‘നാഗലശ്ശേരീലൊക്കെ വന്ന്ട്ട്‌ണ്ടോ….?’
രാമകൃഷ്ണന്‍, ‘ഇല്ല’ എന്നുത്തരം പറഞ്ഞു.
‘പണ്ടാരപ്പറമ്പിലെ ഇപ്പഴത്തെ ആള് കേമനാ… ആ ഉണ്ണിയെ ചെന്ന് കണ്ടാല്‍ മതീന്ന് തറവാട്ടിലെ മുടികെട്ട്‌ന്, മിനിഞ്ഞാന്ന് മൂക്കന്‍ചാത്തന്‍ തുളളിപ്പറഞ്ഞിട്ടാ ഇവര് വരണത്. അല്ലാ…. കരിമ്പന്റെ മോള്, വന്ന ആലോചനോളൊക്കെ മൊടങ്ങി വീട്ടിലിരിക്ക്യാന്നാ ഞാന്‍ കര്തീത്. എന്നാ കല്യാണം?’ നാഗലശ്ശേരിക്കാരന്‍ കുറേശ്ശെ വാചാലനായിത്തുടങ്ങി.
‘ഉടനെ.’ രാമകൃഷ്ണന്‍ മറുപടി പറഞ്ഞു.
പൊതിഞ്ഞടുക്കിയ നോട്ട്‌കെട്ടുകള്‍ കാളിത്തറയില്‍ വെച്ച്, വന്നവര്‍ തിരിച്ചുപോയി.
രാമകൃഷ്ണന്‍ ജിവിതത്തിലാദ്യമായി അന്ന് മദ്യപിച്ചു. ഉറയ്ക്കാത്ത കാലുകളില്‍ കയറി, വേച്ച് വേച്ച് വരുമ്പോള്‍, വേഗം രാത്രിയാകണേ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സില്‍.
പനിക്കിടക്കയില്‍ അച്ചമ്മ വന്ന് നെറ്റിയില്‍ തലോടും പോലെ തോന്നിയപ്പോഴാണ് രാമകൃഷ്ണന്‍ ഉണര്‍ന്നത്.
‘ഉണ്ണീ…., പള്ളയ്ക്ക് പിടിച്ച പെണ്ണ്ങ്ങളെ വശീകരിച്ചാകര്‍ഷിച്ച് പുരയ്ക്ക് പുറത്തിറക്കി, വയറ്റിലെ ഉണ്ണിയെ വലിച്ച് പുറത്തെടുത്ത്, അതില്‍ മരുന്നരച്ച് തേച്ച് പുകയത്ത് കെട്ടിത്തൂക്കി ഊറ്റിയെടുക്കേണ്ട പിള്ളതൈലം തെക്കേ അറയില്‍ ഭരണിക്കകത്ത് ചെറിയൊരു കുപ്പിയിലുണ്ട്. ഞെട്ടണ്ട, നിന്റെച്ഛന്‍ ഉണ്ടാക്കിവെച്ചതാ. പക്ഷേ അവന്‍ തിരിച്ച് ഗര്‍ഭപാത്രത്തില്‍ ചളികേറ്റി വിടേണ്ടതിന് പകരം വെള്ളൊടിക്ക് ശ്രമിച്ചു. അതോണ്ട്, പിള്ളതൈലം ഉണ്ടാക്കാനേ അവന് പറ്റിയുള്ളൂ; ഉപയോഗിക്കാന്‍ പറ്റിയില്ല. ഇനി നിനക്കാണതിന്റെ പ്രയോഗവിധി.’
ഇപ്പോള്‍ രാമകൃഷ്ണന്, ചക്കപ്പനും കൊലവനുമായിരുന്ന ആളെ വ്യക്തമായി കാണാനാകുന്നു.
‘എന്നേക്കൊണ്ട് എന്തിനാണിതൊക്കെ ചെയ്യിപ്പിക്കുന്നത്?’ രാമകൃഷ്ണന്‍ അയാളോട് ചോദിച്ചു.
‘അതെനിക്കും അറിയില്ല ഉണ്ണീ. പറക്കാളിയെ ഉപാസിച്ച് കൂടെക്കൂട്ടി, ഉപാസനത്തറയില്‍ കുടിവെയ്ക്കുമ്പോള്‍ നമ്മുടെയൊക്കെ ഏതോ കാരണവര്‍ വെച്ച ഒരു കരാറുണ്ട്. ഒടിവിദ്യയ്ക്ക് കാലാകാലങ്ങളായി കൂടെ വന്നോളണം എന്ന്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള കരാറല്ലല്ലോ…. എണ്‍പതും നൂറും കൊല്ലം കൂടുമ്പോള്‍ കാലഹരണപ്പെടാന്‍. ഇത് ദൈവങ്ങളുമായുള്ള ഒരു കരാറാണ്. ഇത് യുഗയുഗാന്തരങ്ങളോളം നിലനില്‍ക്കും. അന്ന് കാളിക്ക് വാക്കുകൊടുത്ത അതേ കാരണവര്‍ തന്നെയാണ് കൊലവനായും ചക്കപ്പനായും ഇപ്പോള്‍ രാമകൃഷ്ണനായും ആ ബന്ധം അറ്റു പോകാതെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.’ അയാള്‍ വിശദീകരിച്ചു.