വർഷങ്ങൾക്കു ശേഷം അതേ ഇഷ്ടത്തിന്റെ തീപാറുന്ന കണ്ണുകളുമായി അന്നെന്റെ മുന്നിലൊന്നിരുന്നു പോയതിൻ ശേഷമാണ് വിരഹം എന്താണെന്നു ഞാനറിഞ്ഞത്. അതുവരെ ഞാൻ നിഷേധിച്ച പ്രണയത്തിലെ ഓർമ്മത്തുരുത്തു മാത്രമായിരുന്നു അവൻ. പക്ഷേ, എന്റെ ഈ ജന്മത്തിലെ ശിഷ്ടദിനങ്ങൾക്കും വരും ജന്മത്തിനും ഇനി അവൻ വേണമെന്ന തിരിച്ചറിവിന്റെ തുരുത്തിൽ ഞാൻ നിന്നുപുകഞ്ഞു. സന്ധ്യയെ നോക്കിയാൽ കരയുന്ന പോലെ. രാത്രിയെ നോക്കിയാലും തേങ്ങുന്ന പോലെ. കാറ്റുപോലും മുറിവിൽ വേദനയുണർത്തി. സ്നേഹമയി എന്ന വാക്കിന് ഞാൻ എന്റെ പേരിട്ടുവിളിച്ചു. അവൻ അന്നെണീറ്റുപോയപ്പോൾ ചിരിച്ച ചിരിക്ക് വിഷാദ സുസ്മിതമെന്നല്ലാതെ മറ്റു വാക്കില്ലെന്നറിഞ്ഞു. മുത്തുകോർക്കും പോലെ വിഷാദ സുസ്മിതം നീ തൂകി വീണ്ടും എത്തുകില്ലേ നാളെ… ഒരു പക്ഷേ അഭിനയം മടുത്ത് സ്വയം തീർക്കാൻ തീരുമാനമെടുത്ത് ഞാൻ അവന്റെ തെളിച്ചത്തിൽ മരണത്തോട് പറഞ്ഞു… മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ നീയും എറ്റുപാടാൻ പോരൂ… എത്ര പെട്ടെന്നാണ്
ഞാൻ അവനാൽ മാറ്റപ്പെട്ടത്. ദുഃഖമേ നീ പോകൂ കെടാത്ത നിത്യ താരാജാലം പോലെ കത്തുമീയനുരാഗം എന്ന്, ഇന്ന് തിരിച്ചറിയുന്നു. ഒന്നും പറയാതെ വർഷങ്ങൾക്കുശേഷം എന്റെ മുന്നിലൊന്നിരുന്ന് വിഷാദസുസ്മിതം തൂകി, അന്നുമിന്നും എനിക്കേറെയിഷ്ടം നിന്നെ എന്ന് പറയാതെപറഞ്ഞ് വീണ്ടും ദൂരേയ്ക്കെവിടേയ്ക്കോ പോയ അവനെ കാത്തിരിപ്പാണ് ഞാൻ.
അവൾ നിലാവുകുടിച്ച് അടുത്തപാട്ടിലേക്ക് കടന്നു.