‘കക്കുക’ എന്ന ഒന്ന് ആലോചിച്ചിട്ടേ ഇല്ലാത്ത കുട്ടികള്‍ തലതാഴ്ത്തി. കണ്ണനോട് ചോദിച്ചിട്ടെടുത്ത പണമാണ്. കള്ളന്‍മാരായിരുന്നെങ്കില്‍, ‘എടുത്തിട്ടില്ല’ എന്നുപറഞ്ഞ് രക്ഷപ്പെടാനല്ലേ നോക്കുക!
മനിശ്ശീരിക്കാരന്‍ നമ്പൂതിരി ഉള്ളില്‍ ചിരിച്ചു.
‘കണ്ണന്റെ പ്രായത്തിലുള്ള കുട്ടികളോടാണ് ചോദ്യം! ഇത്ര കുട്ടിക്കാലത്തന്നെ നിങ്ങളെ കക്കാന്‍ പഠിപ്പിച്ചതാരാ….?ന്ന്. കണ്ണന്‍ കേക്കണ്ട! വെണ്ണയും പാലുമൊക്കെ കക്കാന്‍ കണ്ണനെ ആരെങ്കിലും പഠിപ്പിച്ചതാണോ….!’
ആള്‍ക്കൂട്ടത്തിലെ അടുത്ത വക്കീല്‍ അടുത്ത വിചാരണ നടത്തി.
“ഇത് അമ്പലമാണ്. ഒരുതരത്തിലുള്ള കള്ളത്തരവും ഇവിടെ പറ്റില്ല…”
ഇത്തവണ മനിശ്ശീരിനമ്പൂതിരി മാത്രമല്ല… ശ്രീകോവിലിനുള്ളില്‍നിന്നും കണ്ണനും ചിരിച്ചു. പുറത്തു നടക്കുന്നതൊന്നുമറിയാതെ, ശാന്തിക്കാരന്‍, പായസം ഇലച്ചീന്ത് വെച്ചടച്ച് നേദ്യവുമായി ശ്രീകോവിലില്‍ വന്നു.
ആള്‍ക്കൂട്ടം കൂടിയാലോചിച്ചു.
“അമ്പലത്തിന്റെ മൊതല് കക്ക്വാ..! എന്നിട്ടതുകൊണ്ട് പഴം വാങ്ങിത്തിന്ന്വാ…! ഇത് ഇന്നത്തോടെ അവസാനിപ്പിക്കണം.” ഒരാള്‍ പറഞ്ഞു.
ഒരാള്‍ പറഞ്ഞു. “ചീത്തപറഞ്ഞു വിട്ടാ മതി. കുട്ടികളല്ലേ… പേടിപ്പിച്ചു നോക്ക്വാ… പറ്റിയില്ലെങ്കില്‍മാത്രം ശിക്ഷിച്ചാ മതി.”
മറ്റൊരാള്‍ അല്‍പ്പംകൂടി കാര്‍ക്കശ്യക്കാരനാണ്.
“അത് പറ്റില്ല. ഇനി എന്തെങ്കിലും കക്കാന്‍ ആലോചിക്കുമ്പോഴെ മനസ്സിലൊരു പേടി വരണം. അതിന് ശിക്ഷതന്നെ വേണം.”
മനിശ്ശീരിനമ്പൂതിരി വീണ്ടും ചിരിച്ചു.
‘അമ്മ ഉരലില്‍ കെട്ടിയിട്ടിട്ടുകൂടി നന്നാവാത്ത കണ്ണന്റെ മുന്നില്‍ നിന്നിട്ടുതന്നെ വേണം ഈ ജാതി ഗീര്‍വാണം!’
“ഒരു കാര്യം ചെയ്യാം. കട്ടുതിന്നത് ഒന്ന് ദഹിക്കട്ടെ. അമ്പലത്തിനുചുറ്റും ഇവരെ കുറച്ചോടിക്കാം. എന്താ…?” ഭട്ടതിരി പൊതു അഭിപ്രായത്തിന് കാത്തു.
“അതുമതി. എത്രവട്ടം ഓടിക്കണം….?” ഒരാള്‍ക്ക് തിരക്കായി.
“മൂന്നുവട്ടമായാലോ….?”
‘മൂന്നുവട്ടം! ത്രിമൂര്‍ത്തീസങ്കല്‍പ്പമാവും ഈ മൂന്നിന്റെ കാരണം.’
മനിശ്ശീരി നമ്പൂതിരി ഓര്‍ത്തു.
“മൂന്ന് പോരാ… അഞ്ചായിക്കോട്ടെ.” എന്ന് അടുത്ത വിദ്വാന്‍.
‘അഞ്ചോ…! അപ്പൊ പഞ്ചഭൂതങ്ങളായിരിക്ക്യോ ഈ കണക്കിന്റെ അടിസ്ഥാനം…?’
മനിശ്ശീരിനമ്പൂതിരി ഉള്ളില്‍ ചിരിച്ചുകൊണ്ടേഇരുന്നു.
“അഞ്ചിലൊന്നും ഈ വിരുതന്‍മാര് തളരില്ല. ഏഴോ ഒമ്പതോ ഒക്കെ വേണ്ടിവരും.” മറ്റൊരാള്‍.
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.