ഇതിനിടയ്ക്ക് ചെറുമര് ആരാധിക്കുന്ന ഒരു പന്തംകൊളുത്തിയും വന്നുപെട്ടിട്ടുണ്ട്. വെള്ളം കുടിയ്ക്കാന്‍ പുഴയില്‍നിന്നും കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത കാരയ്ക്കലമ്മയുടെ കയ്യിലെ വെള്ളത്തില്‍, ഒരു പരല്‍മീന്‍ പെട്ടത്രേ. അങ്ങനെ മീനിനെ സ്പര്‍ശിച്ച കാരയ്ക്കലമ്മയ്ക്ക് ജാതി ഭ്രഷ്ട് വന്നപ്പോള്‍ ചെറുമര് ഏറ്റെടുത്തൂന്നും ‘പന്തംകൊള്ത്തി’ എന്ന ഉഗ്രമൂര്‍ത്തിയായെന്നും കഥ. പക്ഷേ പറയന്മാരടെ പഴയൊരു തറവാട്ടില്‍ പന്തംകൊളുത്തി വന്നതെങ്ങനെയാണാവോ….? എന്തായാലും ഇപ്പോൾ വടക്കോറത്തെ ആവല്‍മരച്ചോട്ടില് ഇരിപ്പുണ്ട്. നാരായണേട്ടനാണ് ഈ ദൈവത്തെ നടതള്ളിയത്.
രാമകൃഷ്ണന്‍ ഓരോന്നോരോന്നോര്‍ത്ത് കടുത്ത തലവേദനയ്ക്കിടയിലും മയങ്ങിപ്പോയി. ഇതിനിടയ്ക്ക് ഒന്നുരണ്ടുവട്ടം പശുവും കുട്ടിയും ശബ്ദമുണ്ടാക്കിയെങ്കിലും രാമകൃഷ്ണന്‍ എഴുന്നേല്‍ക്കാന്‍ തയ്യാറായില്ല.
‘ഒടിച്ചത് ശ്രീ മഹാദേവന്‍ ഒടി കൊണ്ടത് ശ്രീ പാര്‍വ്വതീദേവി ഒടിച്ചവന്റെ കൈ ശിവന്റെ ലിംഗമാക ധ്യാനിച്ചേന്‍ ഒടി കൊണ്ടവന്റെ മേനി ശക്തിയുടെ യോനിയാക….’
തുലാവര്‍ഷം പലതിനും മറയിട്ടുകൊണ്ട് തുള്ളിപ്പെയ്യുകയാണ്. അടുത്ത കനത്തൊരിടിവെട്ടലില്‍ രാമകൃഷ്ണന്‍ ഞെട്ടിയുണരുമ്പോള്‍ രാമകൃഷ്ണന്റെ നെഞ്ചില്‍ കൈപ്പടമമര്‍ത്തി, കട്ടിലില്‍, രാമകൃഷ്ണനരികെ ഒരാള്‍ ഇരിപ്പുണ്ട്. ചുവന്നുതുടുത്ത കണ്ണുകള്‍, മൊട്ടത്തലയില്‍ വെട്ടുകൊണ്ട പാടുകള്‍………
‘……….. എന്‍ ഗുരുവിനാണ……….’ എന്നതുവരെ രാമകൃഷ്ണന്‍ വ്യക്തമായി കേട്ടതാണ്.
‘എന്താ നിങ്ങള്‍ പറഞ്ഞത്….?’ രാമകൃഷ്ണന്‍ അടുത്തിരിക്കുന്ന ആളോട് ചോദിച്ചു.
അയാള്‍ പറഞ്ഞുതുടങ്ങി.
‘…… കണ്ണിമീന്‍, അട്ടക്കുടു, ഏട്ട. ചുണ്ണാമ്പ്………..’
പെട്ടെന്നാണ് രാമകൃഷ്ണന് സ്വബോധം വീണത്.
ഇതാരാണ്……!? ഇയാളെങ്ങനെ വീടിനകത്തെത്തി…..? അപ്പോള്‍ ഞാന്‍ പൂജാമുറിക്കടുത്ത് കണ്ടെന്ന് തോന്നിയ രൂപം…..!?
രാമകൃഷ്ണന്‍ അലറി വിളിച്ചു.
‘ആരാ നിങ്ങള്‍….?’
ഇല്ല; ഇപ്പോള്‍ മുറിയില്‍ ആരുമില്ല. വിയര്‍ത്തു കുളിച്ച്, കട്ടിലില്‍ ഞെട്ടിവിറച്ചു കിടക്കുന്ന രാമകൃഷ്ണനല്ലാതെ ആ പറയത്തറവാട്ടില്‍ ആരുമില്ല.