രാമകൃഷ്ണന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. അച്ഛന്‍ മരിക്കും മുന്‍പ് പെണ്ണുകെട്ടിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇങ്ങനെ ഒറ്റയ്ക്ക് പേടിച്ചു വിറച്ച് ഇരിക്കേണ്ടി വരുമായിരുന്നില്ല. അപ്പോള്‍ത്തന്നെ മനസ്സിനെ തിരുത്തി. വേണ്ടെന്നു വെച്ചിട്ടല്ലല്ലോ….. എത്ര പെണ്ണുകാണല്‍ നടത്തി. എല്ലാം ശരിയായാലും അവസാനസമയം വരുമ്പോള്‍ മുടങ്ങിപ്പോകും. പറയത്തക്ക ഒരു കാരണവുമില്ലാതെ അവസാനഘട്ടംവരെയെത്തിയ എത്ര ആലോചനകള്‍ മുടങ്ങിപ്പോയി. ഒരു നമ്പൂതിരിക്കുട്ടിയെ അവളറിയാതെയാണെങ്കിലും നാലഞ്ചുകൊല്ലം പ്രണയിച്ചു നടന്നതിന്റെ ശാപമാണെന്നുവരെ തോന്നിയിട്ടുണ്ട്.
ഇനി, ഇന്നുറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ജീവിതത്തില്‍ ഇന്നുവരെ തോന്നാത്ത ഭയം മനസ്സിനേയും ദേഹത്തേയും ഗ്രസിച്ചിരിക്കുന്നു. രാമകൃഷ്ണന്‍ എഴുന്നേറ്റ് ലൈറ്റിട്ടു. കറണ്ട് പോയിക്കിടക്കുകയാണ്. ഇനി നാളെ ഉച്ചയോടെ പ്രതീക്ഷിച്ചാല്‍ മതി. ടോര്‍ച്ചെടുത്തുചെന്ന് അടുക്കളയില്‍ നിന്നും ചിമ്മിനിയെടുത്ത് കത്തിച്ചു. പെട്ടെന്ന് വീണ വെളിച്ചത്തില്‍ എലികള്‍ പരക്കം പാഞ്ഞു. വേണ്ടതും വേണ്ടാത്തതുമായ പലതും കൂട്ടിയിട്ട തെക്കേ അറയിലേക്കാണ് എല്ലാ എലികളും ഓടിയൊളിക്കുന്നത്. ഞാന്‍ പേടിച്ചുകഴിയുന്ന ഈ രാത്രിയില്‍ നിങ്ങള്‍ മാത്രം അങ്ങനെ സ്വസ്ഥമായി ഇരിക്കണ്ട എന്ന തീരുമാനത്തില്‍ അയാള്‍ തെക്കേ അറയിലെത്തി. അച്ഛന്‍ അവസാനകാലത്ത് നടക്കാനുപയോഗിച്ച ഊന്നുവടി വാതില്‍മൂലയില്‍ ചാരിയിരിപ്പുണ്ട്. അതെടുത്ത് ചണ്ടിപണ്ടാരങ്ങളിലെല്ലാം കുത്തിനോക്കി. നാഴിയും എടങ്ങഴിയുമെല്ലാം എലിക്കാട്ടംവീണ് വൃത്തികേടായിരിക്കുന്നു. എലികള്‍, അപ്രതീക്ഷിതമായി കടന്നുവന്ന ശത്രുസാന്നിദ്ധ്യത്തില്‍ ഭയന്ന് പരക്കംപായുന്ന ശബ്ദം കേള്‍ക്കാം.
പെട്ടെന്ന് ഒരു ചാക്കില്‍ നിന്നും കലകലാ എന്നൊരു ശബ്ദം! വടികൊണ്ട് ഒന്നു കൂടി തട്ടിനോക്കി. സംശയം തീരുന്നില്ല. പലതിനുമിടയില്‍പ്പെട്ടുകിടക്കുന്ന ആ ചാക്ക് വലിച്ച് പുറത്തെടുത്തു. ചിമ്മിനി, ചാക്കിനകത്തേക്ക് നീട്ടി എന്താണെന്ന് പരിശോധിച്ചു. കുറേ കണ്ണന്‍ ചിരട്ടകള്‍! ഒരെണ്ണം പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പുറകേ മറ്റുള്ളവയും പോരുന്നു. ചിമ്മിനിവിളക്ക് താഴെവെച്ച് ഇരുകൈകള്‍കൊണ്ടും കണ്ണന്‍ ചിരട്ടകള്‍ പുറത്തെടുക്കാനായി ശ്രമം. അതൊരു മാലയാണ്. ചിരട്ടകളുടെ കണ്ണുകള്‍ക്കുള്ളിലൂടെ കോര്‍ത്ത, ബലമുള്ള ചരടിനാല്‍ തീര്‍ത്തൊരു ചിരട്ടമാല.!
ദേഹം മുഴുവന്‍ ഒരു തരിപ്പ് കയറി. മുന്‍തലമുറകളില്‍ ഈ തറവാട്ടില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന, പ്രശസ്ത ഒടിയന്‍മാരായ മുതുമുത്തശ്ശന്‍മാരുടെ പേരുകള്‍ കുട്ടിക്കാലത്ത് കേട്ട കഥകളില്‍ നിന്നും ഓര്‍മ്മകളിലേക്കു തള്ളിക്കയറിവന്നു. കൊലവന്‍, കുട്ടിഅക്കു, കുഞ്ചുമണിയന്‍, ചക്കപ്പന്‍, മടമ്പന്‍….. മൂന്നുകാലുമാത്രമുള്ള കാളയായും പട്ടിയായും വഴിതടഞ്ഞുനില്‍ക്കുന്ന കടമ്പായയായും വേലിയ്ക്കരികില്‍ ചാരി വെച്ച മുള്ളിന്‍കെട്ടായും ഈ ചിരട്ടമാലയും ധരിച്ച് മുതുമുത്തശ്ശന്‍മാര്‍ നിരന്നുനില്‍ക്കുന്നു.