മരിച്ചുവീണ അയാള്‍ പറക്കാളി ദേഹത്തുകയറിയതോടെ എഴുന്നേറ്റു. ഒന്നും സംഭവിക്കാത്തതുപോലെ വീട്ടിലേക്ക് തിരിച്ചുനടന്നു. നാലുനാള്‍ ദേഹം നാറാതെ കൊണ്ടുനടക്കുന്നത് അകത്തുകയറിയ കാളിയാണ്. നാലാം നാള്‍ കാളി ഇറങ്ങുമ്പോള്‍ ഏതെങ്കിലും വണ്ടിയിടിച്ച് അയാള്‍ വീണിരിക്കും. പിന്നെ കാണുന്നവര്‍ക്ക്, ദേഹത്തെ ഒടിവുകളും ചതവുകളുമെല്ലാം വണ്ടിയിടിച്ചതുകൊണ്ട് സംഭവിച്ചവ മാത്രം.
ആദ്യ ഒടിതന്നെ ഇത്രയും ഗംഭീരമായതില്‍ സന്തോഷിക്കേണ്ട രാമകൃഷ്ണന് പക്ഷേ എവിടെയൊക്കെയോ ഒരു ചുട്ടുനീറല്‍. മുന്നോട്ടുവെച്ച കാല്‍ പുറകോട്ടു വെക്കാന്‍ പറ്റാത്ത ഒരു പാട് മുഹൂര്‍ത്തങ്ങളുണ്ട് ജീവിതത്തില്‍. അതിലൊന്നിലേക്കാണ് ഇപ്പോള്‍ താന്‍ കാലെടുത്തുവെച്ചിരിക്കുന്നത്. പൂര്‍ണ്ണനഗ്നനായി ആരാലും കാണാനാവാതെ രാമകൃഷ്ണന്‍ പറയപ്പുരയില്‍ തിരിച്ചെത്തി. സാവിത്രി, തിളച്ചവെള്ളമൊഴിച്ച്, കിടപ്പറയില്‍ മാത്രം കണ്ട ആ നഗ്നരൂപം, നടുമുറ്റത്ത് വെച്ച് കണ്ടു.
ഉറങ്ങാന്‍ നേരം മാറില്‍ കിടന്ന് വിരല്‍കൊണ്ട് ചിത്രങ്ങള്‍ കോറി സാവിത്രി പറഞ്ഞു.
‘പുലര്‍ച്ചയായിത്തൊടങ്ങ്യേപ്പൊ എനിയ്ക്ക് പേട്യായിത്തൊടങ്ങീര്ന്നു. നാല് മണിക്ക് മുമ്പേ എത്തണേന്ന് ഞാന്‍ കാള്യോട് പ്രാര്‍ത്ഥിക്കാന്‍ തൊടങ്ങ്യേപ്പളാ നിങ്ങളെത്തീത്.’
സാവിത്രി ഉറങ്ങിയതും പൂജാമുറിയില്‍ നിന്നും ഇറങ്ങിയ ആള്‍ രാമകൃഷ്ണനെ വിളിച്ചുണര്‍ത്തി. തെക്കേ അറയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
‘അസ്സലായി. നാല് ദിവസം കഴിഞ്ഞാ ഒരു വെള്ളൊടിക്ക് തയ്യാറായിക്കോളൂ. വെള്ളൊടിക്ക്യാണ് പോണത് എന്ന് കോമലോട് പറയണ്ട.’
അന്തം വിട്ട് നോക്കിയ രാമകൃഷ്ണനോട്, ‘കോമല’ ആരാണെന്ന് അയാള്‍ വിശദമാക്കി.
‘സാവിത്രിയോട് പറയണ്ടാന്ന്. ചെറച്ചീം കോമലേം സാവിത്രീം ഒക്കെ ഒരാളന്നെ….. അവളറിയണ്ട.’
പഴയ തലവേദന വീണ്ടും ശല്യപ്പെടുത്തിത്തുടങ്ങിയതിനാലാണ് ജോലിയ്ക്ക് പോകാത്തത് എന്ന് ബന്ധുക്കളോടൊക്കെ രാമകൃഷ്ണന്‍ കള്ളം പറഞ്ഞ് മൂന്നു നാള്‍ തലങ്ങും വിലങ്ങും കിടന്നുറങ്ങി. പുതുപ്പെണ്ണിന്റെ മൂട്ടില്‍ അടയിരിക്കുകയാണ് പെണ്‍കോന്തന്‍ എന്ന്, ബന്ധുക്കള്‍ അടക്കം പറഞ്ഞു.
നാലാം നാള്‍ പെരിങ്ങോടിലുള്ള ഒരാള്‍ ഏതോ വണ്ടിയിടിച്ച് മരിച്ചെന്ന് ചായക്കടയില്‍ വെച്ചാണ് രാമകൃഷ്ണനറിഞ്ഞത്.
രാത്രി സാവിത്രി മേലുകഴുകാന്‍ നേരത്താണ് അയാള്‍ പൂജാമുറിയില്‍ നിന്നും ഇറങ്ങിവന്നത്. അയാള്‍ രാമകൃഷ്ണനോട് പറഞ്ഞു.