‘മോഹഭംഗവും പ്രതികാരം നടക്കാതെ പോയതുമെല്ലാം ഇരിപ്പിടത്തിലെ തീക്കട്ടകളായി ഞങ്ങളെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു. ഉണ്ണീ…., നങ്ങയ്യയെ, ഉണ്ണൂലിയെ, ശ്രീലക്ഷ്മിയെയാണ് നീയിന്ന്…..’
സാവിത്രി വരുംമുന്‍പ് അയാള്‍ അപ്രത്യക്ഷമായി. ഒടിക്ക് പോകാന്‍ തയ്യാറായ രാമകൃഷ്ണനെ കണ്ട് സാവിത്രി അത്ഭുതപ്പെട്ടു. അത്, പെട്ടെന്ന് എടുത്ത തീരുമാനമായി അവള്‍ക്കു തോന്നി. അന്നുരാത്രി സാവിത്രി എന്തെല്ലാമോ രതിലീലകള്‍ ഉദ്ദേശിച്ചിരുന്നത്രേ. രാമകൃഷ്ണനോര്‍ത്തു; അതെല്ലാം ഞാന്‍ മറ്റൊരു ദേഹത്ത് ആടിത്തീര്‍ത്തോളാം.
എല്ലാം തീര്‍ന്ന്, ശ്രീലക്ഷ്മിത്തമ്പുരാട്ടിയെ മോചിപ്പിച്ച് പറഞ്ഞയച്ചശേഷം, രാമകൃഷ്ണന്‍ സ്വന്തം പുരയിലേക്ക് നടന്നു. കരിവട്ടകക്കാവിനടുത്തെത്തിയപ്പോള്‍, ആല്‍ത്തറയിലിരിക്കുന്ന ഭ്രാന്തന്‍, കീഴൂരെ കൃഷ്‌ണേട്ടന് പാടത്ത് കൃഷി നശിപ്പിക്കുന്ന കുരങ്ങിനെ തടയാനുള്ള മന്ത്രം പറഞ്ഞുകൊടുക്കുന്നു.
‘………അയോദ്ധ്യാപുരി തളിര്‍ത്തു പൂത്തു കാച്ചു നില്‍ക്കും പോലെ നല്ല കായ്ക്കനിക്കറിച്ചച്ചിരണ്ടി മറ്റു പലതും ഭാര്‍ഗവദേവന്റെ ഭൂമിയെ പടുത്ത കാലം മറ്റും……’
രാമകൃഷ്ണന്റെ അടിവയറ്റിലൊരു തീയാളി. രാമകൃഷ്ണനൊപ്പം ചക്കപ്പനും കൊലവനും ഭയന്നു വിറച്ചു. ചെമ്പ്ര മാക്കുഎഴുത്തശ്ശനും നരിക്കോട്ട കോമന്‍നായരും കരിവട്ടകക്കാവിലെ ഭ്രാന്തന്റെ രൂപത്തില്‍!
‘……… ഏറ്റ മൂര്‍ത്തികളോടു കൂറ്റന്‍ ചിര മാന്തി നില്‍ക്കും പോലെ കൊമ്പാല്‍കുത്തി വായാല്‍ കടിച്ച് കുളമ്പിട്ടു ചവിട്ടിത്തീര്‍ക്ക ഒടിവിഷവും ദുഷ്ടഭയവും തീര്‍ക്ക എന്നംബ സ്വാഹാ…..’
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വന്നു വീഴാന്‍ പോകുന്ന മന്ത്രത്തീയെ ഭയന്ന് രാമകൃഷ്ണന്‍ നൂല്‍ബന്ധമില്ലാതെ, സാവിത്രിയേയ്… എന്നും ചെറച്ച്യേ…. എന്നും കോമലേ…. എന്നും വിളിച്ച് ആര്‍ത്തലച്ച് പറയപ്പുരയ്ക്ക് നേരെ ഓടി.