‘ഞങ്ങടെ കാലത്ത് നമ്പൂരിമാര്‍ ഞങ്ങളെ ഒര്പാട് ദ്രോഹിച്ചിട്ടുണ്ട്; അയിത്തം പറഞ്ഞും തീണ്ടാപ്പാട് പറഞ്ഞും. എന്റെ അനിയന്‍ മുണ്ടനെ, അവര് കെട്ടിയിട്ട് തല്ലിയിട്ടുണ്ട്; ഒടിക്കാന്‍ പോയതിന്. പുല്ലും ഭൂമീം ഉള്ള കാലം വരെ ഇനി ഒടിവിദ്യ പ്രയോഗിക്കില്ല എന്ന് അന്ന് അവനേക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു. എനിക്കത് കണ്ട് നിക്കേണ്ടിവന്നു. അതിന്റെ വെഷമത്തില്‍ അന്ന് രാത്രി, മുണ്ടന്‍ മഞ്ഞറളിക്കായ ശര്‍ക്കരകൂട്ടിക്കഴിച്ച് തീര്‍ന്നുപോയി. അന്ന് ഞാന്‍ ഉന്നം വെച്ചതായിരുന്നു മനയ്ക്കലെ ഉണ്ണൂലിയെ വെള്ളൊടിക്കണംന്ന്. നടന്നില്ല. അപ്പഴയ്ക്കും ഞാന്‍ മരിച്ച് പോയി. കൊലവനും ഒരിക്കലൊരു നങ്ങയ്യത്തമ്പ്രാട്ട്യെ ഉന്നം വെച്ചതായിരുന്നു. അതും നടന്ന്ല്ല്യ. ആ ഒരാഗ്രഹം ഉള്ള്ക്കടന്ന് നീറ്വാണ്. ആഗ്രഹല്ല; പ്രതികാരം.’
നൂല്‍ബന്ധമില്ലാതെ പിള്ളതൈലം പുരട്ടി, ഉപാസനത്തറയില്‍ ചെന്ന് പ്രാര്‍ത്ഥിച്ച്, വെള്ളൊടിക്കേണ്ട സ്ത്രീയെ പേരുചൊല്ലി കാളിക്ക് പരിചയപ്പെടുത്തി, ഒരൊറ്റ ഓട്ടമാണ്. കുത്തൊടിയ്‌ക്കോ ചവിട്ടൊടിയ്‌ക്കോ കാരൊടിയ്‌ക്കോ ഉള്ള സാവകാശമൊന്നും വെള്ളൊടിയ്ക്ക് ഒടിയന്‍ കാണിക്കാറില്ല. നാലും അഞ്ചും പേര്‍ വെള്ളൊടിക്ക് ഒരുമിച്ചുപോയ ചില കഥകള്‍ രാമകൃഷ്ണന്റെ പൂര്‍വ്വജന്മസ്മരണകളിലേക്ക് കടന്നുവന്നു.
മറ്റെല്ലാം പണത്തിന് വേണ്ടി ചെയ്യുന്നവ. മറ്റുള്ളവരുടെ വഴക്കുകളില്‍ പെട്ടെന്നിടപെട്ട് തൂക്കാന്‍ വിധിക്കുന്ന ജഡ്ജിയെപ്പോലെയാണ് ഒടിയനും. അപ്രതീക്ഷിതമായി കടന്നുവന്ന്, വഴക്കിടുന്നവരില്‍ ഒരാള്‍ക്ക് മരണം വിധിച്ച് കൈകഴുകി സ്ഥലം വിടുന്ന ഒടിയന്‍ ജഡ്ജി. പക്ഷേ വെള്ളൊടി അങ്ങനെയല്ല. ഇത് സ്വന്തം ആനന്ദത്തിനു വേണ്ടിയുള്ളതാണ്. കണ്ടുമോഹിച്ചതും ഉയര്‍ന്ന ജാതിയില്‍പെട്ടതുമായ പെണ്ണിനെ, അവള്‍പോലുമറിയാതെ ഭോഗിക്കാനുള്ള അവസരം. ചിലര്‍ നിത്യജീവിതത്തില്‍ അസ്പൃശ്യമായി തുടരുന്ന സൗന്ദര്യങ്ങളെ, മന്ത്രമൂര്‍ത്തിയെ കാവല്‍ നിര്‍ത്തി ഭോഗിച്ചാനന്ദിക്കുന്നു. ചിലര്‍, ജാതിയുടെ പേരില്‍ ആട്ടിയിറക്കിയവരോടുള്ള പ്രതികാരമായി അവരുടെ മകളെത്തന്നെ കൂട്ടം ചേര്‍ന്ന് വെള്ളൊടി നടത്തുന്നു.
എന്തിനായാലും ഉറങ്ങിക്കിടക്കുന്ന ആ സുന്ദരിയെ വശീകരിച്ച് ഉമ്മറത്തേക്ക് കൊണ്ടുവരണം. ശബ്ദിക്കാതിരിക്കാന്‍ നാവു കെട്ടണം. രതിയുത്സവം കഴിഞ്ഞാല്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഗര്‍ഭത്തെ തുടക്കത്തിലേ കലക്കുകയും വേണം.
സാവിത്രി കുളി കഴിയാറായിരിക്കുന്നു. പീഠോത്ഭവന്‍ തിരിച്ചുപോകാന്‍ തിരക്കു കൂട്ടുന്നു.
‘ഞങ്ങളില്‍ വന്ന പ്രതികാരവും നടക്കാതെ പോയ വിഷമവും നിന്നിലേക്കെത്തിയപ്പോള്‍ പ്രേമമായാണ് രൂപപ്പെട്ടത്…’ അയാള്‍ പറഞ്ഞു നിര്‍ത്തി. അപ്പോള്‍ രാമകൃഷ്ണന്‍ ഓര്‍ത്തു. അതായത്, രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ വെളയൂരില്ലത്തെ എന്റെ കാമുകി, ശ്രീലക്ഷ്മി അന്തര്‍ജനത്തെയാണ് ഞാന്‍ ഇന്ന് വെള്ളൊടിക്കേണ്ടത്.