കുട്ടികള്‍, നല്ല വീടുകളിലെ; നല്ലപോലെ അച്ചടക്കത്തില്‍ വളര്‍ന്ന കുട്ടികളായതുകൊണ്ട് ഒരെതിര്‍പ്പുംകൂടാതെ വിളിച്ചിടത്ത് ചെന്നു. മുതിര്‍ന്നവര്‍ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്ന കുട്ടികളായിരുന്നു.
“നിങ്ങളേക്കുറിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ….”
കുട്ടികള്‍ ആലോചിച്ചു. ‘ഭാഗ്യം! നേരിട്ട് കണ്ടിട്ടില്ല. കേട്ടറിഞ്ഞ കഥയാണ്. അപ്പൊ കനം കുറയും.’ കുട്ടികള്‍ ഒന്നും മിണ്ടിയില്ല. ഭട്ടതിരി എല്ലാവരേയും ഒന്നുഴിഞ്ഞുനോക്കി.
“നിങ്ങള് മഞ്ചാടിപ്പാത്രത്ത്ന്ന് പണം എടുത്തോ….?”
പണം എടുത്ത കുട്ടി കൈപൊക്കി സത്യസന്ധമായിത്തന്നെ മറുപടി പറഞ്ഞു.
“എടുത്തു”
‘എന്തിനാ പേടിക്കുന്നത്! കണ്ണനോട് സമ്മതം വാങ്ങിയിട്ടല്ലേ എടുത്തത്. കണ്ണന്റെ പൈസ, കണ്ണന്‍തന്നെ സമ്മതംതന്ന് എടുക്കുന്നതിന്, പട്ടേരിക്കെന്താ കുഴപ്പം!?’ എന്നാണ് കുട്ടിയുടെ മനസ്സില്‍.
“ഇതാദ്യമായിട്ടാണോ എടുക്കുന്നത്?”
ഇതിനുമുമ്പ് നാണയം വിരലില്‍തടഞ്ഞ കുട്ടി കൈപൊക്കി.
“അല്ല….”
“അപ്പൊ എന്നോട് പരാതി പറഞ്ഞവര്‍ പറഞ്ഞത് വെറുതെയല്ല. നിങ്ങളിത് സ്ഥിരം പരിപാടി ആണെന്നു പറയുന്നു….” ഭട്ടതിരി തുടര്‍ന്നു.
മൂന്നാമന്‍ കൈപൊക്കി, മറ്റ് രണ്ട് പേരേയുംപോലെത്തന്നെ സത്യസന്ധമായി പറഞ്ഞു.
“സ്ഥിരം പരിപാടിയല്ല. നേദ്യൊന്നും കിട്ടാത്ത ദിവസം മാത്രം.”
“ഓഹോ….! എന്നിട്ട് നിങ്ങളാ പണം എന്തുചെയ്തു?”
മൂത്തകുട്ടി കാര്യങ്ങള്‍ ഏറ്റെടുത്തു.
“പഴം വാങ്ങിത്തിന്നു.”
അപ്പോഴേയ്ക്കും കുറച്ചാളുകള്‍ കൂടി. മിക്കവരുടേയും മുഖത്ത് കുട്ടികളെ ശിക്ഷിക്കാനൊരു കാരണം കിട്ടിയതിന്റെ സന്തോഷമായിരുന്നു. കൂട്ടത്തിലൊരാള്‍മാത്രം കുട്ടികളുടെ കുറുമ്പും രസികത്തങ്ങളും കാണാന്‍വേണ്ടി വന്നുനിന്നിരുന്നു. നാല്‍പത്തൊന്നുദിവസം കുളിച്ചുതൊഴാന്‍വേണ്ടി, മനിശ്ശീരിയില്‍നിന്നും വന്ന ഒരു നമ്പൂതിരിയായിരുന്നു അത്.
ആള്‍ക്കൂട്ടം കുട്ടികളെ വിസ്താരം തുടര്‍ന്നു.
“ഇത്ര കുട്ടിക്കാലത്തന്നെ നിങ്ങളെ കക്കാന്‍ പഠിപ്പിച്ചതാരാ….!?”
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.