‘ഒരു വടിയെട്ക്ക്…..’ അനൂപ് ധൃതിപ്പെട്ടു.
‘അപ്പറത്തെ ഗോപാലേട്ടന്‍ വന്ന് അയ്‌നെ കൊന്നു. ചെറ്താര്‍ന്നു. ചായ എട്ക്കട്ടേ….?’ നന്ദിത, കാച്ചിക്കുറുക്കിയ വാക്യങ്ങളാല്‍ അനൂപിന്റെ കൊട്ടാരക്കെട്ടുകള്‍ ഇടിച്ചുവീഴ്ത്തി.
കഥ പറഞ്ഞു തുടങ്ങിയിട്ട് കുറേ നേരമായില്ലേ നമ്മള്‍ എന്തെങ്കിലുമൊക്കെ ഊഹിച്ചിട്ട്. ഇപ്പോള്‍ എന്തായിരിക്കും നന്ദിത ഓര്‍ക്കുന്നുണ്ടാകുക.?
ഏതെങ്കിലും പെണ്‍കൊച്ച് പാതി തിന്ന ബര്‍ഗര്‍പീസ് വാങ്ങിത്തിന്ന് തിരക്കിട്ട് ഇറങ്ങിവന്ന കെട്ട്യോനേ…, നീയോര്‍ഡര്‍ ചെയ്ത മിന്റ് ടീയോ ഗ്രീന്‍ ടീയോ കുടിക്കാന്‍ പറ്റാതെയാകുമല്ലോ ഞാന്‍ വിളിച്ചപ്പോള്‍ നീയിറങ്ങി ഓടി വന്നിട്ടുണ്ടാകുക. അതിന്റെ പ്രായശ്ചിത്തമായി, പ്രാണനാഥാ…, ഈയുള്ളവളെ ഒരു കട്ടന്‍ ചായയുണ്ടാക്കനനുവദിച്ചാലും. ഇന്ന് രാത്രി നിന്റെ മുകളില്‍ കയറി ഇരുന്നുള്ള ഒരു നൃത്തം കൂടി കഴിഞ്ഞാലേ എനിക്ക് പൂര്‍ണ്ണ സമാധാനമാവൂ.
‘അച്ഛാ…., ഒരു കുഞ്ഞ്യേ പാമ്പ്…. ഈ ഞാഞ്ഞൂല് പോലെ…. കുഞ്ഞിപ്പത്തിയൊക്കെ വിരിച്ച് നല്ല ചന്തണ്ടായിരുന്നൂ. കണ്ടതും അമ്മ ഗോപാലങ്കിളിനെ വിളിച്ചു. ഗോപാലങ്കിള്‍…..’ ഇത്രയും മോന്‍ പറഞ്ഞപ്പോഴേക്കും ബാക്കി ഞാന്‍ പറയാം എന്ന മട്ടില്‍ മോളിടയ്ക്കുകയറി പറഞ്ഞുതുടങ്ങി…..
‘ഗോപാലങ്കിള്‍ ചെരുപ്പുകൊണ്ടടിച്ച് ചത്തിച്ചു. പാമ്പ് പാമി….’
‘ഇന്ന് ഞാന്‍ കുളി കഴിഞ്ഞതും ക്ഷീണമഭിനയിച്ച് ഉറക്കം നടിച്ചപോലെ കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുമെടീ….’ അനൂപ് പ്രതികാരദാഹിയായി നന്ദിതയോട് ഇങ്ങനെ ഓര്‍ത്തുകാണും.
പാമ്പ് വന്നതും ഗോപാലേട്ടനോ ഗോപാലങ്കിളിനോ ആരുമാകട്ടെ…. അതിനെ കൊന്നതുമെല്ലാം സത്യം. ഇനി നമ്മളിവിടെ ചുറ്റിത്തിരിഞ്ഞ് നില്‍ക്കേണ്ട കാര്യവുമില്ല. പക്ഷേ ഇനിയുമൊരു പാമ്പിനു കൂടി വരാന്‍ കഥയിലും ബെഡ്‌റൂമിലും ഇടവും സാദ്ധ്യതയുമുള്ളപോലെ കഥാകാരന് ഒരു തോന്നല്‍. ഇത് ഒരു ഊഹമല്ല. സത്യമായിട്ടും ഈ ബെഡ്‌റൂമില്‍ ഒരു പാമ്പുകൂടിയുണ്ട്. പക്ഷേ അത് അനൂപ് ചെമ്മാപ്പിള്ളി എന്ന സീനിയര്‍ കോപ്പീറൈറ്ററോ നന്ദിത എന്ന എജ്‌ക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ യൂഡീ ക്ലാര്‍ക്കോ കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല. ഇതിനെ പിറ്റേന്ന് കാലത്ത് അവസാനം എണീറ്റുവരുന്ന മോളാണ് കാണാന്‍ പോകുന്നത്.