അനൂപ്, വണ്ടി ആവശ്യത്തില്‍ കൂടുതല്‍ വേഗത്തില്‍ ഓടിച്ചു. ഇപ്പോള്‍ ഒരു ആക്‌സിഡന്റുണ്ടായാല്‍ എന്താകും കഥ എന്ന് അനൂപ് ആലോചിച്ചു.
ബോധരഹിതനായി ആശുപത്രിയില്‍ കിടക്കുന്ന എന്നെ തിരിച്ചറിയാന്‍, തെറിച്ചുവീണ മൊബൈല്‍ ഫോണിലെ പല നമ്പറിലും ആള്‍ക്കാര്‍ വിളിച്ചു നോക്കും. ഒടുവില്‍, പാമ്പ് കയറിയതറിഞ്ഞിട്ടും വരാന്‍ കൂട്ടാക്കാത്ത ഭര്‍ത്താവിനെ ചീത്തവിളിക്കാന്‍ നന്ദിത ഫോണ്‍ ചെയ്യുമ്പോഴായിരിക്കും അവള്‍ ആക്‌സിഡന്റിന്റെ വിവരം അറിയുക. ഞങ്ങളെ അറിയുന്നവരൊക്കെ അവളെ അപ്പോള്‍ ചീത്തപറയും. ‘ബെഡ്‌റൂമില്‍ പാമ്പുണ്ട് വേഗം വാ എന്ന് വിളിച്ചു പറഞ്ഞാല്‍, കുട്ട്യോള് ള്ള ഏത് തന്തയ്ക്കാ മനസ്സമാധാനത്തോടെ വണ്ടി ഓടിക്കാന്‍ പറ്റ്വാ…. പാവം കെടക്കണ കെടപ്പ് കണ്ട്‌ല്ല്യേ….!’
ഇപ്പോള്‍ – അനൂപേ, പാമ്പിനെ ആള്‍ക്കാര്‍ കൊന്നു. നന്ദിത അത് വിളിച്ചു പറയാത്തതാണ് എന്ന് കഥാകാരനെങ്ങാന്‍ അനൂപിനെ അറിയിച്ചാല്‍; അയാള്‍ ഇത്രയും കൂടി നന്ദിതയെ ചീത്തവിളിക്കുന്ന ആള്‍ക്കാര്‍ പറയുന്നതായി ആലോചിക്കും. ‘പാമ്പിനെ കൊന്നപ്പഴെങ്കിലും…. പതുക്കെ വന്നാമതീ…. അതിനെ കൊന്നൂ എന്നൊന്ന് നന്ദിതയ്ക്ക് വിളിച്ച് പറയാമായിരുന്നില്ലേ…. പാവം കെടക്കണ കെടപ്പ് കണ്ട്‌ല്ല്യേ…..!’
ഐ.സി.യൂവിലെ അബോധാവസ്ഥയിലും നന്ദിതയെ ബന്ധുക്കള്‍ ചീത്തവിളിക്കുന്നത് കേട്ട് അനൂപ് ചെമ്മാപ്പിള്ളി പുഞ്ചിരിച്ചു. ഡ്രൈവിങ്ങിനിടയില്‍ മൊബൈലില്‍ വന്നുവീണ മെസേജുകള്‍ വായിക്കാന്‍ അനൂപ് വണ്ടിയുടെ സ്പീഡ് കുറച്ചു. ‘എത്തിയിട്ട് വിവരം എസ്.എം.എസ്. ചെയ്യണേ’ പാര്‍വ്വതിയുടെ ഉത്ക്കണ്ഠയാണ് എസ്.എം.എസ്. ആയി കാറിലെത്തിയിരിക്കുന്നത്.
കയറിച്ചെന്നതും നന്ദിതയോട് ഒരു വടി എടുത്തിട്ടുവരാന്‍ പറയണം. ‘മക്കള് പേടിച്ച്വോ….?’ എന്ന് പിള്ളേരോട് ചോദിക്കണം. പേടിച്ചാലും പേടിച്ചില്ലെങ്കിലും അവരുടെ കവിളില്‍ തട്ടി ആശ്വസിപ്പിക്കണം. അപ്പോഴേക്കും നന്ദിത ഒരു വടിയുമായി വരും. അവള്‍ കൊണ്ടുവരുന്നത് ഏതുതരം വടിയാണെങ്കിലും, ഇതുകൊണ്ടെങ്ങനാടീ പോത്തേ പാമ്പിനെ തല്ലുന്നത്!?’ എന്ന് ചീത്ത വിളിച്ച്, വേറെ വടിയെടുക്കാന്‍ ഓടിക്കണം. എന്നിട്ടും അവള്‍ കൊണ്ടുവരുന്ന വടി വാങ്ങി ദേഷ്യത്തില്‍ വലിച്ചെറിഞ്ഞ് ഏതെങ്കിലും ഒരു വടി സ്വന്തമായെടുത്തുകൊണ്ടുവന്ന് കുട്ടികളും അവളും കാണ്‍കെ പാമ്പിനെ തല്ലിക്കൊല്ലണം. കൊന്ന പാമ്പിനേയും കൊണ്ട്, വടിയില്‍ തൂക്കി, മുറിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മക്കളും അവളും അകന്നു മാറും; അറപ്പുകൊണ്ടും പേടികൊണ്ടും. അപ്പോള്‍ സര്‍വ്വപുച്ഛവും ശബ്ദത്തിലെടുത്ത്, ‘ഇതിനാണ്!’ എന്ന് ആത്മഗതമുതിര്‍ക്കണം. അനൂപ് എന്തിനും തയ്യാറായി ഗെയ്റ്റിലെത്തി. പിശാശ് ഈ ഗെയ്റ്റ് പോലും തുറന്നിട്ടിട്ടില്ല! ഇവളാണ് ‘വേഗം വാ’ എന്ന് പറഞ്ഞ് തിരക്കടിച്ച് ആ പെണ്‍കൊച്ചുങ്ങളുടെ ഇടയില്‍ നിന്നും ഓടിച്ചിറക്കിയത്. ദേഷ്യത്തില്‍ രണ്ട് ഹോണടിച്ചതും മോന്‍ ഓടിവന്ന് ഗെയ്റ്റ് തുറക്കാന്‍ ഗെയ്റ്റില്‍ പൊത്തിപ്പിടിച്ചു കയറി. ഇവനല്ലേ അടുത്ത വീട്ടിലാണെന്ന് നന്ദിത പറഞ്ഞത്!? അനൂപ് ആശ്ചര്യപ്പെട്ടു. മോന്റെ പുറകേ മോളും ഓടിയെത്തി, ഗെയ്റ്റ് തുറക്കല്‍ എന്ന മഹായജ്ഞത്തില്‍ ഏര്‍പ്പെട്ടു. അപ്പോള്‍ മോളും അടുത്തവീട്ടിലല്ല. പുറകേ നന്ദിതയും ഗെയ്റ്റിലെത്തി. തുറന്നുകിട്ടിയ ഗെയ്റ്റിലൂടെ അകത്തുകയറി ബോധപൂര്‍വ്വം, കാര്‍ വൃത്തിയായി പാര്‍ക്ക് ചെയ്യാതെ ചാടിയിറങ്ങി.