‘ഈ ഏഴ്, ഏഴുലോകം എന്നായിരിക്കും. സപ്തസാഗരവുമാവാം. ഒമ്പത്, നവഗ്രഹങ്ങളാവുമോ!? നവപാഷാണം, നവരാത്രി…. അമ്പലമായതുകൊണ്ട് ശിക്ഷയ്ക്കുപോലും ഒരു ശാസ്ത്രം കാണും!?’ എന്ന് മനസ്സിലോര്‍ത്ത് മനിശ്ശീരിനമ്പൂതിരി നിന്നു.
“ഇവര് ഏഴുപേരല്ലേ… അപ്പൊ ഏഴുചുറ്റ് ഓടട്ടെ.” ഭട്ടതിരിപ്പാട് വിധി പ്രസ്താവിച്ചു.
എല്ലാവരും സമ്മതിച്ചു.
‘ഏഴ്.’
‘അപ്പൊ ഏഴ് ലോകം, ഏഴ് സാഗരം, സപ്തസ്വരം…’ മനിശ്ശീരിനമ്പൂതിരിയും ചിന്തിച്ചു.
കുട്ടികള്‍, ഒരു തീരുമാനം വരാനെന്നപോലെ കാത്തുനില്‍ക്കുകയാണ്. എന്തായാലും ഓടിക്കളിയാണ്. വിശപ്പുമാറണം; അഥവാ, വിശപ്പ് ഓര്‍മ്മവരരുത്. അത് അമ്പലത്തിന് പുറത്തോടിയാലെന്താ അകത്തോടിയാലെന്താ…!
“എന്നാ ഓട്ടം തുടങ്ങിക്കോളൂ…” ഭട്ടതിരിപ്പാട് പറഞ്ഞു.
കുട്ടികള്‍ ഓടാന്‍തുടങ്ങി. പെട്ടെന്ന്, പുറത്തുനടക്കുന്ന ഇതൊന്നും അറിയാതിരുന്ന ശാന്തിക്കാരന്‍, ശ്രീകോവിലില്‍ ഒരു അശരീരി കേട്ടു.
“പായസം എട്ക്കാന്‍ വരട്ടേട്ടോ… ഞാനിപ്പൊ വരാം…”
ശാന്തിക്കാരന്‍ ഒന്നു തരിച്ചു!
‘അതാരാ പറഞ്ഞത്!?’ എന്ന്, ഒന്ന് അന്തിച്ചപ്പോഴേയ്ക്കും, ചുമലില്‍ ആരോ പിടിച്ച്, ശ്രീകോവിലില്‍നിന്നും ഇറങ്ങിയോടിയപോലെ!
പുറത്തേയ്ക്കുനോക്കിയപ്പോള്‍ ഒരു കറുത്തുരുണ്ട കുട്ടി ഓടിപ്പോകുന്നതു കണ്ടു. പോകുന്ന പോക്ക് കണ്ടിട്ട് ശ്രീകോവിലില്‍നിന്നും ഇറങ്ങിയോടിയപോലെയാണ്!
‘എന്താപ്പൊ ഈ സംഭവങ്ങളൊക്കെ!’ എന്ന് ഓര്‍ത്ത്, പുറത്തേയ്ക്ക് നോക്കിയ ശാന്തിക്കാരന്‍ കാണുന്ന കാഴ്ച, അഞ്ചെട്ട് കുട്ടികളുടെ ഒരു സംഘം ചുറ്റമ്പലത്തില്‍ ഓടുന്നു! കറുത്തുതടിച്ച; ഇപ്പൊ കണ്ട കുട്ടി, ആ സംഘത്തോടൊപ്പം ചേര്‍ന്ന്, കൂടെ ഓടുന്നു.
“പായസം എടുക്കാന്‍ വരട്ടേ… ഞാനിപ്പൊ വരാം….” എന്നല്ലേ അശരീരിയില്‍ കേട്ടത്!?
എന്നാപിന്നെ തത്ക്കാലം നേദ്യം അടച്ച ഇലച്ചീന്ത് അങ്ങനെത്തന്നെ ഇരിക്കട്ടെ. പുറത്തെന്താ നടക്കുന്നതെന്ന് ഒന്ന് നോക്കീട്ടുവരാം.. എന്നു തീരുമാനിച്ച്, ശാന്തിക്കാരന്‍ നട പതുക്കെ ചാരി പുറത്തുകടന്നു.
എന്തോ ഓര്‍ത്തുനിന്ന മനിശ്ശീരിനമ്പൂതിരി പെട്ടെന്ന് കുട്ടികളുടെ കൂടെ ഓടാന്‍തുടങ്ങി.
കുട്ടികള്‍ നല്ല ഉഷാറില്‍ ഓടുകയാണ്. അപ്രതീക്ഷിതമായി കിട്ടിയ പുതിയ കൂട്ടുകാരനെ അവര്‍ക്കൊക്കെ ബോധിച്ചിട്ടുണ്ട്. ഓട്ടത്തിനിടയില്‍ ഇവര്‍ പരിചയപ്പെട്ടു.
“നിങ്ങളെന്തിനാ ഇങ്ങനെ ഓടണ്…?” പുതുതായി സംഘത്തില്‍ചേര്‍ന്ന കറുത്ത കുട്ടി ചോദിച്ചു.
“പഴം തിന്നേന്”
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.