‘രാമകൃഷ്ണാ, നീ ചക്കപ്പനാണ്; കൊലവനുമാണ്. പണ്ട് ഞങ്ങടെ പറച്ചിയായിരുന്ന ചെറച്ചിയും പിന്നെ കോമല എന്ന പേരില്‍ ആയിരുന്നവളും ഇന്ന് സാവിത്രിയായി ജീവിക്കുന്നുണ്ട്. നാഗലശ്ശേരിയില്‍ കിഴക്കേപ്പാടത്ത് കരിമ്പന്റെ മകളായി. അവള്‍ വേണം എനിക്കും നിനക്കും ഈ ജന്മത്തിലും പറച്ചിയാവാന്‍. ചെന്ന് കെട്ടിക്കൊണ്ടുവാ. നാളെ കാലത്ത് പെരിങ്ങോട് നിന്നും നിന്നെ അന്വേഷിച്ച് ആള്‍ക്കാര്‍ വരും. അതിലൊരാള്‍ വഴി നീ നാഗലശ്ശേരിയില്‍ എത്തും.’
പുലര്‍ച്ചയ്ക്ക് ഉണര്‍ന്നെണീക്കുമ്പോള്‍ രാമകൃഷ്ണന്‍ ഇറയത്ത് കിടക്കുകയായിരുന്നു. അരയില്‍ കണ്ണന്‍ചിരട്ടകളുടെ മാലയും അരികില്‍ അച്ഛന്റെ കുത്തുവടിയും. പിടഞ്ഞെണീറ്റ് ചിരട്ടമാലയൂരി അത് കിട്ടിയ സ്ഥലത്തുതന്നെ കൊണ്ടുവെച്ചു. പ്രഭാതകൃത്യങ്ങള്‍ കഴിച്ച് പുഴയില്‍ ചെന്ന് കുളിയും കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ശ്രദ്ധിച്ചത്, തലേന്ന് താന്‍ നടന്ന മുറ്റത്ത് മഴനനയലില്‍ പതിഞ്ഞ തന്റെ കാല്‍പ്പാടുകളോടൊപ്പം വളരെ വലുപ്പമേറിയ കുറേ കാല്‍പ്പാടുകളും. രാമകൃഷ്ണന്‍ ഉപാസനത്തറയ്ക്കു നേരെയൊന്നു നോക്കി അകത്തു കയറിപ്പോയി. ഈറന്‍ മാറ്റി തിരിച്ചുവന്നതും ആരൊക്കെയോ പടികടന്നു വരുന്നു.
പടികടന്നുവന്ന നാലുപേര്‍ മുറ്റത്തുനിന്നു പരുങ്ങി. ഉപാസനത്തറയ്ക്കു നേരെ ചൂണ്ടി രാമകൃഷ്ണന്‍ പറഞ്ഞു.
‘കാളിത്തറയില്‍ പ്രാര്‍ത്ഥിച്ച് അകത്തേയ്ക്ക് കയറിയിരിക്കൂ…’
പ്രാര്‍ത്ഥന കഴിഞ്ഞ് കോലായത്തിണ്ണയില്‍ കയറിയിരുന്നവരില്‍ പരിഭ്രമം പ്രകടമാണ്. അവരിലൊരാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
‘ഇവര് മൂന്നാളും പെര്‌ങ്ങോട്ട്ന്ന് വര്വാണ്. ഞാന്‍ നാഗലശ്ശേരീന്നും.’
രാമകൃഷ്ണന്റെ മുഖത്തുറ്റുനോക്കി, അല്‍പം കൂടി ശബ്ദം താഴ്ത്തി അയാള്‍ പറഞ്ഞു.
‘ഒരാളെ ഒടിക്കാന്‍ണ്ട്. പറയണ കാശ് തരും….’
ഇതിനുള്ള രാമകൃഷ്ണന്റെ മറുപടി, വന്നവരില്‍ അത്ഭുതമുണ്ടാക്കി.
‘നാഗലശ്ശേരിയില്‍ കിഴക്കേപ്പാടത്ത് കരിമ്പന്റെ മകള്‍ സാവിത്രിയുമായി കല്യാണം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ചെയ്തുതരാം.’
ആരോരുമറിയാതിരിക്കാനാണ് ഇത്രയും ദൂരം കറങ്ങിത്തിരിഞ്ഞ് വന്നത്. ഇവിടെ ഇപ്പൊ, നാഗലശ്ശേരിയിലെ എല്ലാവരേയും അറിയുന്ന മട്ടിലാണ് ഒടിയന്‍ രാമകൃഷ്ണന്റെ സംസാരം! നാഗലശ്ശേരിക്കാരന്‍ ചോദിച്ചു.