‘അമ്പലത്തില്‍നിന്നും ഒന്നും കിട്ടിയില്ലെങ്കിലും സാരമില്ല… ഉച്ചയ്ക്ക് വീട്ടില്‍ പോയി ഊണ് കഴിക്കാം’ എന്ന് വിചാരിക്കാനും നിവൃത്തിയില്ല. കാരണം, നാട്ടിലാകെ ക്ഷാമകാലമാണ്. വീട്ടില്‍ ഒന്നുമുണ്ടാവില്ല. വൈകുന്നേരം വീട്ടില്‍ കഞ്ഞിവെള്ളംപോലെ, ഇച്ചിരി കഞ്ഞി കിട്ടിയാലായി എന്നുമാത്രം.
അങ്ങനെ, പ്രതീക്ഷിച്ച് ഓടിക്കേറിവന്ന ഒരുദിവസം, ഒന്നും കിട്ടാതെ കുട്ടികള്‍ പരസ്പരം നോക്കി. എന്തുകിട്ടിയാലും ഏഴാളുംകൂടി ഒപ്പം പങ്കുവെയ്ക്കാം എന്നൊക്കെ പറഞ്ഞുറപ്പിച്ചായിരുന്നു അമ്പലത്തില്‍ കയറിയത്. അപ്പോഴാണ് അറിയുന്നത് ഇന്ന് ഒന്നുമില്ലെന്ന്.
കൂട്ടത്തിലെ ഇളയകുട്ടി മൂത്തകുട്ടിയ ഒന്നുനോക്കി.
ആ നോട്ടത്തിന്റെ അര്‍ത്ഥം… ‘എന്നാ പിന്നെ നമ്മക്കാ പണി ചെയ്യുകയല്ലേ….?’ എന്നാണ്.
അതായത്, ഇതിനുമുമ്പും ഇത്തരം അവസരങ്ങളില്‍ ഇവരാ പണി ചെയ്തിട്ടുണ്ടെന്ന് സാരം. മൂത്തകുട്ടി ബാക്കി സംഘാംഗങ്ങളെ ഒന്നുനോക്കി. ഏവര്‍ക്കും സമ്മതം. ‘വേറെ വഴിയൊന്നുമില്ലെങ്കില്‍പിന്നെ… അതുചെയ്യാം…’ എന്ന ഭാവമാണ് ബാക്കി ഉള്ളവര്‍ക്ക്.
അങ്ങനെ, സംഘാംഗങ്ങള്‍ എല്ലാവരും പരസ്പരം നോട്ടങ്ങളിലൂടെ സമ്മതമാണെന്നുറപ്പിച്ചതും, മുതിര്‍ന്ന കുട്ടി, നടയ്ക്കുനേരെവെച്ച വലിയ ഓട്ടുപാത്രത്തിനുനേരെ നടന്നു. ഓട്ടുപാത്രത്തില്‍ കുന്നിക്കുരുവും മഞ്ചാടിയുമാണ്. ഗുരുവായൂരമ്പലത്തില്‍ ഉണ്ണികളെ തൊഴുകിച്ചതിനുശേഷം അവരുടെ അച്ഛനമ്മമാര്‍ ഉണ്ണികളേക്കൊണ്ട് ഈ മഞ്ചാടിയും കുന്നിക്കുരുവും വാരിക്കാറുണ്ട്. പച്ചച്ചാണകത്തിന് തീ പിടിച്ചപോലിരിക്കുന്ന കുട്ടികള്‍ നല്ല ‘പകിരികളാ’വാന്‍ ഈ കുന്നിക്കുരുവാരല്‍ ഗുണം ചെയ്യുമെന്നാണ് വിശ്വാസം.
കുട്ടികള്‍ക്ക് വികൃതി കൂടാന്‍ മഞ്ചാടിയും കുന്നിയും വാരാന്‍വേണ്ടിവെച്ച പാത്രത്തിനടുത്ത് നമ്മടെ കുട്ടിസംഘം എത്തി. എല്ലാവരും പാത്രത്തിന് ചുറ്റും കുനിഞ്ഞുനിന്ന് വികൃതി കൂട്ടാന്‍ തുടങ്ങി. ഉദ്ദേശമെന്താണെന്നുവെച്ചാല്‍; ഈ പാത്രത്തില്‍, കുന്നിക്കുരുവിനും മഞ്ചാടിക്കുമൊപ്പം ചിലര്‍ നാണയങ്ങള്‍ ഇടാറുണ്ട്. ഈ നാണയങ്ങളിലൊന്ന് അതിവിദഗ്ദ്ധമായി വിരലിനിടയില്‍ കുടുങ്ങിക്കിട്ടിയാല്‍ രക്ഷപ്പെട്ടു! അങ്ങനെ വാരുന്നതിനിടയില്‍ സംഘത്തിലെ ഒരു കുട്ടി നിവര്‍ന്നുനിന്നു. അബദ്ധത്തില്‍ വിരലിനിടയില്‍ കുടുങ്ങിപ്പോയ മഞ്ചാടിയും കുന്നിക്കുരുവും കുടഞ്ഞുകളയാനെന്ന നാട്യത്തില്‍, ആ കുട്ടി, കൈ രണ്ടും അശ്രദ്ധമെന്നമട്ടില്‍ കുടഞ്ഞു. വിരലിനിടയില്‍ കുടുങ്ങിയ നാണയം മുറുക്കിപ്പിടിച്ചാണ് ഈ, നാട്ടുകാര്‍ കാണാനുള്ള കുടയല്‍. ഒരാള്‍, കുനിഞ്ഞുനിന്നിടത്തുനിന്നും എണീറ്റതും, ഏവരും എഴുന്നേറ്റു. ഒരു നാണയം മതി കുട്ടികള്‍ക്ക്. എല്ലാവര്‍ക്കും ഓരോന്നുവീതം കിട്ടണം എന്ന അത്യാഗ്രഹമൊന്നുമില്ല. ഏതോ ഭക്തന്‍ കണ്ണനു സമര്‍പ്പിച്ച ഒരു നാണയം ആരും കാണാതെ എടുത്ത്, നാണയം വിരലിലുടക്കിയ കുട്ടി അമ്പലത്തിന് പുറത്തേയ്ക്ക് നടന്നു. പുറകേ പുറകേയായി ബാക്കി കുട്ടികളും അമ്പലത്തിന് പുറത്തേയ്ക്ക്. കുട്ടികളുടെ ഈ പോക്ക് കാണുന്ന ഒരാള്‍ കൃഷ്ണന്റെ യഥാര്‍ത്ഥ ഭക്തനെങ്കില്‍; അദ്ദേഹം പശുക്കളെ വളര്‍ത്തുന്നവനെങ്കില്‍…., ‘മുമ്പേ ഗമിച്ചീടിന ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം…’ എന്ന കവിതാഭാഗം ഇളംചിരിയോടെ ഓര്‍ക്കുമായിരുന്നു. അത്രയ്ക്ക് കൃത്യമായാണ് മുന്നിലെ കുട്ടിയെ പിന്‍തുടര്‍ന്ന് വരിവെച്ച് ബാക്കി കുട്ടികള്‍ അമ്പലത്തിന് പുറത്തേയ്ക്ക് പോയത്!
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.