അമ്പലത്തിന് പുറത്തുകടന്നതും കുട്ടികള്‍ നേരെ, അടുത്തുള്ള വാഴക്കൃഷിക്കാരന്റെ തോട്ടത്തിലേയ്‌ക്കോടി. കൃഷിക്കാരനും ഇതേ പഞ്ഞവും ദാരിദ്ര്യവും അനുഭവിക്കുന്നവനായിരുന്നു. തോട്ടത്തിലെ മൂപ്പായ ഏതെങ്കിലും കുല വെട്ടിവെച്ച് പഴുപ്പിച്ച്, അതിലെ പഴങ്ങള്‍ ചില്ലറയായി വില്‍ക്കുന്ന ഒരു സമ്പ്രദായം കുറച്ചുകാലമായി ഇദ്ദേഹം തുടര്‍ന്നുപോന്നിരുന്നു. കുട്ടികള്‍, അന്ന് കയ്യില്‍ത്തടഞ്ഞ നാണയം കൃഷിക്കാരന് കൊടുത്ത്, അതിന് കിട്ടുന്ന കണക്കില്‍ പഴം വാങ്ങി. അഞ്ച് വാഴപ്പഴമാണ് കിട്ടിയത്.
‘നമ്മള്‍ എട്ടുപേരുണ്ട്.’ കുട്ടികള്‍ കണക്കെടുത്തു.
ഈ എട്ടാമന്‍ മറ്റാരുമല്ല. അമ്പലത്തിനുള്ളില്‍ പുഷ്ടിയായി വെണ്ണയുണ്ടിരിക്കുന്ന കണ്ണന്‍തന്നെ! കുട്ടികള്‍ ആദ്യം, കൂട്ടത്തിലെ ഏറ്റവും വലുതും നന്നായി പഴുത്തതുമായ ഒരു പഴം കണ്ണനായി മാറ്റിവെച്ചു. ബാക്കി നാലെണ്ണം ഏഴ്‌പേര്‍ ഒരുവിധം തുല്യമായി പങ്കുവെച്ച് തിന്നു. പഴം ഓരോ കഷ്ണം തിന്ന്, കുറച്ച് വെള്ളവും കുടിച്ച് കയ്യും കാലും മുഖവും അമ്പലക്കുളത്തില്‍നിന്നുമൊന്നു കഴുകി, കുട്ടികള്‍ വീണ്ടും അമ്പലത്തിനുള്ളിലെത്തി. നേരെ നടയ്ക്കല്‍ചെന്ന്, പഴം കണ്ണന്റെ മുന്നില്‍വെച്ചു.
തൊഴലും; ‘ആരും കാണരുതേ’ എന്ന പ്രാര്‍ത്ഥനയും, നാണയം ഒളിച്ചുകടത്താന്‍ സമ്മതം ചോദിക്കലുമൊക്കെ വളരെ നേരത്തേതന്നെ മനസ്സില്‍ നടത്തിയിരുന്നതുകൊണ്ട്, പഴം നടയ്ക്കല്‍വെയ്ക്കലും തിരിഞ്ഞുനടക്കലും കഴിഞ്ഞു.
എന്നാല്‍, പുറത്തുകടന്ന് ചുറ്റമ്പലമെത്തിയപ്പോഴുണ്ട്, ഇവരെ കാത്ത് അമ്പലത്തിന്റെ കാര്യങ്ങളെല്ലാം നോക്കുന്ന ഭട്ടതിരി നില്‍ക്കുന്നു. കുട്ടികള്‍ ഒന്നു പേടിച്ചു. ഭട്ടതിരി തങ്ങളെ നോക്കുന്ന നോട്ടത്തില്‍ ഒരു പന്തികേടുണ്ട്. ഭട്ടതിരി അമ്പലത്തിന്റെ കാര്യത്തില്‍ ആവശ്യത്തിലധികം കണിശക്കാരനാണ്. ഒരു കണ്ണ് കുറച്ച് ചെറുതായതിനാല്‍, കണ്ടാല്‍ ക്രൂരനാണെന്ന് തോന്നും. ചെറിയ കോങ്കണ്ണുള്ളപോലെയും തോന്നും. നല്ല കറുത്ത നിറമുള്ള ദേഹവും. എന്തുകാര്യത്തിലും ഇടപെട്ട്, ‘അത് ചെയ്യരുത്… ഇത് ചെയ്യരുത്…’ എന്ന് പറഞ്ഞ് ഒച്ച വെക്കുന്ന ഈ ഭട്ടതിരിയെ, രഹസ്യമായി കുട്ടികള്‍ വിളിക്കുന്ന പേര്, ‘കാക്കക്കൊറവന്‍ പട്ടേരി’ എന്നാണ്.
കൂട്ടത്തിലെ ഒരു കുട്ടി ശബ്ദം താഴ്ത്തി ഒന്നുമറിയാത്തഭാവത്തില്‍ ബാക്കി സംഘാംഗങ്ങളോടായി പറഞ്ഞു.
“പറ്റിച്ചൂന്നാ തോന്നണ്.! ‘കാക്കക്കൊറവന്‍’ നമ്മളെ പിടിക്കാന്‍ നിക്കണപോലെണ്ട്!”
ഒരാള്‍ മറുപടി കൊടുത്തു.
“കാക്കക്കൊറവന്‍ നമ്മള് കാശ് എട്ക്കുമ്പൊ അവിടെണ്ടായിരുന്നു. അപ്പറത്തയ്ക്കാ നോക്കണ് എന്നായിരുന്നു ഞാന്‍ വിചാരിച്ച്. കണ്ണങ്ങന്യായോണ്ട് ചെലപ്പൊ നമ്മള്യാവോ….. നോക്കീട്ട്ണ്ടാവ്വാ….!?”
കാക്കക്കുറവന്‍ഭട്ടതിരി കുട്ടികളെ കൈകാട്ടി വിളിച്ചു.
“വരൂ… എല്ലാവരും വരൂ….”
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.