അനൂപ്, ടേബിളിലെ കുടമണി അടിച്ച് ബില്ല് സെറ്റ്‌ലീയാന്‍ ആവശ്യപ്പെട്ട് വെറുതെ 5 മിനിറ്റ് വൈകിപ്പിച്ചത് എന്തിനെന്നോ… ഒരിക്കല്‍ക്കൂടി ഈ മൂന്ന് പേരും ആശ്വസിപ്പിക്കുകയാണെങ്കില്‍ ആശ്വസിപ്പിച്ചോട്ടെ എന്നു കരുതിയിട്ട്. ആരെങ്കിലുമൊക്കെ ഒന്ന് ആശ്വസിപ്പിക്കുന്നത് ആര്‍ക്കാണൊരാശ്വാസമല്ലാത്തത്!
‘ഒരു പ്രശ്‌നവുമുണ്ടാവില്ല’ എന്ന് അമിഷാവര്‍മ്മയും ‘പെട്ടെന്ന് പൊക്കോളൂ’ എന്ന് നിഖിലാ ഡേവിസും ‘സൂക്ഷിക്കണേ…. അനൂപ് കൊല്ലാനൊന്നും പോണ്ട… ആരേങ്കിലും വിളിച്ചാ മതി’ എന്ന് പാര്‍വ്വതിയും പറഞ്ഞപ്പോള്‍, ഭാര്യ നന്ദിത വീണ്ടും വിളിച്ചുകൊണ്ടിരുന്നു.
ഫോണ്‍ കട്ടാവുന്നതിന് മുന്‍പ് അനൂപ് ഫോണ്‍ എടുത്ത് പറഞ്ഞു ‘ഞാന്‍ വന്നുകൊണ്ടിരിക്കുന്നു. എന്തായി?’
‘ഒന്നുമായില്ല. അത് മേശടെ എടേലെവട്യോ ഉണ്ട്…. വേഗം വാ….’ വീണ്ടും ചത്ത പാമ്പിനെപ്പറ്റി നന്ദിത നുണ പറയുന്നതെന്തിനായിരിക്കും!?
പല കാര്യങ്ങളും നമ്മള്‍ക്ക് ഊഹിക്കേണ്ടിവരും ജീവിതത്തില്‍. എത്തിനോക്കിയാലും കാണാനാവാത്ത പലതും ഒരു വീട്ടില്‍ നടക്കും. സത്യം പറയട്ടെ; ഇനി പറയാന്‍ പോകുന്നത് ഒരു ഊഹം മാത്രമാണ്. നന്ദിത, പാമ്പ് ഇപ്പോഴുമുണ്ട് എന്ന്, ചത്ത് പുനര്‍ജ്ജന്മത്തിന് പോയ പാമ്പിനെപ്പറ്റി നുണ പറയുന്നതെന്തിന് എന്നതില്‍ ഒരു ഊഹം.
ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ സീനിയര്‍ കോപ്പീറൈറ്ററായ അനൂപ് ചെമ്മാപ്പിള്ളിയും വിദ്യാഭ്യാസവകുപ്പില്‍ യൂഡീ ക്ലാര്‍ക്കായ നന്ദിതയും സുഖദാമ്പത്യം നയിക്കുന്നു എന്ന് ഊഹിക്കാം. കോപ്പീറൈറ്ററാണ്; നല്ല ക്ലൈന്റ് വന്നാല്‍ നല്ല റെമ്യൂണറേഷന്‍ കിട്ടും, കോണ്‍സപ്റ്റ് പോലെയാണ് പേയ്‌മെന്റ് എന്നൊക്കെ ചുമ്മാ ഡയലോഗടിച്ച് ആള്‍ക്കാരെ ഞെട്ടിക്കാമെന്നല്ലാതെ അനൂപിന്റെ വരുമാനം കൊണ്ടൊന്നുമല്ലായിരിക്കും ആ വീട് പുലരുന്നത്. ഒരു ആണിന്റെ ഈഗോ ചൊറിഞ്ഞുപൊട്ടിക്കണ്ട; എന്തൊക്കെയായാലും കുടുമ്മത്ത് മനഃസമാധാനമാണല്ലോ പ്രധാനം എന്നോര്‍ത്ത്, ‘ഞാനും ജോലിക്ക് പോകുന്നൊക്കെ ഉണ്ട്’ എന്ന് ഈ ലോകത്തോടു മുഴുവന്‍ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് നന്ദിത വിനയം നടിക്കുകയാകും. ഓരോ ദിവസവും ഓരോ കാരണം പറഞ്ഞ് വീട്ടിലെത്താന്‍ പാതിരാത്രിയാക്കുന്ന ഭര്‍ത്താവിനെ എങ്ങനെ ഒതുക്കാം എന്ന പ്ലാന്‍ ആ ഭാര്യ നടത്തുന്നുണ്ടാകും. മീറ്റിങ്ങുണ്ടെന്നും ജൂനിയേഴ്‌സ് കാണും എന്നും ആവശ്യത്തില്‍ കൂടുതല്‍ അലസത കാണിക്കുമ്പോഴേ ഏത് ഭാര്യയ്ക്കാണറിയാത്തത്; മീറ്റിങ്ങല്ല എന്നും ഈ ജൂനിയേഴ്‌സ് നല്ല ചോരത്തിളപ്പുള്ള പെണ്‍കുട്ടികളാണ് എന്നും. നാല്‍പ്പതു കഴിഞ്ഞ തന്തക്കൊരങ്ങേ…., ഇരുന്ന് ഒലിപ്പിക്കാതെ വേഗം വീട്ടില്‍ വന്ന് എന്നെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങാന്‍ നോക്ക് എന്നായിരിക്കും നന്ദിത ആലോചിച്ചത്. ഇവിടെ കഥാകാരനും മനസ്സിലാകാത്ത കാര്യം ഒരു പെണ്‍കുട്ടിയുമായി കുറുങ്ങാന്‍ തുടങ്ങുമ്പോഴും ഒരു കള്ളിന്‍ കുപ്പി സീല് പൊട്ടിക്കുമ്പോഴും ലോകത്തെ എല്ലാ ഭാര്യമാരും ഇത്ര കൃത്യമായി അറിയുന്നതെങ്ങനെ എന്നാണ്!