“കുട്ടിയോ…?” തന്റെനേരെ തിരിച്ചുവന്ന ചോദ്യത്തിന് കറുത്ത കുട്ടിയും മറുപടി പറഞ്ഞു.
“ഞാനുമതെ. പഴം തിന്നേന്.”
കുട്ടികള്‍ ആലോചിച്ചു. ‘അത് ശരി! അപ്പൊ ഈ പരിപാടി നമ്മള്‍മാത്രം ചെയ്യുന്നതല്ല!’
കുട്ടികള്‍ ഒരുചുറ്റ് ഓടിക്കഴിഞ്ഞു. ശാന്തിക്കാരന്‍ പുറത്തുവന്ന് ഭട്ടതിരിയുമായി സംസാരിച്ചു. കുട്ടികളുടെ ഓട്ടം കാണാന്‍, തൊഴാന്‍വന്നവര്‍ നില്‍ക്കുന്നുണ്ട്. കൂട്ടത്തില്‍ പുതിയവനും; എട്ടാമനുമായ കൂട്ടി, തൊഴാന്‍വന്നവരുടെ കൂട്ടത്തിലുള്ള കുട്ടികളെയൊക്കെ കൈകാട്ടി വിളിച്ചു.
“വരൂ…. ഉണ്ണീ…. കൂടെ ഓടിക്കോളൂ…”
കേള്‍ക്കേണ്ടതാമസം, രക്ഷിതാക്കളുടെ കൈകള്‍ കുടഞ്ഞെറിഞ്ഞ് കുട്ടികള്‍ ഓടിത്തുടങ്ങി.
“അയ്യോ…! മോനതാ പോയി…!”
“മോളേ… നില്‍ക്കൂ…” എന്നൊക്കെ ആര്‍ത്ത്, രക്ഷിതാക്കളും ഓടിത്തുടങ്ങി.
കുട്ടികള്‍ രണ്ടാമത്തെ ചുറ്റ് ഓടിയെത്തിയപ്പോഴേയ്ക്കും ഏഴ് കുട്ടികള്‍; കറുത്ത കുട്ടി അടക്കം എട്ടായതും കഴിഞ്ഞ്, വലിയൊരു സംഘമായി മാറിക്കഴിഞ്ഞിരുന്നു!
ഭട്ടതിരിപ്പാടും വിചാരണക്കാരും അന്തംവിട്ടുനില്‍ക്കുകയാണ്.
ശാന്തിക്കാരന്‍, ഭട്ടതിരിപ്പാടിനോട് ചോദിച്ചു.
“അല്ലാ… ഇതിപ്പൊ എത്രവട്ടം ഓടാനാ പറഞ്ഞത്!?”
“ഏഴ്….”
“അവര് ഏഴില് നിര്‍ത്തുംന്ന് തോന്ന്ണ്‌ണ്ടോ….!?”
ഭട്ടതിരിപ്പാട് തളര്‍ന്നു. കുട്ടികളുടെ ഓട്ടം കണ്ടിട്ട് അവര്‍ക്കീ ‘ശിക്ഷക്കളി’ ഇഷ്ടപ്പെട്ടമട്ടുണ്ട്. അവര് എഴുപത് ചുറ്റ് ഓടിയാലും നിര്‍ത്തുമെന്ന് തോന്നുന്നില്ല.!
‘ഇനീപ്പോ എന്താ ചെയ്യാ…..! കൂടെ ഓടണ രക്ഷിതാക്കളെങ്ങാന്‍ ഇനി തലകറങ്ങിവീഴാഞ്ഞാ മതിയായിരുന്നു.’
ഇത്രയുമായപ്പോഴേയ്ക്കും കുട്ടികള്‍ മൂന്നാംവട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കൂടെ ഓടുന്നവരുടെ എണ്ണവും കൂടിക്കൂടിവരികയാണ്.
ശാന്തിക്കാരന്‍ വിചാരണസംഘത്തോടും ഭട്ടതിരിയോടുമായി ചോദിച്ചു.
“അതേയ്…. ആ കറുത്ത കുട്ടി ആരാ…?”
ഭട്ടതിരി പറഞ്ഞു.
“ആ കുട്ടി ശരിക്കും പഴം തിന്നാത്ത കുട്ട്യാ…. ആ കുട്ടി എന്തിനാണാവോ ഓടണ്! ആ മനിശ്ശീരീന്ന് വന്ന നമ്പൂരീം ഓട്ണ് ണ്ടല്ലോ…! അതെന്തിനാണാവോ…!?”
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.