അയാള്‍ രാമകൃഷ്ണന്റെ കണ്ണിലേക്കുറ്റു നോക്കി പറഞ്ഞു.
‘വെളയൂരില്ലത്തെ ആ അന്തര്‍ജനക്കുട്ടിയോട് നിനക്ക് തോന്നിയ പ്രേമം പോലും ഈ ബന്ധനൈരന്തര്യത്തിന്റെ ഭാഗമാണ്.’
ആ പറഞ്ഞതിന്റെ അര്‍ത്ഥമെന്ത് എന്ന് ചോദിക്കും മുന്‍പ് അയാള്‍ പൂജാമുറിയിലേക്ക് നടന്നു കയറി അപ്രത്യക്ഷനായി.
രാമകൃഷ്ണനെത്തന്നെ അത്ഭുതപ്പെടുത്തുന്ന വേഗത്തിലായിരുന്നു പിന്നെ കാര്യങ്ങള്‍ നടന്നത്. വിവരമറിഞ്ഞ് നാഗലശ്ശേരിയില്‍നിന്നും കരിമ്പനും ബന്ധുക്കളും ഇങ്ങോട്ടുവന്നു. കല്ല്യാണം, മധുവിധു എല്ലാം അതിഗംഭീരമായിത്തന്നെ നടന്നു. ഈ ദിവസങ്ങളിലൊന്നും പൂജാമുറിയില്‍ നിന്നും പീഠവാസികളാരുംതന്നെ ഇറങ്ങിവരലുണ്ടായില്ല എന്ന് രാമകൃഷ്ണന്‍ പ്രത്യേകം ശ്രദ്ധിച്ചു.
മധുവിധുവിന്റെ ഏഴാം നാള്‍ തന്റെ പിന്‍കഴുത്തില്‍ തലോടിക്കൊണ്ടിരുന്ന സാവിത്രി, ചെവിക്കു പുറകില്‍ ഉമ്മവെച്ച് സ്വകാര്യം പോലെ ചോദിച്ചു.
‘ങ്ങള് ഒടിവിദ്യൊക്കെ പഠിച്ച്ട്ട്‌ണ്ടോ…..?’
സുരതപൂര്‍ത്തിയില്‍ കിതച്ചുകൊണ്ട് രാമകൃഷ്ണന്‍ മറുപടി നല്‍കി.
‘നാളെ ചെമ്പ്‌ല് വെള്ളം തെളപ്പിച്ച് കാത്തിര്‌ന്നോ.’
പിള്ളതൈലം തേച്ച് നൂല്‍ബന്ധമില്ലാതെ ഉപാസനത്തറയില്‍ ചെന്ന് പറക്കാളിയെ വിളിച്ച് രാമകൃഷ്ണന്‍ പെരിങ്ങോട്ടേക്ക് നടന്നു.
ഇല്ലിമുള്ളുവെച്ച് വരഞ്ഞ്, കളംകെട്ടി, കളത്തില്‍ ഓംകാരത്തില്‍ ഊതി മന്ത്രിച്ചു. ഒടിക്കേണ്ടവന്റെ പേരും അടയാളങ്ങളും കാളിയോട് പറഞ്ഞു. ഒടിക്കേണ്ടവനെ ഇനി കാളി കൊണ്ടുവരും.
ആദ്യമായി പ്രയോഗിക്കുന്നവന്റെ യാതോരു പരിഭ്രമവുമില്ലാതെ രാമകൃഷ്ണന്‍ വഴിയില്‍ ചാരിവെച്ച മുള്ളിന്‍ കെട്ടായി കാത്തിരുന്നു. മൂത്രമൊഴിക്കാന്‍ തിരക്കായി പുറത്തിറങ്ങിയ അയാളെ കാളി കളത്തിലെത്തിച്ചതും രാമകൃഷ്ണന്‍ ചിരട്ടമാലയൊന്നു കുടഞ്ഞു. കയ്യില്‍ കരുതിയ അട്ടകള്‍ ചേര്‍ത്തടിച്ച് കോഴി പറക്കും പോലെ ശബ്ദമുണ്ടാക്കി. ഭയന്നു കരയാനാഞ്ഞ അവന്റെ നാവുകെട്ടാന്‍ കാളിയോടു പറഞ്ഞു. ശബ്ദം നിലച്ച അവനെ വടി കാലിനിടയിലിട്ട് മറിച്ച് എല്ലൊടിച്ചു. മുട്ടനാടിന്റെ ഇടിയേറ്റ് കളത്തില്‍ വീണ അയാള്‍ ഓരോരോ എല്ലുകളായി ഒടിഞ്ഞൊടിഞ്ഞ് നിശ്ശബ്ദനായി മരിച്ചു. രാമകൃഷ്ണന്‍ കാളിയോടാജ്ഞാപിച്ചു- ‘നാലുനാള്‍ ദേഹത്തു വസിക്ക്. നാലാം നാള്‍ വണ്ടിയിടിച്ചു തീര്‍ക്കാം.’