ആരോ ചുമലില്‍ സ്പര്‍ശിച്ച പോലെ. തിരിഞ്ഞുനോക്കണമെന്നുണ്ട്. പക്ഷേ ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയിരിക്കുന്നു. അറിയാതെ ഉള്ളില്‍ത്തട്ടി വിളിച്ചുപോയി, ‘അമ്മേ….., പറക്കാളീ കാത്തോളണേ……’
കയ്യില്‍ നീണ്ടു ഞാന്നു കിടക്കുന്ന ചിരട്ട മാലയും മറുകയ്യില്‍ അച്ഛന്‍ കുത്തിനടന്ന വടിയും പിടിച്ച്, മങ്ങിയ വെളിച്ചത്തില്‍ വെട്ടിവിയര്‍ത്ത് രാമകൃഷ്ണന്‍ നിന്നു. തൊട്ടുപുറകില്‍ ആരോ ഉണ്ട്. അയാള്‍ രാമകൃഷ്ണനെ സ്പര്‍ശിച്ചു നില്‍പ്പാണ്. ഹൃദയമിടിപ്പിന്റെ പശ്ചാത്തല സംഗീതത്തില്‍ രാമകൃഷ്ണന്റെ ചെവിയിലേക്ക് അശരീരിപോലെ; എന്നാല്‍ പിറുപിറുപ്പിന്റെ ശബ്ദത്തില്‍ വാക്കുകളും വാക്യങ്ങളും ചിതറിവീണു.
‘രാമകൃഷ്ണാ, നിന്റെ മുത്തച്ചന്റെ മുത്തച്ചന്‍ ചക്കപ്പനാണ് ഞാന്‍. തീരാത്ത ആഗ്രഹങ്ങളുടെ തീച്ചൂളയില്‍ വെന്ത്, ചെമ്പ്ര എഴുത്തശ്ശനാല്‍ പിടിക്കപ്പെട്ട ഒടിയന്‍ ചക്കപ്പനും; നഗ്നനായി നടുറോഡില്‍ വെറുമൊരു കത്തിയുടെ മന്ത്രബന്ധത്താല്‍ എരിപൊരികൊണ്ടു നിന്നവനും ഞാന്‍ തന്നെ. അതിനും മുന്‍പ് ഞാന്‍ ഒടിയന്‍ കൊലവനായിരുന്നു. പണ്ടാരപ്പറമ്പിലെ പൊന്നാരയെ ഒടിച്ച് തിരിച്ചു വരുമ്പോള്‍ നരിക്കോട്ട കോമന്‍നായരടെ മുന്നില്‍ പെട്ടുപോയി. ചെമ്പ്ര എഴുത്തശ്ശനായിരുന്ന മാക്കു എഴുത്തശ്ശന്‍ തന്നെയായിരുന്നു നരിക്കോട്ട കോമന്‍നായരായി, വന്ന് എന്നെ, അന്നത്തെ എന്റെ രൂപമായിരുന്ന കാളയുടെ രൂപത്തില്‍ത്തന്നെ പിടിച്ചുകെട്ടിയത്. ‘കൊമ്പും തലേം കഴുകണ്ട….. നന്നായി അടിച്ച് പൂട്ടിക്കോ…. വലിയ്ക്കാന്‍ കൊറച്ച് മോശാ പഹയന്‍’ എന്നുപറഞ്ഞ്, വയ്യാട്ടെ നാണ്വാരെ പൂട്ടാന്‍ ഏല്‍പ്പിച്ച്, പൂന്തപ്പാടം മുഴുവന്‍ പൂട്ടിച്ചു, അന്ന് എന്നേക്കൊണ്ട്.’
വിളക്ക് മുനിഞ്ഞ് കത്തുന്നു. അച്ഛന്‍ മരിച്ച് നാല്‍പ്പത്തൊന്നു നാള്‍ കഴിഞ്ഞപ്പോള്‍, ഒരു നിയോഗം പോലെ, രാമകൃഷ്ണന്‍ അച്ഛന്റെ ഊന്നുവടി കാണിച്ച സൂചനകളിലൂടെ, പൂര്‍വ്വപരമ്പരകളുടെ അവിശ്വസനീയമായ വഴികളില്‍ ഭയന്നുമമ്പരന്നും നില്‍ക്കുകയാണ്. ഇടയ്‌ക്കെപ്പോഴോ ധൈര്യം സംഭരിച്ച് രാമകൃഷ്ണന്‍ ഒന്ന് തിരിഞ്ഞുനോക്കി. ഇല്ല; പുറകില്‍ ആരുമില്ല. അപ്പോള്‍ പിന്നെ ഇത്രയും നേരം സംസാരിച്ചത് ആരാണ്….!? ചുമലില്‍ സ്‌നേഹത്തോടെ കൈവെച്ചതാരാണ്….!? പുറകില്‍ ആരുമില്ലെന്ന് ബോദ്ധ്യം വന്നിട്ടും രാമകൃഷ്ണന് പക്ഷേ, തിരിച്ച് മുറിക്കു പുറത്തേക്ക് നടക്കാന്‍ ധൈര്യം വന്നില്ല. കാരണം, രാമകൃഷ്ണന് ഉറപ്പായിരുന്നു തന്റെ പുറകില്‍ ആരോ ഉണ്ട് എന്ന്. ഒരു കയ്യില്‍ ചിരട്ടമാലയും മറുകയ്യില്‍ ഊന്നുവടിയുമായി രാമകൃഷ്ണന്‍ ഒന്നുകൂടി വിളിച്ചു…. ‘അമ്മേ……, പറക്കാളീ………’
‘രാമകൃഷ്ണാ…..,’
വീണ്ടും ചക്കപ്പന്‍ എന്ന, കൊലവന്‍ എന്ന, കുപ്രസിദ്ധനായ ഒടിയന്‍, രാമകൃഷ്ണനോട് സംസാരിച്ചു തുടങ്ങി.