‘കൊലവന്‍ ആഗ്രഹങ്ങള്‍ തീരാതെ ചക്കപ്പനായി ജനിച്ചപോലെത്തന്നെയാണ് ചക്കപ്പന്‍ ഇപ്പോള്‍, രാമകൃഷ്ണന്‍ എന്ന നീയായി ജനിച്ചിരിക്കുന്നത്.’
രാമകൃഷ്ണന്റെ പെരുവിരലില്‍ നിന്നും ഒരു വിറയല്‍ കയറി. രണ്ടും കല്‍പ്പിച്ച് ചിമ്മിനി വിളക്കുപേക്ഷിച്ച്, ഒരു കയ്യില്‍ കുത്തുവടിയും മറുകയ്യില്‍ ചിരട്ടയുമായി ‘അമ്മേ……, പറക്കാളീ………’ എന്നലറിക്കൊണ്ട് രാമകൃഷ്ണന്‍ പൂജാമുറിക്കുമുന്നിലെത്തി.
ആരാണ് ഈ സമയത്ത് വിളക്കു കത്തിച്ചുവെച്ചിരിക്കുന്നത്! പിതൃപീഠങ്ങളിലെല്ലാം ആരൊക്കെയോ ഇരിക്കുന്നുണ്ടല്ലോ….! ദേഹമാകെ ഒരു വിറയല്‍ പടരുന്നു. ദിവസങ്ങളായി തന്നെ ശല്യം ചെയ്തിരുന്ന തലവേദന പൊയ്‌പ്പോയിരിക്കുന്നു. രാമകൃഷ്ണന്‍ വീടിന്റെ വാതില്‍ തുറന്ന് ഉപാസനത്തറയ്ക്കു നേരെ നടന്നു. തൊഴുത്തില്‍ പശുക്കള്‍ തീറ്റകഴിഞ്ഞ് ശാന്തമായുറങ്ങുന്നു.
ഉപാസനത്തറയ്ക്കു മുന്നില്‍ തുള്ളിപ്പനിച്ച് നിന്ന് രാമകൃഷ്ണന്‍, ഇരുട്ടിലേക്ക് വിളിച്ചുപറഞ്ഞു.
‘അമ്മേ, ആദിയിലും ജാതിയിലും ഓമിലും മന്ത്രത്തിലും മലമുത്തിയിലും ഞാന്‍ നിന്നെ വിളിച്ചു. അച്ചനച്ചന്‍ മുത്തച്ചന്‍ തൊട്ട്, എല്ലാം മഹാദേവന്റെ ഉച്ചിയില്‍ നിന്നും വന്നത്, എല്ലാം ബ്രഹ്മാവുകൊടുത്ത മന്ത്രങ്ങള്‍…. കുത്തൊടി, വെള്ളൊടി, ചവിട്ടൊടി, കാരൊടി…. എല്ലാം നിനക്കുമെനിക്കും പറഞ്ഞുവെച്ചത്…. മോഹനം, സ്തംഭനം, ബന്ധനം, മാരണം, വിദ്വേഷണം, വശീകരണം, ആകര്‍ഷണം, ഉച്ചാടനം…. എല്ലാം ആദിയില്‍ പറഞ്ഞു തരിക…. ഓമില്‍ പറഞ്ഞു തരിക….’
നേദ്യദ്രവ്യങ്ങള്‍ പോലെ, രാമകൃഷ്ണന്‍ കുത്തുവടിയും ചിരട്ടമാലയും ഉപാസനത്തറയില്‍ വെച്ചു. തൊട്ടുതൊഴുത് വീണ്ടുമെടുത്ത് മാല അരയില്‍ക്കെട്ടി, വടികുത്തി ശബ്ദമുണ്ടാക്കി മുറ്റത്തുകൂടി നടന്നുതുടങ്ങി.
എന്തൊക്കെ ഭ്രാന്താണ് ഞാന്‍ കാണിക്കുന്നത്…..!? എന്തെല്ലാമാണ് ഞാന്‍ പിച്ചും പേയും പറയുന്നത്….!? രാമകൃഷ്ണന്‍, തെക്കുവടക്കു നടക്കുന്നതിനിടയില്‍ ഓര്‍ത്തു.
താന്‍ ഒറ്റയ്ക്കല്ല നടക്കുന്നത് എന്ന് പെട്ടെന്ന് രാമകൃഷ്ണന് തോന്നി. ആരോ കൂടെ നടക്കുന്നുണ്ട്; അഥവാ ആരോ തന്നെ നടത്തിക്കുകയാണ്.
‘വണ്ണാത്തിപ്പുള്ളിനെ പിടിച്ച് കൊന്ന് ചിരട്ടയില്‍ വെച്ചടച്ച് മുക്കോലപ്പെരുവഴിയില്‍ തൂക്കുക….’
‘…….. താമരപ്പൂ പറിച്ച് പറത്തല പൊടിച്ചിട്ട് യന്ത്രവും സാദ്ധ്യനാമവും കൂട്ടി…..’
‘……. എയ്യന്‍ മുള്ളിന്റെ തലയ്ക്ക് ചുരുളിട്ട്…..’