നല്ല കഷ്ടപ്പാടുണ്ടായിരുന്നു പണ്ട്;
ഇത്രേം പക്ഷേ, ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
അതെന്താ രണ്ട് വാക്കും തമ്മില്‍ വ്യത്യാസം?
ഉദാഹരിക്കണോ?
പണ്ട്,
ഭക്ഷണത്തിന് നല്ല കഷ്ടപ്പാടായിരുന്നു.
ഉള്ളത് പക്ഷേ,
ബുദ്ധിമുട്ടാതെ കഴിയ്ക്കാമായിരുന്നു.
യാത്ര ചെയ്ത്
പണ്ടൊരിടത്ത് പോകലൊക്കെ
കഷ്ടപ്പാടായിരുന്നു.
പക്ഷേ,
ഇക്കണ്ട വണ്ടിയൊക്കെ
വാങ്ങിയപ്പോഴുള്ള
ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
കുറച്ച് കാശ് കിട്ടാനൊക്കെ
പണ്ട്, വല്യെ കഷ്ടപ്പാടായിരുന്നു.
പക്ഷേ,
ഈ കാശുകൊണ്ടുള്ള
ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.
പണ്ട്, പഠിക്കാനൊക്കെ
എന്ത് കഷ്ടപ്പാടായിരുന്നു!
പക്ഷേ,
ആ പഠിപ്പ്
ഇന്നത്തെപ്പോലെ ആരേം
ബുദ്ധിമുട്ടിച്ചിരുന്നില്ല.
അതാ പറഞ്ഞത്;
കഷ്ടപ്പാടായിരുന്നു….
പക്ഷേ,
ഇത്രേം
ബുദ്ധിമുട്ടുണ്ടായിരുന്നില്ലാന്ന്.