പറഞ്ഞു. ‘അവള്‍ക്ക് ഒറക്കച്ചടവില് തോന്നീതാവും.’
ഇതൊരു ഗോള്‍ഡന്‍ ചാന്‍സാണ്. അങ്ങനെ വെറ്‌തെ തോന്നീതാണെങ്കിലും ആ പാമ്പിനെ വെറ്‌തെ വിട്ടൂടാ. തന്റെ ആവശ്യം ഈ വീടിനുണ്ടെന്ന് തെളിയിക്കണം. ഗോപാലേട്ടനേക്കാള്‍ ധൈര്യവാന്‍ താനാണെന്ന് തെളിയിക്കണം. ഇതിനെല്ലാം പുറമെ, ഇനി അഥവാ പാമ്പുണ്ടെങ്കില്‍ അതിനെ കൊന്ന്, വടിയില്‍ തൂക്കി പുറത്തേക്കു കൊണ്ടുപോകുമ്പോള്‍, ഇവരുടെയൊക്കെ മുമ്പില്‍ ‘ഇതിനാണ്!’ എന്ന് പുച്ഛിക്കുകയും വേണം.