ആരോ തലച്ചോറിലേയ്ക്ക് മന്ത്രങ്ങളും പ്രയോഗവിധികളും എറിഞ്ഞു പിടിപ്പിക്കുന്നു. ഒറ്റക്കേള്‍വിയില്‍ത്തന്നെ എല്ലാം ഹൃദിസ്ഥമാകുന്നു.
‘രാമകൃഷ്ണാ…., നിന്റെ കല്യാണം ഞാന്‍ മുടക്കുന്നതാണ്.’ അദൃശ്യനായി രാമകൃഷ്ണനെ പിന്‍തുടരുന്ന ആള്‍ പറഞ്ഞു.
രാമകൃഷ്ണന് പക്ഷേ, ഞെട്ടലൊന്നുമുണ്ടായില്ല. ഒന്നിനുപുറകേ ഒന്നായി എല്ലാ ആലോചനകളും മുടങ്ങിത്തുടങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയിരുന്നു, തനിക്ക് കാണാന്‍ പറ്റാത്ത എന്തോ ഒന്ന് തന്റെ വഴിമുടക്കുന്നുണ്ട് എന്ന്. പക്ഷേ, എന്തിനാണ്?
‘പിള്ളതൈലം പുരട്ടി കോലം മാറിച്ചെന്ന് ഒടിതീര്‍ത്തുവരുമ്പോള്‍, തിളപ്പിച്ച വെള്ളവുമായി കാത്തിരുന്ന്, ദേഹത്തൊഴിച്ച് രൂപം മാറ്റി, തന്റെ പറയനെ തിരിച്ചെടുക്കാന്‍ നിന്റെ പറച്ചി തയ്യാറല്ലെങ്കില്‍, രാമകൃഷ്ണാ, നീ പെട്ടുപോകില്ലേ….? നിനക്കാ ദേഷ്യത്തില്‍, നിന്റെ പറച്ചിയേയും ഒടിച്ചുകൊല്ലേണ്ടിവരില്ലേ….? ബാക്കി ആയുസ്സു മുഴുവന്‍ മൂന്നുകാല് മാത്രമുള്ള പോത്തായും നായയായും അലഞ്ഞുനടക്കേണ്ടി വരില്ലേ….?’
അതിന് ഞാന്‍ ഒടിവിദ്യ പഠിച്ചിട്ടില്ലല്ലോ…. ഒടിക്കാന്‍ പോകാന്‍ ഉദ്ദേശവുമില്ലല്ലോ…. എന്ന് പറയാനാഞ്ഞതും ആരോ വായ അടച്ചുപിടിച്ചപോലെ. തുറന്നപ്പോള്‍ പുറത്തു വീണത് ഇതൊക്കെയായിരുന്നു.
‘ഓം ഐം ഹ്രീം ശ്രീം ശ്രീമഹാദേവന്‍ മുമ്പില്‍ ഹോമകുണ്ഡം തോന്നി ഹോമകുണ്ഡത്തില്‍ അഗ്നികുണ്ഡം തോന്നി അഗ്നികുണ്ഡത്തില്‍ പൊട്ടിപ്പുറപ്പെട്ട ശ്രീമഹാശൂലിനീ നിന്നെക്കുറിച്ചു ഞാന്‍ സേവിക്കുമ്പോള്‍ നാലായിരത്തിനാനൂറ്റി നാല്‍പ്പത്തെട്ടു മന്ത്രമൂര്‍ത്തികളും പത്തു കുറയെ നാനൂറു കുട്ടിച്ചാത്തന്‍മാരും എഴുപത്തിരണ്ടു ഭദ്രകാളികളും നാല്‍പത്തിരണ്ടു വേന്തലകളും പന്ത്രണ്ടു ഘണ്ടാകരണന്മാരും പുറമേ വരുന്ന ദേവതകളും അകമേ വരും ധര്‍മ്മദൈവങ്ങളും നീണ്ടാംമാട്ടിയ മാട്ടാമട്ടും തീരാബാധയും സര്‍വ്വപ്രേതവും സര്‍വ്വശത്രുവും സര്‍വ്വദുഷ്ടഗ്രഹങ്ങളും ഒടിയും ദുഷ്ടരും……’
രാമകൃഷ്ണന്‍, പുറകില്‍ നിന്നും ഒരു പൊട്ടിച്ചിരി കേട്ടു. പറഞ്ഞുവന്നത് പാതിയില്‍ തടസ്സപ്പെടുത്തിയ പൊട്ടിച്ചിരി അവസാനിച്ചത് ഇപ്രകാരം.
‘മാറി നടക്കേണ്ടതും പേടിക്കേണ്ടതുമായ മറുമന്ത്രങ്ങള്‍ വരെ ഒടിയന്‍ രാമകൃഷ്ണന്‍ പഠിച്ചുകഴിഞ്ഞല്ലോ…. എന്നിട്ടാണോ ഒടിവിദ്യ അറിയില്ല എന്ന് പറയുന്നത്.!?’
രാമകൃഷ്ണന്‍ അമ്പരന്നു നില്‍ക്കുകയാണ്. തന്റെ പുറകില്‍ ആരോ ഉണ്ടെന്ന് കുറേ നേരമായി തോന്നുന്നുണ്ട്. പക്ഷേ, തന്റെ വായില്‍ക്കയറിയിരുന്ന് ആരാണ് മന്ത്രങ്ങളോതുന്നത്!? ഞാന്‍ രാമകൃഷ്‌നാണോ അതോ മുന്‍ തലമുറയില്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞ കൊലവനോ കുട്ടി അക്കുവോ കുഞ്ചുമണിയനോ ചക്കപ്പനോ മടമ്പനോ ഒക്കെ ആണോ….?