‘നിങ്ങളൊന്ന് വരുന്നുണ്ടോ….. ഏതാ പാമ്പ്ന്ന് നോക്കിപ്പഠിക്ക്യല്ല ഞാന്‍! ഞാന്‍ കുട്ടികളെ അട്ത്ത വീട്ടില്ക്ക്യാക്കി ബെഡ്‌റൂമിന്റെ വാതിലടച്ചിട്ടിരിക്ക്യാ….’
പക്ഷേ കഥാകാരന്‍ നോക്കുമ്പോള്‍ കാണുന്നത് അടുത്ത വീട്ടിലെ ഇരുപത്തഞ്ചോളം വരുന്ന ആള്‍ക്കൂട്ടം അനൂപ് ചെമ്മാപ്പിള്ളിയുടെ വീട് വളയുന്നതും ടോര്‍ച്ചും വടിയും തറിയുമായി, അടച്ചിട്ടേ ഇല്ലാത്ത മുറിയിലെത്തുന്നതും; ‘ഞാനൊരു പാമ്പാണ്’ എന്ന് നിവര്‍ന്നുനിന്ന് പറയാന്‍ പോലുമായിട്ടില്ലാത്ത പാമ്പിന്‍കുഞ്ഞിനെ തല്ലിക്കൊല്ലുന്നതും വടിത്തലപ്പില്‍ തോണ്ടിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്നതുമാണ്. കുട്ടികള്‍ അടുത്ത വീട്ടിലൊന്നുമല്ല. അവര്‍ ഈ കൊട്ടേഷന്‍ സംഘത്തിന്റെ ചെയ്തികളെല്ലാം കണ്ടും ആസ്വദിച്ചും അമ്മയോടൊപ്പം മുറിയില്‍ത്തന്നെ ഉണ്ട്.
അപ്പോള്‍ കഥാകാരന്‍ മാത്രമല്ല നുണ പറയുന്നത്. നായകന്റെ ഭാര്യയും നുണ പറഞ്ഞിരിക്കുന്നു. എന്തിനായിരിക്കും? നമുക്കാ ഫോണ്‍ സംഭാഷണം ഒന്നുകൂടി കേള്‍ക്കാം.
‘എനിക്ക് പേടിയാകുന്നു. ഒന്ന് വേഗം വാ അനൂപ്. ടൗണിലുണ്ടല്ലോ… ഒര് പത്ത് മിനിട്ടോണ്ട് എത്തിക്കൂടേ…?’
പാമ്പ് എന്നു കേട്ടതും; നിലത്തുവെച്ച കാല്‍ പൊക്കി ചമ്രം പടിഞ്ഞിരുന്ന പാര്‍വ്വതിയും പൊതുവേ ധൈര്യം അഭിനയിക്കാന്‍ അറിയാവുന്ന നിഖിലാ ഡേവിസും എന്തിനേയും നെവര്‍മൈന്റായി കാണുന്ന ശീലമുള്ള അമിഷാവര്‍മ്മയും അനൂപിന്റെ രക്ഷയ്‌ക്കെത്തി.
‘പാവം ചേച്ചി…. എന്തോരം പേടിച്ചുകാണും. അനൂപ് പെട്ടെന്ന് വിട്ടോളൂ’ നിഖിലാ ഡേവിസ്.
‘പാമ്പല്ലേ… അത് പോയിക്കാണും. എന്നാലും അനൂപ് പൊയ്‌ക്കോളൂ…’ അമിഷാവര്‍മ്മ.
‘എനിക്ക് പേടിയാവുന്നു അനൂപ്. എന്നാലും എങ്ങനെ അത് ബെഡ്‌റൂമിലെത്തി….!?’ പാര്‍വ്വതി.
സര്‍ഗ്ഗാത്മകതയുടെ കുത്തൊഴുക്കിനു വേണ്ടി ഒരു ചിക്കന്‍ റോളും വെജ് സാന്‍വിച്ചും ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. അതിന്റെ ബില്ല് കൊടുക്കാതെ പോയാല്‍ ഇത്രയും സീനിയറായ എന്റെ ഇമേജിനെ എങ്ങനെ ബാധിക്കും എന്ന സര്‍പ്പചിന്തയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഫണമുയര്‍ത്തിനില്‍ക്കുന്ന പാമ്പിനേക്കാള്‍ അനൂപ് ചെമ്മാപ്പിള്ളിയെ പേടിപ്പിച്ചത്. പാമ്പിനെ കൊന്നു കഴിഞ്ഞു എന്നത് കഥാകാരനും പിന്നെ, ഞാന്‍ പറഞ്ഞ് നിങ്ങള്‍ക്കുമറിയാമെങ്കിലും അനൂപോ അനൂപിനൊപ്പം കോഫീഷോപ്പിലിരിക്കുന്ന ഈ മൂന്ന് ചക്കരക്കുട്ടികളോ അറിഞ്ഞിട്ടില്ലല്ലോ.