അച്ചാച്ചന്റെ കാലം മുതല്‍ ഭാഗം പിരിയാതിരുന്ന സ്വത്താണ് അച്ഛന്റെ മരണത്തോടെ ഏവരും എളുപ്പത്തില്‍ നേടിയെടുത്തിരിക്കുന്നത്. ഭക്ഷണത്തോടും ഭോഗത്തോടുമുള്ള ആര്‍ത്തി പണത്തിനോടും സ്വത്തിനോടുമുള്ള ആര്‍ത്തിക്കു മുന്നില്‍ ഒന്നുമല്ലെന്ന് തെളിഞ്ഞ ദിനങ്ങള്‍.
മദ്ധ്യസ്ഥന്റെ തീര്‍പ്പില്‍ ഏവരും, കൊത്തിമുറിച്ചും വളച്ചുകെട്ടിയും കൊണ്ടുപോയ ഇത്തിരിക്കണ്ടങ്ങള്‍. രണ്ടേക്കറോളം വരുന്ന സ്ഥലം ആദ്യം പന്ത്രണ്ട് കഷ്ണമാകുന്നതും അതിലെ ചിലത് വീണ്ടും നടു മുറിഞ്ഞ്മുറിഞ്ഞ് അനേകമാകുന്നതും കണ്ടു.
തലമുറതലമുറകളായി ആരാധിച്ചു പോരുന്ന പിതൃക്കളേയും മരച്ചുവടുകളില്‍ ധ്യാനസ്ഥരായിക്കഴിഞ്ഞിരുന്ന ജ്ഞാതാജ്ഞാത ദൈവങ്ങളേയും ആരും പങ്കിട്ടെടുത്തില്ല എന്നത് രാമകൃഷ്ണനെ ചിരിപ്പിക്കുകയും ഒട്ടൊക്കെ വേദനിപ്പിക്കുകയും ചെയ്തിരുന്നു.
താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പല പുരകളുണ്ടായിരുന്നു ആ രണ്ടേക്കറില്‍. അവകാശം സ്ഥാപിക്കാന്‍ ചിലര്‍ കാണിച്ച അതിസാമര്‍ത്ഥ്യങ്ങളുടെ വെച്ചുകെട്ടലുകള്‍. ഭാഗം പിരിഞ്ഞതും, അതില്‍നിന്നെല്ലാം, പീഠങ്ങളും വാളും ഗ്രന്ഥവുമൊക്കെ, തറവാടായ രാമകൃഷ്ണന്റെ വീടിന്റെ പൂജാമുറിയിലെത്തി, ‘ഇതാണ് യഥാര്‍ത്ഥ സ്ഥാനം’ എന്ന ന്യായത്തോടെ.
അതിരുകെട്ടിത്തിരിച്ചവരെല്ലാം അവരവരുടെ ഭാഗത്തില്‍പ്പെട്ട മരച്ചുവട്ടിലെ കല്‍രൂപങ്ങളെ തറവാട്ടിലെ മരങ്ങള്‍ക്കു ചുവട്ടിലെത്തിച്ചു. ‘ഇനി, രാമകൃഷ്ണനല്ലേ തറവാടിന്റെ അവകാശം. തറവാട്ടുദൈവങ്ങള്‍ തറവാട്ടില്‍ത്തന്നെ ഇരിയ്ക്കണം ന്നാ ശാസ്ത്രം’ എന്നാരോ രാമകൃഷ്ണന്‍ കേള്‍ക്കാന്‍ കുറച്ച് ഉച്ചത്തില്‍ പറഞ്ഞിരുന്നു. പറക്കാളിത്തറയുടെ മുന്നില്‍ നിന്ന് തെറിയും വെല്ലുവിളിയും വിളിച്ചു കൂവുമ്പോള്‍ ഏവരും മറന്ന ശാസ്ത്രമാണ്, ദൈവങ്ങളെ, രാമകൃഷ്ണനു കിട്ടിയ മരച്ചുവടുകളിലേക്ക് പറഞ്ഞയയ്ക്കുമ്പോള്‍ ഓര്‍ത്തുപാടുന്നത്.
വടക്കുഭാഗത്തെ അരളിച്ചുവട്ടില്‍ മുമ്പുണ്ടായിരുന്ന കുട്ടിച്ചാത്തന് പുറമേ, ഇപ്പോള്‍, ദേവ്വോടത്തിയുടെ രണ്ടാമത്തെ കെട്ട്യോന്റെ വക ഘണ്ടാകര്‍ണ്ണനും ഭൈരവനും കൂടിയുണ്ട്. തെക്ക്വോറത്തെ പുളിഞ്ചുവട്ടില്‍ പുതുതായി പച്ചിലത്തോലാട്ടി, അതിനടുത്തുള്ള വേപ്പിന്‍ ചുവട്ടില്‍ വെണ്ണീറ്റുകുട്ടത്തിയും നിണമാടിയും. പേയും മറുതയും ഈനാംപേച്ചിയും പ്രജമാംസഭക്ഷിണിയും കരുകലക്കിയും പലയിടത്തായി വേറെയും.