“ഉണ്ണീ….., ഉണ്ണിടെ പേരെന്താ…?”
“ഞാന്‍ കണ്ണന്‍. കണ്ണാന്ന് വിളിക്കും…”
“അപ്പൊ ആരാ നാരായണന്‍…!? ആരെയാ അവര് വിളിക്കണ്….?”
“ആ…. ഇപ്പൊ എത്ര്യായി….?”
“ഇനി ഏഴാമത്തെ വട്ടം”
ഏഴാമത്തെ ചുറ്റ് ഓടിത്തുടങ്ങിയപ്പോഴേയ്ക്കും ‘കണ്ണാ’ എന്ന് വിളിക്കുന്ന കണ്ണന്‍ മുന്നിലെത്തിയിരുന്നു. ‘നാരായണാ….!’ എന്ന വിളികളോടെ വലിയസംഘം പുറകേയും. ഏഴാമത്തെ ചുറ്റ് പൂര്‍ത്തിയാക്കുംമുന്‍പേ ഭട്ടതിരി ഓടി മുന്നില്‍ക്കേറി. കുട്ടികളൊക്കെ അന്തംവിട്ടോടുകയാണ്. ഒരു പഴവിഷയം ഇത്ര വലിയൊരു പ്രശ്‌നമായി മാറിയതെങ്ങനെ എന്ന് അവര്‍ക്കൊരുപിടിയുംകിട്ടുന്നില്ല.
‘ഈ കാക്കക്കൊറവന് നമ്മളെ ഓടിക്കാന്‍ എന്തൊരാവേശമായിരുന്നു! ഇദ്ദേഹമെന്തിനാണാവോ… ഇപ്പൊ നമ്മളേയും വെട്ടിച്ച് മുന്നില്‌ക്കേറി ഓടിപ്പോണത്!?’ എന്നൊക്കെ കുട്ടികള്‍ ആലോചിച്ചു. ഏഴാമത്തെ ചുറ്റ് പൂര്‍ത്തിയായതും ഭട്ടതിരിയും വിചാരണസംഘവും എട്ടാമതോടാതിരിക്കാന്‍, കുട്ടികള്‍ക്കുമുന്നില്‍ സാഷ്ടാംഗം നമസ്‌ക്കരിച്ച് വഴിമുടക്കി കിടന്നു.
“കണ്ണാ…, ചെയ്തത് തെറ്റാണെന്ന് പൂര്‍ണ്ണമനസ്സോടെ അംഗീകരിക്കുന്നു. ഇത്ര ചെറിയ കാര്യങ്ങള്‍ക്ക് കുട്ടികളോട് ഇത്ര കടുപ്പിച്ച് പെരുമാറാന്‍ പാടില്ല എന്ന് കണ്ണന്‍ പഠിപ്പിച്ചു. സമസ്താപരാധവും പൊറുക്കണേ… കൃഷ്ണാ…”
കണ്ണ് നിറഞ്ഞൊഴുകിയ ഭട്ടതിരിയും സംഘവും പറയാനുള്ളത് മുഴുവന്‍ പറഞ്ഞുതീര്‍ത്ത് പതുക്കെ എഴുന്നേറ്റപ്പോള്‍; കുട്ടികളുണ്ട്, ആള്‍ക്കൂട്ടമുണ്ട്…. പക്ഷേ, ‘കണ്ണന്‍’ എന്ന് ഏവരും വിളിക്കുന്ന, കണ്ണന്‍ എന്ന ആ കുട്ടിയെമാത്രം കാണാനില്ല!
‘അയ്യോ… കണ്ണന് പായസം കൊടുത്തിട്ടില്ല….!’ എന്നോര്‍ത്ത്, ശാന്തിക്കാരന്‍ ശ്രീകോവിലിലേയ്‌ക്കോടി. പുറകേ ആള്‍ക്കൂട്ടവും കണ്ണനെ തൊഴുത് കണ്‍നിറയെ കാണാന്‍ അകത്തേയ്‌ക്കോടി.
ഏവരും കണ്ണടച്ച്, മനസ്സില്‍, ചുറ്റമ്പലത്തില്‍ ഇത്രനേരവും ഓടിനടന്ന കണ്ണനെ ഓര്‍ത്ത് തൊഴുതുനില്‍ക്കുമ്പോള്‍, ശ്രീകോവിലില്‍നിന്നും ഒരശരീരി കേട്ടു.
“വിശപ്പുമാറ്റാനാ ആ ഉണ്ണികള്‍ പണമെടുത്തത്. എന്നോട് ചോദിച്ചിട്ടാ എടുത്തതും. അവരടെ വെശപ്പ് കണ്ട് എനിക്ക് വെശന്നപ്പൊ, അവര് കഴിച്ചപോലെ ഒരു പഴം ഞാനും കഴിച്ചു. അപ്പൊ അവര്‍ക്കുള്ള ശിക്ഷ എനിക്കും വേണ്ടേ…!? അതാ ഓടിയത്. എന്തായാലും; ഇന്നുമുതല്‍ ഇവിടെ ഒരുകുട്ടിയും വിശന്നിരിക്കാന്‍ പാടില്ലാട്ടോ….”
അങ്ങനെയാണത്രേ… ഗുരുവായൂരമ്പലത്തില്‍, പ്രസാദഊട്ട് എന്നറിയപ്പെടുന്ന; ഭക്തര്‍ക്ക് സൗജന്യമായി നല്‍കുന്ന അന്നദാനം എന്ന പരിപാടി തുടങ്ങിവെയ്ക്കുന്നത്.
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.