ശാന്തിക്കാരന്‍ പറഞ്ഞു.
“ഓടാത്തത്‌പ്പൊ ബടെ നമ്മളഞ്ചാറ് പേര് മാത്രേ ഉള്ളൂ! ‘പായസം എട്ക്കാന്‍ വരട്ടേ…. ഞാന്‍ പ്പൊ വരാം…’ ന്ന് ഒരശരീരി കേട്ട ഞാന്‍ നോക്കുമ്പോ, ഒരു കുട്ടി ശ്രീകോവില്ന്ന് ഇറങ്ങി ഓടണപോലെ തോന്നി. ആ കുട്ടിയാണ്, കൂട്ടത്തിലെ ആ കറുത്ത കുട്ടി. പഴം തിന്നേനാ ശിക്ഷാന്ന്‌ണ്ടെങ്കില് കണ്ണനും ഓടണല്ലോ…. ആ കുട്ട്യോള് എട്ത്ത പണംകൊണ്ട് വാങ്ങിയ പഴത്തിലൊന്ന് കണ്ണനും കൊട്ത്ത്ട്ട്‌ണ്ടേ… നടയ്ക്കല് വന്ന് അവര് ഒരു പഴം വെച്ചിട്ട് പോയത് ഞാന്‍ കണ്ടിരുന്നു….”
ശാന്തിക്കാരന്‍ പറഞ്ഞു നിര്‍ത്തിയതും ഭട്ടതിരി, ‘പറ്റിച്ചൂലോ… ഭഗവാനേ…!’ എന്നുപറഞ്ഞ് തലയില്‍ കൈവെച്ചു.
“എന്തായാലും ഇനി നമ്മളായിട്ട് ഓടാണ്ടിരിക്കണ്ട…. ഏഴിലാ എഴ്പതിലാ ഈ ഓട്ടം നിര്‍ത്താന്‍ പറ്റ്വാന്ന് കണ്ണനന്നേ അറിയൂട്ടോ…” എന്നുപറഞ്ഞ്, ശാന്തിക്കാരനും ഓടിത്തുടങ്ങി.!
പിന്നെ ബാക്കി ആരും ഒന്നും ആലോചിച്ചില്ല. എല്ലാവരും ഓടിത്തുടങ്ങി. നാലാംവട്ടം പൂര്‍ത്തിയാക്കി അഞ്ചാംവട്ടത്തിലേയ്ക്കു കടന്ന കൂട്ടയോട്ടത്തിലേയ്ക്ക്, എല്ലാവിധത്തിലുമുള്ള അയിത്തവും തൊട്ടുകൂടായ്മയും ശുദ്ധവും മറന്ന് ഏവരും ചേര്‍ന്നു. ഒരു വ്യത്യാസമുണ്ടായിരുന്നു ഇത്തവണ. ശാന്തിക്കാരന്‍ വിളിച്ചുപറഞ്ഞ; ‘നാരായണാ… നാരായണാ…’ എന്ന വിളി, ആള്‍ക്കൂട്ടം മൊത്തം ഏറ്റെടുത്ത്, അതൊരു വലിയ ശബ്ദസംഗീതമായി മാറി.
ഓടുന്ന കുട്ടികള്‍ ഒന്നന്തംവിട്ടു.
‘ഇക്കണ്ട ആള്‍ക്കാരൊക്കെ എന്തിനാ നമ്മടെ പിന്നാലെ ഓടണത്!? ഇവരൊക്കെ കണ്ണന്റെയൊപ്പം പഴം തിന്നവരാണോ നമ്മളേപ്പോലെ…!?’
അഞ്ചാംവട്ടം ഓട്ടം പൂര്‍ത്തിയായി; ആറിലേയ്ക്ക് കടന്നപ്പോഴാണ് കുട്ടികള്‍, ‘നാരായണാ…,’ എന്ന വിളി കേള്‍ക്കുന്നത്.
അവര്‍ പരസ്പരം ചോദിച്ചു.
“നമ്മളിലാരാ നാരായണന്‍….? നമ്മളെ ആരോ വിളിക്കുന്നുണ്ടല്ലോ….!”
“ഞാന്‍ ഗോവിന്ദന്‍ – അപ്പൂന്ന് വിളിക്കും”
“ഞാന്‍ ഗോപാലന്‍ – ഉണ്ണീന്ന് വിളിക്കും”
“ഞാന്‍ ദാമോദരന്‍ – ദാമൂന്ന് വിളിക്കും”
“ഞാന്‍ ദേവകി – ദേവൂന്ന് വിളിക്കും”
“ഞാന്‍ ഗോപിക – അമ്മൂന്ന് വിളിക്കും”
“ഞാന്‍ അച്ചുതന്‍ – അച്ചൂന്ന് വിളിക്കും”
“ഞാന്‍ കേശവന്‍ – കേശൂന്ന് വിളിക്കും”
എല്ലാവരും, തങ്ങളില്‍ പേരുകൊണ്ട് ഒരു നാരായണനില്ലെന്നുറപ്പുവരുത്തി.
‘അപ്പൊ ആരാ നാരായണന്‍! ഈ പുതിയ കുട്ടിയാണോ!?’
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.